ലോക്ക് ഡൗൺ കരുതലിന്‍റെയും പരസ്‌പരമുള്ള സഹകരണത്തിന്‍റെയും സ്‌നേഹത്തിന്‍റെയും കൂടി കാലമാണ്. മലയാളിയുടെ പ്രിയപ്പെട്ട ഗായകൻ വിധുപ്രതാപിന് ലഭിച്ച അനുഭവവും അത്തരത്തിലൊന്നാണെന്ന് തന്നെ പറയാം. അപ്രതീക്ഷിതമായി എത്തുന്ന ചില കരുതലുകളും കുശലാന്വേഷണവും പുതിയ തിരിച്ചറിവുകൾ സമ്മാനിക്കുമെന്ന് വ്യക്തമാക്കുകയാണ് വിധു പ്രതാപ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ. സുഖമായിരിക്കുന്നോ എന്ന് ചോദിച്ചുകൊണ്ടുള്ള സൂപ്പർതാരത്തിന്‍റെ ഫോൺവിളി ശരിക്കും അപ്രതീക്ഷിതമായിരുന്നു എന്നും ആ കരുതലിനും കറയില്ലാത്ത സ്നേഹത്തിനും ഒരുപാട് നന്ദിയെന്നും വിധു പ്രതാപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം, 1987ലും 2014ലും എടുത്ത മോഹൻലാലിനൊപ്പമുള്ള ചിത്രവും ഗായകൻ പങ്കുവെച്ചു.
- " class="align-text-top noRightClick twitterSection" data="
">
"പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം....ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും," നന്ദിയോടെ വിധു പ്രതാപ് എഴുതി.
മലയാളിയുടെ പ്രിയപ്പെട്ട ശബ്‌ദമായി മാറിയ വിധു പ്രതാപിന്‍റെ ആദ്യ സിനിമാ ഗാനം മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ പാദമുദ്രയിലൂടെ ആയിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോളാണ് വിധു ഈ ചിത്രത്തിൽ പാടുന്നതും. എല്ലാവരും തന്‍റെ വീടുകളിലേക്ക് ഒതുങ്ങിയ സാഹചര്യത്തിൽ നടൻ മോഹൻലാൽ തന്‍റെ പ്രിയപ്പെട്ടവരെയും സഹപ്രവർത്തകരെയും വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്നത് ഇതാദ്യമായല്ല. യുവതാരം മണിക്കുട്ടനും നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ സൂപ്പർതാരത്തിന്‍റെ കരുതലിനെയും സ്‌നേഹത്തിനെയും കുറിച്ച് തുറന്നു പറഞ്ഞിരുന്നു.