അടുത്തകാലത്ത് മലയാളത്തില്‍ പിറവിയെടുത്ത ഒരുപിടി നല്ല ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്‌കരനായിരുന്നു. സോള്‍ട്ട് ആന്‍റ് പെപ്പര്‍, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മികവുറ്റ തിരക്കാഥാകൃത്തുക്കളില്‍ ഒരാളായി ശ്യാം പുഷ്‌കരന്‍ മാറി. മഹേഷിന്‍റെ പ്രതികാരം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്യാമിനെ തേടിയെത്തി.
ഇപ്പോഴിതാ പുതുതലമുറയിലെ ശ്രദ്ധേയനായ ഈ തിരക്കഥാകൃത്തിനെ അഭിനന്ദിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്കരനെന്നാണ് ഭദ്രന്‍ പറഞ്ഞത്. കൊച്ചിയില്‍ സിനിമ പാരഡൈസോ ക്ലബ്ബ് അവാര്‍ഡ് വേദിയില്‍ സംസാരിക്കുകയായിരുന്നു ഭദ്രന്‍. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ശ്യാം പുഷ്കരന് ഭദ്രന്‍ കൈമാറി. ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ സിനിമ പാരഡീസോ ക്ലബ്ബാണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.