ആസ്വാദകന് എസ്.പി.ബി ഒരു മാന്ത്രികനാണ്. ഈണം ചിട്ടപ്പെടുത്തിയും ഭാവുകത്വത്തോടെ ആലപിക്കുമ്പോഴുമെല്ലാം എസ്.പി. ബാലസുബ്രഹ്മണ്യം ഗാനങ്ങൾക്ക് പ്രത്യേക സൗന്ദര്യം നൽകുന്നു. തെന്നിന്ത്യയുടെ സ്വന്തം എസ്.പി.ബിയുടെ 54 വർഷങ്ങൾ നീണ്ട സംഗീതജീവിതത്തിൽ കൈവരിക്കാത്ത റെക്കോർഡുകളില്ല.
പദ്‌മശ്രീയും പദ്മഭൂഷണും ആറു പ്രാവശ്യം ദേശീയ പുരസ്‌കാരവും ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതിന് ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയ ഇതിഹാസ ഗായകൻ. റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നുള്ള ഗാനങ്ങൾ മാത്രമല്ല, വേദികളിൽ ലൈവായി പാടുമ്പോഴും ആരാധകന് സംഗീതം അനുഭവമാക്കി പകർന്നു നൽകുന്ന അതുല്യ പ്രതിഭയാണ് എസ്.പി.ബി. 1946 ജൂൺ നാലിന് ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിലാണ് അദ്ദേഹം ജനിച്ചത്. ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്നാണ് മുഴുവൻ പേര്. അച്ഛന്‍റെ ആഗ്രഹപ്രകാരം അനന്തപൂരിലെ ഒരു എൻജിനീയറിംഗ് കോളജിൽ പഠനമാരംഭിച്ചെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനെ തുടർന്ന് അവിടെത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നീട്, ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ ചേർന്നു. അവിടെ നിന്നും സംഗീതത്തിന്‍റെ വഴി തെരഞ്ഞെടുത്തതോടെ എസ്.പി.ബി പഠനം ഉപേക്ഷിച്ചു.
ചലച്ചിത്ര പിന്നണി ഗായകനാകുന്നതിന് മുമ്പ് അദ്ദേഹം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലാണ് ബാലസുബ്രഹ്മണ്യം ആദ്യമായി ഗാനാലാപിച്ചത്. പിന്നീട്, ഗായകനും സംഗീത സംവിധായകനായും നിർമാതാവായും സംഗീതലോകത്ത് സജീവമായ എസ്.പി.ബി പ്രിയമാണവളെ പോലുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും ചെയ്‌തിട്ടുണ്ട്. തമിഴ് ചിത്രങ്ങൾക്ക് പുറമെ തെലുങ്കു, കന്നഡ ഭാഷകളിലും സഹതാരമായി എസ്‌പിബിയെന്നും ബാലു എന്നും സ്നേഹപൂർവം അറിയപ്പെടുന്ന എസ്.പി. ബാലസുബ്രഹ്മണ്യം അഭിനയിച്ചു.
പല സിനിമകളിലെയും ടൈറ്റിൽ ഗാനങ്ങൾ പാടിയിട്ടുള്ള ബാലസുബ്രഹ്മണ്യം മിക്ക സംവിധായകരുടെയും ഭാഗ്യ ഗായകൻ കൂടിയാണ്. ഏറ്റവും കൂടുതൽ ഗാനങ്ങൾ, അതായത് പ്രതിവർഷം ശരാശരി 930 പാട്ടുകൾ പാടി ഗിന്നസ് ബുക്കിലും അദ്ദേഹം സ്ഥാനം പിടിച്ചു. ഇങ്ങനെ ഒരു ദിവസം ഏകദേശം മൂന്ന് ഗാനങ്ങളുടെ പിന്നണി ഗായകനായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം. 12 മണിക്കൂറിനുള്ളിൽ 21 ഗാനങ്ങളാണ് കന്നഡ സംഗീത സംവിധായകൻ ഉപേന്ദ്ര കുമാറിനായി അദ്ദേഹം ആലപിച്ചത്. തമിഴിൽ ഒരു ദിവസം കൊണ്ട് 19 ഗാനങ്ങളും ഹിന്ദി ഭാഷയിൽ 16 ഗാനങ്ങളും അദ്ദേഹം ആലപിച്ചു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി 40,000ലധികം ഗാനങ്ങളുടെ ശബ്‌ദമായി എസ്.പി.ബി മാറി.
സിനിമകളിൽ മാത്രമല്ല, നിരവധി ആൽബങ്ങളിലൂടെയും അദ്ദേഹത്തിന്‍റെ മാന്ത്രികത ആസ്വാദകൻ അനുഭവിച്ചറിഞ്ഞതാണ്. മലരേ മൗനമാ, ശങ്കരാ, പതിനെട്ട് വയതു, നെഞ്ചേ നെഞ്ചേ, ഒരു കടിതമെഴുതിനേ, ദർബാറിലെ ചുമ്മാ കിഴി തുടങ്ങിയവ അതുല്യ ഗായകൻ അവിസ്‌മരണീയമാക്കിയവയിൽ ചിലതാണ്. കിലുക്കം, അനശ്വരം, രാംജി റാവു സ്പീക്കിങ് തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ കേരളത്തിന്‍റെയും പ്രിയഗായകനായി മാറി എസ്.പി.ബി.
ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ എസ്.പി.ബി ഗാനഗന്ധർവൻ കെ.ജെ യേശുദാസിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കലാകാരനാണ്. ഇതിൽ തെലുങ്കു ഭാഷയിലാണ് മൂന്നു തവണയും പുരസ്‌കാര ജേതാവായത്. തമിഴ്, കന്നഡ, ഹിന്ദി ഗാനങ്ങൾക്കും അദ്ദേഹം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ഈശ്വര സാന്നിധ്യം അടുത്തറിയുന്നതു പോലെയാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ ഗാനങ്ങൾ എന്നാണ് ആരാധകർ പറയാറുള്ളത്. ഇന്ന് അദ്ദേഹത്തിന്‍റെ 74-ാം ജന്മദിനത്തിൽ കെ. എസ്. ചിത്ര ഉൾപ്പടെ നിരവധി പ്രമുഖർ ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്.