സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഒരു അളവുവരെ കാരണക്കാരാണെന്നാണ് ഭാഗ്യരാജ് പ്രസംഗത്തില്‍ പറഞ്ഞത്. മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പുതിയ തമിഴ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
'മൊബൈല്‍ ഫോണ്‍ വരുന്നത് വരെ സ്ത്രീകള്‍ നിയന്ത്രണത്തിലായിരുന്നു. ഇത് പറയാന്‍ എനിക്ക് വേദനയുണ്ട് പക്ഷേ ഇന്ന് എവിടെ നോക്കിയാലും മൊബൈലില്‍ മന്ത്രിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളെയാണ് കാണാന്‍ സാധിക്കുന്നത്. അവര്‍ എന്താണ് ഇത്ര സംസാരിക്കുന്നതെന്നാണ് എനിക്ക് അത്ഭുതം. സ്ത്രീകള്‍ വേണ്ടത്ര കരുതല്‍ എടുക്കാത്തതിനാലാണ് അവര്‍ക്ക് നേരെ ലൈംഗീകാതിക്രമങ്ങള്‍ നടക്കുന്നതെന്നും പുരുഷന്മാരെ മാത്രം അതില്‍ കുറ്റപ്പെടുത്താനാവില്ലെന്നും വിവാദമായ പൊള്ളാച്ചി പെണ്‍വാണിഭ വിഷയത്തോട് പ്രതികരിച്ച് ഭാഗ്യരാജ് പറഞ്ഞു.
പൊള്ളാച്ചി വിഷയത്തില്‍ ആണ്‍കുട്ടികളെ മാത്രം കുറ്റപ്പെടുത്താനാവില്ല. അവര്‍ ആ പെണ്‍കുട്ടികളുടെ ദൗര്‍ബല്യത്തെ മുതലെടുക്കുക മാത്രമാണ് ചെയ്തത്. സ്ത്രീകളാണ് അവര്‍ക്ക് അവസരം ഒരുക്കിക്കൊടുത്തത്. അത് വലിയ തെറ്റാണ്. പല സ്ത്രീകളുമായുള്ള ബന്ധം നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ പുരുഷന്മാര്‍ക്ക് കഴിയുമെന്നും എന്നാല്‍ സ്ത്രീകള്‍ക്ക് അതിന് കഴിവില്ലെന്നും' ഭാഗ്യരാജ് പറയുന്നു.
'ലൈംഗീകാത്രിക്രമങ്ങളില്‍ സ്ത്രീകള്‍ക്കും പ്രധാനമായ പങ്കുണ്ട്. മറ്റൊരു ബന്ധമുള്ള വിവാഹിതനായ പുരുഷന്‍ അവന്‍റെ ഭാര്യയെയും കാമുകിയെയും ഒരുപോലെ തന്നെ നോക്കും. എന്നാല്‍ മറ്റ് ബന്ധങ്ങളുള്ള വിവാഹിതയായ സ്ത്രീകള്‍ തന്‍റെ ജാരന് വേണ്ടി സ്വന്തം ഭര്‍ത്താവിനെയും മക്കളെയും വരെ കൊല്ലാന്‍ തയ്യാറാകുന്നുവെന്നും' ഭാഗ്യരാജ് പ്രസംഗത്തില്‍ പറഞ്ഞു.
പ്രസംഗത്തെ അവിടെയുണ്ടായിരുന്ന സദസ് കൈയ്യടിയോടെ സ്വീകരിച്ചെങ്കിലും താരത്തിന്‍റെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്. സദസില്‍ നിന്നുയര്‍ന്ന കയ്യടി ഭയപ്പെടുത്തുന്നതാണെന്നായിരുന്നു യൂട്യൂബില്‍ വൈറലായ വീഡിയോക്ക് താഴെ ചിലര്‍ കുറിച്ചത്.