ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വർഷാവർഷം സംഘടിപ്പിക്കുന്ന ഗോൾഡൻ ഗ്ലോബ് അവാർഡ് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുന്നത്. ഇപ്പോഴിതാ, 2022ലെ അവാർഡ് ചടങ്ങ് സംപ്രേഷണം ചെയ്യില്ലെന്ന് എൻബിസി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഗോൾഡൻ ഗ്ലോബ് അവാർഡ് സംഘാടക സമിതിയില്‍ വെളുത്ത വര്‍ഗക്കാര്‍ മാത്രമാണുള്ളതെന്നും കറുത്തവർഗക്കാരെ അവഗണിച്ചുകൊണ്ട് വംശീയ വിവേചനം തുടരുകയാണെന്നുമാണ് ആരോപണങ്ങൾ ഉയരുന്നത്.
യുഎസ് ചാനൽ എൻബിസിയുടെ നിലപാട്
ഹോളിവുഡ് സിനിമാ സ്റ്റുഡിയോകളുടെയും ബന്ധപ്പെട്ടവരുടെയും താൽപര്യത്തിന് അനുസരിച്ച് മാത്രമാണ് ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ (എച്ച്എഫ്‌പിഎ) പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിപാടി സംപ്രേഷണം ചെയ്യില്ലെന്ന എൻബിസിയുടെ തീരുമാനം. "അർഥവത്തായ പരിഷ്കരണത്തിന് എച്ച്എഫ്‌പിഎ പ്രതിജ്ഞാബദ്ധമായ നടപടികളെടുക്കും." വലിയ മാറ്റങ്ങൾ വരും കാലങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങളോടെ എച്ച്എഫ്‌പിഎയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് ടിവി ചാനൽ എൻബിസി പറഞ്ഞു. സമിതിയുടെ തീരുമാനങ്ങൾ മാറ്റിയാൽ 2023ൽ അവാർഡ് ചടങ്ങിന്‍റെ സംപ്രേക്ഷണം ഏറ്റെടുക്കുമെന്നും എൻബിസി കൂട്ടിച്ചേർത്തു.
More Read: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ നൊമ്പരമായി ചാഡ്‌വിക് ബോസ്‌മാന്‍
ഇതിന് മുമ്പ് ഹോളിവുഡ് നടന്‍ ടോം ക്രൂസും തനിക്ക് ലഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയിരുന്നു. ജെറി മഗ്വെയര്‍, ബോണ്‍ ഓണ്‍ ദി ഫോര്‍ത്ത് ഓഫ് ജൂലൈ ചിത്രങ്ങളിലൂടെ മികച്ച നടനും മഗ്നോളിയയിലൂടെ മികച്ച സഹനടനും ലഭിച്ച പുരസ്‌കാരങ്ങളാണ് ടോം ക്രൂസ് തിരിച്ചു നൽകുന്നത്. കൂടാതെ, നെറ്റ്ഫ്ലിക്‌സ്, ആമസോണ്‍ സ്റ്റുഡിയോസ്, വാര്‍ണര്‍ ബ്രദേഴ്‌സ് തുടങ്ങിയ നിർമാണ കമ്പനികളും എച്ച്എഫ്‌പിഎയുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന്‍റെ പിന്നാമ്പുറം
87 അംഗങ്ങൾ അടങ്ങുന്ന ഫോറിന്‍ പ്രസ് അസോസിയേഷനിൽ കറുത്ത വർഗക്കാരായ മാധ്യമപ്രവർത്തകരായി ആരുമില്ലെന്ന് ഒരു യുഎസ് മാധ്യമം രേഖകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഗോൾഡൻ ഗ്ലോബിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമാവുന്നത്. നടി സ്കാര്‍ലറ്റ് ജൊഹാന്‍സണും എച്ച്എഫ്‌പിഎക്കെതിരെ നിലപാട് എടുത്തിട്ടുണ്ട്.