തിരുവനന്തപുരം: പ്രശസ്‌ത കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. ഇന്ന് രാവിലെ 10.52ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കവയിത്രിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സുഗതകുമാരി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കൊവിഡിനെ കൂടാതെ, ബ്രോങ്കോ ന്യുമോണിയയും ശ്വാസതടസവും നേരിടുന്നതിനാൽ ആരോഗ്യം വഷളായി വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്‌കാര ചടങ്ങുകൾ നടത്തുക. ഉച്ചയ്ക്ക് ഒരു മണി മുതൽ അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുൻപിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാം. അയ്യൻകാളി ഹാളിൽ ടീച്ചറുടെ കുടുംബാംഗങ്ങളുമുണ്ടാകും.
ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ തിങ്കളാഴ്‌ച ഉച്ചയോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
രാത്രിമഴ, അമ്പലമണി, മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ തുടങ്ങി നിരവധി സാഹിത്യകൃതികളുടെ രചയിതാവായ സുഗതകുമാരി, പത്മശ്രീ പുരസ്കാര ജേതാവും കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമാണ്. സാഹിത്യകാരിയെന്നതിന് പുറമെ, പരിസ്ഥിതി പ്രവർത്തകയായും സുഗതകുമാരി സുപരിചിതയാണ്.