പ്രമുഖ കന്നട താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ദു:ഖത്തിലാണ് ഇന്ത്യന്‍ സിനിമാ ലോകവും ആരാധകരും. മരണവാര്‍ത്തയറിഞ്ഞ് താരത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ പതിനായിരങ്ങളാണ് കണ്ഠീരവ സ്റ്റേഡിയത്തില്‍ ഒഴുകിയെത്തിയത്.
തങ്ങളുടെ പ്രിയ താരത്തെ കണ്ട് ആരാധകരില്‍ പലരും പൊട്ടിക്കരഞ്ഞു. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണാനെത്തിയവര്‍ പോലും പുനീതിന്റെ ചേതനയറ്റ ശരീരം കണ്ട് പരിസരം മറന്ന് വിതുമ്പി. തന്റെ പ്രിയ സുഹൃത്തിന് വിട നല്‍കുന്നതിനിടെ സങ്കടം സഹിക്കവയ്യാതെ നടന് ശരത്കുമാറും പൊട്ടിക്കരഞ്ഞു. പുനീതിന്റെ മരണമേല്‍പ്പിച്ച ആഘാതം ശരത്കുമാറിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
'എന്റെ പ്രിയ സുഹൃത്തിന്റെ മരണവാര്‍ത്ത തീര്‍ത്തും ആഘാതമുണ്ടാക്കിയിരിക്കുകയാണ്. ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാന്‍ കണ്ടുമുട്ടിയതില്‍ ഏറ്റവും നല്ല മനുഷ്യനായിരുന്നു പുനീത്. അദ്ദേഹത്തിന്റെ ഈ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എനിക്ക് വാക്കുകളില്ല. പുനീതിന്റെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, ആരാധകര്‍ക്കും എല്ലാം എന്റെ ഹൃദയത്തില്‍ തൊട്ട അനുമോദനം രേഖപ്പെടുത്തുന്നു.. എനിക്ക് മിസ് ചെയ്യും.. എന്നും എന്റെ ഓര്‍മ്മകളില്‍ നീ ജീവിക്കും..' -ഇപ്രകാരമാണ് ശരത്കുമാര് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പിതാവ് രാജ്കുമാറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കണ്ഠീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്കാരം നടക്കുക. ഇന്ന് സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നായിരുന്നു നേരത്തെ കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ പുനീതിന്റെ മകള്‍ അമേരിക്കയില്‍ നിന്നും എത്താന്‍ വൈകുന്നതിനെ തുടര്‍ന്നാണ് സംസ്കാരം നാളത്തേയ്ക്ക് മാറ്റിവച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അന്ത്യം. വ്യാഴാഴ്ച്ച രാത്രി മുതല്‍ താരത്തിന്റെ ആരോഗ്യം മോശമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാവിലെ ജിമ്മിലെത്തി പതിവുപോലെ താരം വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. അതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.