ശിവകാർത്തികേയൻ ചിത്രം ഡോക്ടറിന്‍റെ റിലീസ് മാറ്റിവെച്ചു. തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണ് സിനിമയുടെ റിലീസ് നീട്ടിയത്. ഈ മാസം 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചത്. എന്നാൽ, ഏപ്രിൽ ആറിന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ റിലീസ് മാറ്റിവെക്കുന്നതായി നിർമാതാക്കൾ പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കി.
പുതിയ റിലീസ് തിയതി ഉടനെ അറിയിക്കുമെന്നും ഡോക്‌ടറിന്‍റെ ആദ്യ ദിവസം മുതൽ പ്രേക്ഷകർ നൽകിയ പിന്തുണക്ക് വളരെ നന്ദിയുണ്ടെന്നും നിർമാതാക്കൾ പറഞ്ഞു.
കൊലമാവ് കോകിലയിലൂടെ സുപരിചിതനായ നെൽസൺ ദിലീപ്കുമാറാണ് ഡോക്ടർ സംവിധാനം ചെയ്യുന്നത്. പ്രിയങ്ക അരുൾ മോഹൻ നായികയാകുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന തമിഴ് ചിത്രം അവയവക്കടത്തിനെയാണ് പ്രമേയമാക്കുന്നത്.