ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി മിന്നൽ മുരളിക്ക് പാക്കപ്പ്. ഒരു വർഷവും ഏഴ് മാസവും മൂന്ന് ദിവസവും നീണ്ട ഷൂട്ടിങ്ങിനൊടുവിലാണ് മിന്നൽ മുരളിയുടെ ഷൂട്ടിങ് അവസാനിക്കുന്നത്. 2019 ഡിസംബർ 23നാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ഇതിനിടയിൽ പല പ്രതിസന്ധികളും ചിത്രത്തിന് ഉണ്ടായി. പല കാരണങ്ങളാൽ വാർത്തകളിൽ ഇടം പിടിച്ച സിനിമ ആയിരുന്നു മിന്നൽ മുരളി.
- " class="align-text-top noRightClick twitterSection" data="
">
ആലുവ ക്ഷേത്രത്തിന്‍റെ അരികിൽ ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കാൻ സിനിമ പ്രവർത്തകർ ഇട്ട ക്രിസ്ത്യൻ ദേവാലയത്തിന്‍റെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ തകർത്തിരുന്നു. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് സിനിമക്ക് ഉണ്ടായത്. പിന്നീട് കാലവർഷം തുടങ്ങിയതിനാൽ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം സിനിമ പ്രവർത്തകർ തന്നെ സെറ്റ് പൊളിച്ച് മാറ്റിയിരുന്നു.
കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് സിനിമ ഷൂട്ടിങ് പാതിയിൽ നിന്നുപോയതും പിന്നീട് സെറ്റ് പൊളിച്ചുമാറ്റിയതുമുൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് നിർമാതാക്കൾക്ക് ഉണ്ടായത്. കഴിഞ്ഞ ദിവസം ഡി കാറ്റഗറിയിൽ നടത്തിയ ഷൂട്ടിങ് സിനിമ പ്രവർത്തകർ തടഞ്ഞതും വാർത്തയായിരുന്നു.
Also Read: ഡി കാറ്റഗറിയിൽ ഷൂട്ടിങ്; പ്രതിഷേധത്തെ തുടർന്ന് 'മിന്നൽ മുരളി' നിർത്തിവച്ചു
ഗോദയ്ക്ക് ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്.