മലയാളത്തിനും തമിഴിനും പ്രിയപ്പെട്ട ആ സുവർണ ശബ്‌ദം, സ്വർണലതയുടെ വേറിട്ട സ്വരത്തിന്‍റെ മാധുര്യത്തിന് ബദൽ ഇല്ലെന്ന് തന്നെ പറയാം... "കുടജാദ്രിയില്‍ കുട ചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം..." മലയാളി ഇന്നും മൂളുന്ന ഗാനത്തിനെ അത്രയും ഹൃദ്യസ്ഥമാക്കുന്നത് സ്വർണലതയുടെ മാധുര്യശബ്‌ദം അതിൽ നിറഞ്ഞുനിൽക്കുന്നതിനാലാണ്. മലയാളത്തിലും തമിഴിലും മാത്രമല്ല കന്നട, ഹിന്ദി, മലയാളം, ഉർദു, ബംഗാളി, ഒറിയ ഭാഷകൾക്കും പരിചിതമാണ് സ്വർണലത എന്ന ഗായിക. പതിനാലാം വയസിൽ പിന്നണിഗാന രംഗത്തെത്തിയ സ്വർണലത ഇരുപത്തിയേഴ് വർഷങ്ങൾക്കുള്ളിൽ ഏഴായിരത്തിലധികം ഗാനങ്ങളാണ് ആലപിച്ചത്. എന്നാൽ, തന്‍റെ 37-ാം വയസിൽ സ്വർണലത വിടവാങ്ങുമ്പോൾ സംഗീതലോകത്തിൽ അത് വലിയ ശൂന്യതയാണ് സൃഷ്‌ടിച്ചത്. 2010 സെപ്റ്റംബർ 12ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഗായികയുടെ അന്ത്യം. ഇന്ന് സ്വർണലതയുടെ വേർപാടിന് പത്ത് വർഷങ്ങൾ പൂർത്തിയാവുകയാണ്.

1973 ഏപ്രിൽ 29ന് പ്രശസ്ത ഹാർമോണിസ്റ്റായ കെ.സി. ചെറുകുട്ടിയുടെയും കല്യാണിയുടെയും മകളായി പാലക്കാട് ചിറ്റൂരിൽ ജനിച്ചു. പിന്നീട് കർണാടകയിലേക്ക് താമസം മാറി. കർണാടകയിലായിരുന്നു സ്വർണലതയുടെ വിദ്യാഭ്യാസം. സഹോദരി സരോജത്തിന്‍റെ കീഴിൽ സ്വർണലത കർണാടക സംഗീതം അഭ്യസിച്ചു. 1987ൽ മദ്രാസിലേക്ക് കുടിയേറിയ ശേഷം 23 വർഷങ്ങളും ഗായിക ചെന്നൈയിൽ തന്നെ താമസം തുടർന്നു.

പിന്നണി ഗായികയാവണമെന്ന അതിയായ അഭിനിവേശം പ്രശസ്ത സംഗീതസംവിധായകൻ എം.എസ് വിശ്വനാഥൻ യാഥാർത്ഥ്യമാക്കുകയായിരുന്നു. 1983ൽ അങ്ങനെ സ്വർണലത ചലച്ചിത്ര ഗായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന്, ഇളയരാജ, എ.ആർ റഹ്മാൻ, ദേവ, വിദ്യാസാഗർ, ഹാരിസ് ജയരാജ്, അനുമാലിക്, യുവാൻ ശങ്കർരാജ, മണി ശർമ, ശങ്കർ എഹ്‌സാൽ ലോയ് എന്നീ പ്രമുഖ സംഗീതജ്ഞരുടെ ഗാനങ്ങൾ സ്വർണലതയുടെ ആലാപനത്തിലൂടെ ഹിറ്റുകളായി മാറി.

വ്യത്യസ്‌ത ആലാപന ശൈലിയിലൂടെ സംഗീത പ്രേമികളെ കീഴടക്കിയ കലാകാരി മലയാളത്തിനും തമിഴിനും സമ്മാനിച്ച ഗാനങ്ങൾ എവർഗ്രീൻ ഹിറ്റുകളായി തുടരുകയാണ്. ആയിരം ചിറകുള്ള മോഹം ചിത്രത്തിലെ ഗാനത്തിലൂടെയാണ് ഗായിക മലയാളത്തിലേക്ക് കടന്നുവന്നത്. "നന്ദലാല ഹേ നന്ദലാല..." തൊണ്ണൂറുകളിലെ ഏറ്റവും വലിയ ഹിറ്റ് ഗാനമായിരുന്നു. രാവണപ്രഭുവിലെ "പൊട്ടു കുത്തടീ..."യിലെ അനന്യമായ പെൺശബ്‌ദം സ്വർണലതയുടെ ഹൃദ്യമായ ആലാപനത്തിന്‍റെ അടയാളമാണ്.
തെങ്കാശിപ്പട്ടണത്തിലെ "കടമിഴിയിൽ കമലദളം", വൺമാൻ ഷോയിലെ 'കാശിത്തുമ്പ....", "കുബേരനിലെ മണിമുകിലേ നീ..." വർണപ്പകിട്ടിലെ "മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ..." സത്യം ശിവം സുന്ദരം ചിത്രത്തിലെ "അവ്വാ അവ്വാ" ഗാനങ്ങൾ മലയാളി ഇന്നും മറക്കുന്നില്ല, അത്ര ഹൃദയംഗമമായാണ് സ്വർണലതയിലൂടെ ഓരോ സംഗീതാസ്വാദകനും ഈ ഗാനങ്ങൾ ആസ്വദിച്ചത്. വിദ്യാസാഗർ ഹിറ്റായി ഇടം പിടിച്ച "വാർത്തിങ്കൾ തെല്ലല്ലേ..." ഗാനത്തിന് സ്വർണലതയുടെ ശബ്‌ദമല്ലാതെ മറ്റേതാണ് ഇണങ്ങുന്നത്? അവസാനിക്കുന്നില്ല, ഏഴരക്കൂട്ടത്തിലെ "ഇല്ലിക്കാടും മാലേയമണിയും..." കർമ സിനിമയിലെ "എല്ലാം ഇന്ദ്രജാലം....", "ജും ജും രാവിൽ..." ഒരു അഭിഭാഷകന്‍റെ കേസ് ഡയറി ചിത്രത്തിലെ "സംഗമം എപ്പോൾ..." തച്ചോളി വർഗീസ് ചേകവരിലെ "നീയൊന്നു പാട്..." ഗാനങ്ങളും മലയാളത്തിനായി സ്വണലത സമ്മാനിച്ചതാണ്.

തമിഴകവും സ്വർണലതയെ സ്വന്തം ഗായികയായി സ്നേഹിച്ചിരുന്നുവെന്നതിന് സൂചകമാണ് 1991ലും 1994ലും 2000ലും മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് സർക്കാരിന്‍റെ പുരസ്‌കാരങ്ങൾ. 1994ൽ കലൈമാമണി പുരസ്‌കാരം നൽകിയും വിനയത്തിന്‍റെ പ്രതീകമായിരുന്ന ഈ കലാകാരിയെ തമിഴ്‌നാട് സർക്കാർ ആദരിച്ചു. 1994ൽ തമിഴ് ചിത്രം കറുത്തമ്മയിലെ ''പോറാളെ പൊന്നുത്തായേ...." ഗാനത്തിലൂടെ ഗായികയെ തേടിയെത്തിയത് മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരമായിരുന്നു. 1995ൽ ആന്ധ്ര സർക്കാരിന്‍റെ നന്തി പുരസ്‌കാരവും സ്വർണലതക്ക് ലഭിച്ചിട്ടുണ്ട്.

മലയാളത്തിനേക്കാൾ സ്വർണലതക്ക് കൂടുതൽ ഗാനങ്ങൾ ലഭിച്ചതും തമിഴിലായിരുന്നുവെന്ന് പറയാം. ചിന്നത്തമ്പിയിലെ "പോവോമാ...", ബോംബെയിലെ "കുച്ചി കുച്ചി രക്കുമാ..." ക്ഷത്രിയനിലെ "മാലയിൽ യാരോ മനതോട് പേസ", വാധ്യാർ ചിത്രത്തിലെ "നീ താനേ നാൾ തോറും പാട്ടു...", ദളപതിയിലെ 'അടി റാക്കമ്മാ കയ്യെത്തട്ട്...", ഊരെല്ലാം ഉൻ പാട്ട് ചിത്രത്തിലെ "ഊരെല്ലാം ഉൻ പാട്ട്", ഉന്നൈ നിനൈച്ചേൻ പാട്ടു പഠിച്ചേൻ "എന്നൈ തൊട്ട് അള്ളിക്കൊണ്ട..." പാണ്ടിദുരൈയിലെ "കാണാക്കറിങ്കുയിലേ...", ഇൻഡ്യൻ ചിത്രത്തിലെ "മായാ മച്ചീന്ദ്ര...", അലൈപായുതേയിലെ "എവനോ ഒരുവൻ...", ധർമദുരൈയിലെ "മാസീമാസമാളാന പൊണ്ണ്...", ജന്‍റില്‍മാന്‍ ചിത്രത്തിലെ "ഉസിലംപട്ടി പെണ്‍കുട്ടി...", കാതലന്‍ സിനിമയിലെ സൂപ്പർ ഹിറ്റാ ഗാനം "മുക്കാല മുക്കാബല...", രംഗീല ചിത്രത്തിൽ നിന്നും "ഹേ രാമാ...", വാലിയിലെ "എന്നുള്ളെ എന്നുള്ളെ...", വീരയിലെ "മലൈ കോയിൽ വാസലിൽ..." എന്നിവ സ്വർണതലയുടെ തമിഴ് ഹിറ്റുകളിലെ എതാനും ഗാനങ്ങളാണ്.

മെലഡി മാത്രമല്ല തനിക്ക് ചേരുന്നതെന്ന് ആസ്വാദനത്തിന്‍റെ പുതിയ തലങ്ങളിലൂടെ കൊണ്ടുപോയി സ്വർണലത ഓരോ ഗാനങ്ങളിലൂടെയും വിശദമാക്കി. അപ്രതീക്ഷിതമായിരുന്നു പ്രിയസ്വരത്തിന്‍റെ വിടവാങ്ങലെങ്കിലും, ഗായിക പാടിവച്ച സൂപ്പർഹിറ്റുകൾ കലാകാരിയുടെ ഓർമകളെ ഇന്നും പുനർജീവിപ്പിക്കുകയാണ്.