സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച താരത്തിന്‍റെ കരിയറിലെ 250-ാം ചിത്രത്തിന്‍റെ പേര് അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. സുരേഷ് ഗോപിയുടെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രവും അതിലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായക കഥാപാത്രവും പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയുമായി സാമ്യമുള്ളതാണെന്ന പേരില്‍ വലിയ വിവാദങ്ങള്‍ ഉടലെടുക്കുകയും കേസ് കോടതി വരെ എത്തുകയും ചെയ്‌തിരുന്നു.
പുതിയ സുരേഷ് ഗോപി ചിത്രത്തിന് 'കടുവ' എന്ന തന്‍റെ പൃഥ്വിരാജ് ചിത്രത്തിന്‍റെ പേരും തിരക്കഥയും പകര്‍ത്തി തയ്യാറാക്കിയതാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്‍റെ പേര് കോപ്പിറൈറ്റ് ആക്‌ട് പ്രകാരവും, 'കടുവ'യുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകവും രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതായി ഹര്‍ജിക്കാരന്‍ കോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി സിനിമയുടെ ചിത്രീകരണം കോടതി വിലക്കി. കോടതി വിലക്ക് വന്ന ശേഷം കഴിഞ്ഞ ദിവസം പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുരേഷ് ഗോപി സിനിമയുടെ പുതിയ പോസ്റ്റര്‍ നിര്‍മാതാക്കളായ മുളകുപ്പാടം ഫിലിംസ് പുറത്തുവിട്ടത്. സുരേഷ് ഗോപി ചിത്രത്തിന്‍റെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പോസ്റ്ററിനൊപ്പം മുളകുപാടം ഫിലിംസ് കുറിച്ചത്. മുളകുപാടം ഫിലിംസ് നിര്‍മിച്ച് വലിയ നേട്ടങ്ങള്‍ കൊയ്‌ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ പുറത്തിറങ്ങി നാലുവര്‍ഷം തികയുന്ന വേളയിലാണ് സുരേഷ് ഗോപി ചിത്രത്തെ കുറിച്ചുള്ള പുതിയ വിശേഷം മുളുകുപാടം ഫിലിംസ് പങ്കുവച്ചിരിക്കുന്നത്. 'എല്ലാം നഷ്ടപ്പെട്ടവന്‍റെ കൈയ്യില്‍ ഒന്നേ വേണ്ടൂ ആയുധം... പക… നഷ്ടപ്പെടുത്തിയവനോട്, നശിപ്പിക്കാന്‍ വരുന്നവനോട്, ഒടുങ്ങാത്ത പക' ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. നവാഗതനായ മാത്യു തോമസാണ് സുരേഷ് ഗോപിയുടെ 250-ാം ചിത്രം സംവിധാനം ചെയ്യുന്നത്.