ഹാസ്യവേഷങ്ങൾ ചെയ്‌ത് നായകനായി മാറിയ ഒരുപാട് നടന്മാർ മലയാള സിനിമക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഹാസ്യകഥാപാത്രമായി പ്രേക്ഷകന്‍റെ മനസിൽ ചിരപ്രതിഷ്‌ഠ നേടിയ ശേഷം, നായകനായും സഹതാരമായും സ്വഭാവനടനായും അമ്പരിപ്പിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. 1976 ജൂൺ 30ന് വെഞ്ഞാറമൂട് വാസുദേവൻ നായർ- വിലാസിനി ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ചു. സുരാജ് വാസുദേവൻ എന്നാണ് യഥാർത്ഥ പേര്. പട്ടാള ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. ജേഷ്‌ഠ സഹോദരൻ പട്ടാള ഉദ്യോഗസ്ഥനായിരുന്നതിനാൽ സുരാജും എസ്എസ്എൽസി പാസായതിനു ശേഷം സൈന്യത്തിൽ ചേരാനിരിക്കവെയാണ്, ഒരു അപകടം മൂലം അതു മുടങ്ങിയത്. തുടർന്ന് മെക്കാനിക്കൽ കോഴ്സ് പൂർത്തിയാക്കി. മിമിക്രിയും കോമഡി സ്‌കിറ്റുകളുമായി സജീവമായ സുരാജ് വെഞ്ഞാറമൂട് "ജഗപൊക" എന്ന ടെലിവിഷൻ ഹാസ്യപരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം ശൈലിയിലും മദ്യപാനിയായുമൊക്കെ അദ്ദേഹം അവതരിപ്പിച്ച സ്‌കിറ്റുകൾ വലിയ ജനപ്രീതി നേടി.
ജഗപൊക, അന്യർ, സേതുരാമയ്യർ സിബിഐ, അച്ചുവിന്‍റെ അമ്മ, ബസ് കണ്ടക്‌ടർ, രസികൻ തുടങ്ങി 2000ലെ ചിത്രങ്ങളിൽ സുരാജ് ചെറിയ വേഷങ്ങളും ഹാസ്യവേഷങ്ങളും ചെയ്‌തിട്ടുണ്ടെങ്കിലും 2006ൽ പുറത്തിറക്കിയ തുറുപ്പുഗുലാൻ, ക്ലാസ്മേറ്റ്സ് ചിത്രങ്ങൾക്ക് ശേഷം തിരക്കുള്ള ഹാസ്യതാരമായി അദ്ദേഹം വളർന്നു. 250ഓളം മലയാള ചലച്ചിത്രങ്ങളിലാണ് സുരാജ് അഭിനയിച്ചിട്ടുള്ളത്.
2005ൽ റിലീസിനെത്തിയ രാജമാണിക്യം സിനിമയിൽ മെഗാസ്റ്റാറിന് തിരുവനന്തപുരം ഭാഷാശൈലി പരിശീലിപ്പിച്ചത് സുരാജ് വെഞ്ഞാറമൂട് ആണ്. തസ്ക്കര ലഹള, ഡൂപ്ലിക്കേറ്റ്, ഗർഭ ശ്രീമാൻ ചിത്രങ്ങളിലൂടെ നായകനായി താരമെത്തി. ഷാഫി സംവിധാനം ചെയ്‌ത 2009ൽ പ്രദർശനത്തിന് എത്തിയ മെഗാസ്റ്റാർ ചിത്രം ചട്ടമ്പിനാടിലെ ദശമൂലം ദാമു മലയാളിയെ എക്കാലത്തും കുടുകുടാ ചിരിപ്പിക്കുന്ന കഥാപാത്രമാണ്. നായകനേക്കാൾ പ്രേക്ഷകർ ഏറ്റെടുത്തതും ചിത്രത്തിലെ സുരാജിന്‍റെ ഗുണ്ടാ വേഷമായിരുന്നു.
2009ലും 2010ലും കേരള സംസ്ഥാന സർക്കാരിന്‍റെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് സ്വന്തമാക്കി. ചിരിപ്പിക്കാൻ മാത്രമല്ല,കരയിക്കാനും തനിക്ക് അനായസമാണെന്ന് 2014ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി അദ്ദേഹം തെളിയിച്ചു. ഡോ.ബിജു സംവിധാനം ചെയ്‌ത പേരറിയാത്തവർ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അവാർഡ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്‍റെ പ്രതിനിധിയായിരുന്നു പേരറിയാത്തവരിൽ സുരാജ്. 2016ലെ ആക്ഷൻ ഹീറോ ബിജുവിൽ മുഴുനീള വേഷമല്ലായിരുന്നു സുരാജിന്‍റേത്. എന്നാൽ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയിൽ നിന്നും മകളെ തനിക്ക് വേണമെന്ന് ആവശ്യപ്പെടുന്ന പവിത്രൻ കാണികളുടെ കണ്ണു നിറച്ചു. സുരാജ് തികഞ്ഞ ഒരു നടനാണെന്ന് പ്രേക്ഷകൻ കുറിച്ചിട്ട അഭിനയമുഹൂർത്തമായിരുന്നു അത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. 2017ലെ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രത്തിലെ സുരാജിന്‍റെ കഥാപാത്രം വലിയ പ്രശംസ നേടി.2018ൽ റിലീസ് ചെയ്‌ത കുട്ടൻ പിള്ളയുടെ ശിവരാത്രിയിലെ കേന്ദ്ര കഥാപാത്രമായ പൊലീസ് കോൺസ്റ്റബിളിലൂടെ ലോക നിലവാരമുള്ള നടനായി താരം മാറുന്നത് മലയാളികൾ കണ്ടുനിന്നു.
2019 പൂർണമായും അദ്ദേഹത്തിന്‍റെ വർഷങ്ങളായിരുന്നു. രജിഷ വിജയന്‍റെ അച്ഛനായി ഫൈനൽസ്, ഭാസ്കര പൊതുവാളായി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, കുരുവിള ജോസഫ് എന്ന വെഹിക്കിള്‍ ഇന്‍സ്പെക്ടറായിഎത്തിയ ഡ്രൈവിംഗ് ലൈസൻസ്, സംസാരി ശേഷിയില്ലാത്ത എല്‍ദോയെ തിരശ്ശീലയിൽ എത്തിച്ച വികൃതി; തന്നിലെ നടനിലെ സാധ്യതകൾ പോയ വർഷം റിലീസ് ചെയ്‌ത ഈ ചിത്രങ്ങളിലൂടെ സുരാജ് കാണിച്ചുതന്നു.
ചിരിപ്പിക്കുക എന്നത് അത്ര അനായാസ കാര്യമല്ല. എന്നാൽ, സുരാജ് അത് ഭംഗിയായി ചെയ്‌തു. വേദനയും നിസ്സഹായതയും കാണുന്നവനിലേക്കും അനുഭവിപ്പിക്കുക എന്നതും ഒരു നടന്‍റെ പരിശ്രമത്തിന്‍റെ ഫലമാണ്. അതിലും സുരാജ് വെഞ്ഞാറമൂട് എന്ന ബഹുമുഖപ്രതിഭ വിജയം കണ്ടെത്തി.അതിനാലാണ്, ദശമൂലം ദാമുവിനെയും രാജപ്പനെയും കുട്ടൻപിള്ളയെയും ഭാസ്കര പൊതുവാളിനെയുമെല്ലാം പ്രേക്ഷകന് അത്രയേറെ പ്രിയങ്കരമായതും.