തെന്നിന്ത്യൻ നടി ശരണ്യ പൊൻവണ്ണന്‍റെ മകൾ പ്രിയദർശിനി വിവാഹിതയായി. വിഘ്‌നേഷാണ് വരൻ. ചെന്നൈയിലാണ് ശരണ്യ- പൊൻവണ്ണൻ ദമ്പതികളുടെ മൂത്ത മകൾ പ്രിയദർശിനിയും വിഘ്‌നേഷും തമ്മിലുള്ള വിവാഹം നടന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കുടുംബവും വിവാഹവിരുന്നിൽ സാന്നിധ്യമറിയിച്ചു. സംവിധായകനും നടനുമായ പൊൻവണ്ണനാണ് ആലപ്പുഴ സ്വദേശിയായ ശരണ്യയുടെ ഭർത്താവ്. ഇവർക്ക് പ്രിയദർശിനിയെ കൂടാതെ ചാന്ദിനിയെന്നൊരു മകൾ കൂടിയുണ്ട്.
ശരണ്യയുടെ പ്രധാന സിനിമകൾ
സംവിധായകൻ എം.പി രാജിന്‍റെ മകളാണ് ശരണ്യ. 1996ൽ പുറത്തിറങ്ങിയ മണിരത്നത്തിന്‍റെ 'നായകൻ' എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തെൻമേർക്ക് പറുവക്കാട്ര്, വണക്കം വാദ്യാരേ, കറുത്തമ്മ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും തെലുങ്കിലെ ഒട്ടനവധി പ്രശസ്‌ത സിനിമകളിലും ഭാഗമായി.
Also Read: ശിവകാമിയുടെ ജീവിതം വെള്ളിത്തിരയിൽ ; യൗവ്വനകാലം അവതരിപ്പിക്കാൻ വാമിഖ
മലയാളത്തിൽ ഒരു കുപ്രസിദ്ധ പയ്യൻ, അർത്ഥം, കളേഴ്‌സ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്‌തു. വേലയില്ലാ പട്ടതാരി, കൊലമാവ് കോകില, 24, റെമോ, ചാരുലത ചിത്രങ്ങളിലെ അമ്മ വേഷങ്ങളും ശ്രദ്ധ നേടിയ പ്രകടനങ്ങളാണ്. തെൻമേർക്ക് പറുവക്കാട്ര് ചിത്രത്തിലൂടെ 2011ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡും ശരണ്യ കരസ്ഥമാക്കിയിട്ടുണ്ട്.