ടൊവിനോ തോമസ് ചിത്രം 'കള'യുടെ ഷൂട്ടിങ് വീണ്ടും ഡിസംബറില്‍ പുനഃരാരംഭിക്കും. ആഴ്ചകള്‍ക്ക് മുമ്പ് കളയുടെ ചിത്രീകരണത്തിനിടെ നായകന്‍ ടൊവിനോ തോമസിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. രോഹിത്.വി.എസ് സംവിധാനം ചെയ്യുന്ന കളയുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നത്തിനിടയിലായിരുന്നു ടൊവിനോയുടെ വയറിന് പരിക്കേറ്റത്. ഇപ്പോള്‍ നടന്‍ സുഖം പ്രാപിച്ചതിനാല്‍ ബാക്കിയുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഡിസംബറില്‍ ടൊവിനോ കളയുടെ സെറ്റിലെത്തും.
ടൊവിനോ ഇപ്പോൾ 'കാണെക്കാണെ' സിനിമയുടെ ചിത്രീകരണത്തിലാണ്. കള സിനിമ പൂര്‍ത്തിയാകാന്‍ ഇനി 16 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. ഇതുവരെ ഷൂട്ട് ചെയ്‌ത ഭാഗങ്ങളുടെയൊക്കെ എഡിറ്റിങ് ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. കാണെക്കാണെ സിനിമയിൽ നടൻ ഇപ്പോൾ അഭിനയിക്കുന്നുണ്ടെങ്കിലും കള സിനിമയുടെ തുടർച്ചയ്ക്കായി കഥാപാത്രത്തിന്‍റെ ലുക്കും ടൊവിനോ നിലനിർത്തുന്നുണ്ട്. ദിവ്യ പിള്ളയാണ് സിനിമയിൽ നായിക വേഷത്തിൽ എത്തുന്നത്.
പിറവത്തെ ലൊക്കേഷനിൽ വെച്ചാണ് നടൻ ടൊവിനോയ്ക്ക് വയറിന് പരിക്കേറ്റത്. അതോട് കൂടി ഷൂട്ടിങ് നിർത്തിവയ്ക്കുകയായിരുന്നു. ഒറ്റ ഷെഡ്യൂളിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. എല്ലാം പദ്ധതികളും തകിടം മറിഞ്ഞതോടെ ഇനി അണിയറപ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവർക്കും ഒരിക്കല്‍ കൂടി കൊവിഡ് ടെസ്റ്റ് നടത്തി ലൊക്കേഷനിൽ എത്തിച്ചതിന് ശേഷമാണ് ചിത്രീകരണം പുനരാരംഭിക്കുക.