കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി സമാധാനത്തോടെ കഴിഞ്ഞു പോകുന്ന ഒരു സാധാരണക്കാരന്‍റെ കുടുംബം. അവിടേക്ക് ക്ഷണിക്കപ്പെടാതെ ഒരു അതിഥി വന്നു. അവരുടെ കുടുംബം ശിഥിലമാക്കാൻ കെൽപുള്ള ഒരതിഥി. ആ സാധാരണക്കാരായ കുടുംബത്തിന്‍റെ യാചനകളൊന്നും അവൻ ചെവിക്കൊണ്ടില്ല. ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന ഉറപ്പോടെ ആ അതിഥിയെ അവർ മടക്കിയയച്ചു.
ആ കൈയ്യബന്ധത്തിൽ നിന്ന് തന്‍റെ ഭാര്യയേയും രണ്ട് പെൺമക്കളെയും രക്ഷിക്കാൻ ജോർജ്ജൂട്ടി തന്ത്രങ്ങൾ രൂപപ്പെടുത്തി. ഒരു സാധാരണക്കാരന്‍റെ ബുദ്ധിയല്ല, തന്‍റെ ഭാഗം സംശയരഹിതമാക്കാൻ ജോർജ്ജൂട്ടി തനിക്ക് ചുറ്റുമുള്ളവരുടെ മനസിലും ഓർമയിലും താൻ മെനഞ്ഞ കഥകൾ പകർത്തിവെച്ചു. അങ്ങനെ നിയമപാലകരിൽ നിന്നും അയാള്‍ തന്‍റെ കുടുംബത്തെ രക്ഷിച്ചു.
അതെ, ഒരു സിനിമ മലയാളിയുടെ മനസിൽ ഇന്നും പതിഞ്ഞു കിടക്കുന്നുണ്ടെങ്കിൽ അവിടെ സംവിധായകനും തിരക്കഥാകൃത്തും അഭിനേതക്കാളും ഉൾപ്പടെ ചിത്രത്തിന്‍റെ നാനാഭാഗത്തുള്ളവർ അതിനെ അത്ര ഗംഭീരമാക്കിയതിനാലാണ്. ജീത്തു ജോസഫ് സാധാരാണക്കാരന്‍റെ ദൈനംദിന ജീവിതത്തിലൂടെ ഒരു ത്രില്ലർ ചിത്രം തയ്യാറാക്കി. ഗൃഹനാഥനായി മലയാളത്തിന്‍റെ സ്വന്തം മോഹൻലാലും ഭാര്യയായി മീനയും മക്കളായി അൻസിബയും എസ്‌തറും... പിന്നെ ആശാ ശരത്തിന്‍റെ കരിയർ ബെസ്റ്റ് കൂടിയായ ഐജി ഗീത പ്രഭാകറും കലാഭവൻ ഷാജോണിന്‍റെ കോൺസ്റ്റബിൾ സഹദേവനും റോഷൻ ബഷീറിന്‍റെ നെഗറ്റീവ് റോളും.... അതെ ജോർജ്ജൂട്ടിയും കുടുംബവും മലയാളിയുടെ മനസിലേക്ക് കടന്നുകയറിയിട്ട് ഇന്ന് ഏഴ് വർഷം തികയുന്നു.
ജോർജ്ജൂട്ടിയുടെ കണ്ണുകളിലൂടെ ദൃശ്യം ആരംഭിച്ച് ആ പച്ചയായ മനുഷ്യനിലൂടെ കഥ നീളുമ്പോൾ, അപ്രതീക്ഷിത അനുഭവങ്ങളെ അതിജീവിക്കാനുള്ള പരിശ്രമങ്ങളെ ചടുലമായ ഫ്രെയിമുകളിലൂടെയും സസ്പെൻസിലൂടെയുമാണ് സംവിധായകൻ കാണിച്ചു തരുന്നത്. ജോർജ്ജൂട്ടിയും റാണിയും മക്കളും മലയാളി പ്രേക്ഷകർക്ക് അത്രയേറെ പരിചയമായി. കഥാവതരണത്തിലും താളത്തിലും സസ്‌പെൻസ് നിലനിർത്തുന്നതില്‍ ചിത്രം വിജയിച്ചതിനാൽ തന്നെ ചൈനയുൾപ്പടെ ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്‌ത മലയാള സിനിമയായും 50 കോടിക്ക് മുകളിൽ കലക്ഷൻ നേടിയ ആദ്യ മലയാള ചിത്രമായും 2013 ഡിസംബർ 19ന് തിയേറ്ററിലെത്തിയ ദൃശ്യം റെക്കോഡിട്ടു. ദൃശ്യത്തിന്‍റെ കാഴ്ചാനുഭവം മറക്കാനാവാത്ത ഓരോ പ്രേക്ഷകനുമിനി ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ്. അടുത്ത വർഷം റിലീസിനെത്തുന്ന ദൃശ്യം 2വിന്‍റെ ചിത്രീകരണം കഴിഞ്ഞ മാസം ആദ്യം പൂർത്തിയായി.