സുരേഷ് ഗോപിയുടെ കാവൽ ചിത്രത്തിന്‍റെ റിലീസ് പ്രഖ്യപിച്ചു. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ രണ്ടിന് റിലീസിനെത്തും. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിവന്ന സുരേഷ് ഗോപിയുടെ കാവലിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ. താരത്തിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ടീസറിന് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. ആക്ഷൻ- ത്രില്ലറായി ഒരുക്കുന്ന മലയാള ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് നിതിൻ രഞ്ജി പണിക്കർ തന്നെയാണ്. അഭിനേതാവും നിർമാതാവും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകനാണ് നിതിൻ രഞ്ജി പണിക്കർ.
ഗുഡ്‌വിൽ എന്‍റർടൈമെന്‍റ്സിന്‍റെ ബാനറിൽ ബോബി ജോർജാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് ഗോപി തമ്പാൻ എന്ന കഥാപാത്രമായി എത്തുന്ന കാവലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷു ദിനത്തിൽ പുറത്തുവിടുമെന്ന് നിർമാതാവ് അറിയിച്ചു. ഒപ്പം, സിനിമയുടെ ടൈറ്റിൽ അന്വർഥമാകുന്ന തരത്തിൽ പുതിയൊരു സംരഭത്തിന് കൂടി തുടക്കം കുറിക്കുകയാണെന്ന് ജോബി ജോർജ്ജ് അറിയിച്ചു.
കേരളത്തിലെ കാൻസർ രോഗികൾക്കും കാൻസർ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും കൈത്താങ്ങാകുകയാണ് ഗുഡ്‌വിൽ എന്‍റർടെയ്‌ൻമെന്‍റ്സ്. കാവൽ ചിത്രം മുതൽ ഗുഡ്‌വിൽ പ്രൊഡക്ഷൻസിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന എല്ലാ ചിത്രങ്ങളുടെയും ലാഭവിഹിതത്തിന്‍റെ 10 ശതമാനം കേരളത്തിലെ കാൻസർ രോഗികൾക്ക് നൽകുമെന്ന് ജോബി ജോർജ്ജ് പറഞ്ഞു.
"കാവൽ മുതൽ ഗുഡ്‌വിൽ എന്‍റർടെയ്‌ൻമെന്‍റ്സ് കാവലായിരിക്കും. എന്നാൽ, ഇത് ജൂണിൽ റിലീസ് ചെയ്യുന്ന വെയിൽ ചിത്രത്തിന് ബാധകമല്ല." തുക അർഹതപ്പെട്ട കരങ്ങളിൽ തന്നെ എത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രത്തോട് കൂടി ഇമെയിൽ വഴി ബന്ധപ്പെടാമെന്നും ഓരോ സിനിമയുടെയും റിലീസ് ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ ഇമെയിൽ അയക്കണമെന്നും നിർമാതാവ് വിശദീകരിച്ചു.