"ഈ തോൽവിയിൽ ഞാൻ അഭിമാനം കൊള്ളുന്നു," കേരള സംസ്ഥാന അവാർഡിലേക്ക് നിർദേശിക്കപ്പെട്ടില്ലെങ്കിലും 67-ാമത് ദേശീയ പുരസ്‍കാരത്തിൽ മികച്ച നടനായി അന്തിമ റൗണ്ടിൽ വരെ മത്സരിച്ചതിലെ അനുഭവം പങ്കുവെക്കുകയാണ് യുവനടൻ ആനന്ദ് റോഷൻ. റഷീദ് പാറക്കൽ സംവിധാനം ചെയ്‌ത സമീർ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരത്തിനായി ആനന്ദ് റോഷനും പരിഗണിക്കപ്പെട്ടിരുന്നു.
അവാർഡ് നേടാൻ സാധിച്ചില്ല എന്നതിൽ നിരാശ ഉണ്ടായെങ്കിലും ചില പരാജയങ്ങൾ വിജയത്തെക്കാൾ ഏറെ പഠിപ്പിക്കുമെന്ന് നടൻ ഫേസ്‌ബുക്കിൽ പറഞ്ഞു. സംസ്ഥാന അവാർഡ് ജൂറികളുടെ കണ്ണുവെട്ടിച്ച് നേരെ ചെന്നത് സിംഹങ്ങളുടെ മടയിലേക്കാണല്ലോ എന്നും താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
"സംസ്ഥാന അവാർഡ് ജൂറികളുടെ എല്ലാം കണ്ണുവെട്ടിച്ച് നേരെ ഓടിക്കയറിയത് സിംഹങ്ങളുടെ മടയിലേക്കല്ലേ. രണ്ട് കാറ്റഗറിയിൽ കൂടെ സമീർ അവസാന റൗണ്ട് വരെ എത്തിയിരുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. തൊട്ടടുത്തെത്തി നഷ്ടപ്പെട്ടുപോയല്ലോ എന്നൊരു നിരാശ ഇല്ലാതില്ല...പക്ഷെ നമ്മൾ പറയാറില്ലേ... ചില പരാജയങ്ങൾക്ക് വിജയത്തെക്കാൾ ഏറെ പഠിപ്പിക്കാൻ ഉണ്ടാവുമെന്ന്... സത്യമാണത്," എന്ന് കുറിച്ചുകൊണ്ട് മലയാള സിനിമയിലെ ദേശീയ പുരസ്കാര ജേതാക്കൾക്കും ആനന്ദ് റോഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.
ഒത്ത സെരുപ്പ് സൈസ് 7 ചിത്രത്തിലൂടെ പാർഥിപൻ, അസുരനിലെ ധനുഷ് എന്നിവരായിരുന്നു മികച്ച നടനായി മത്സരരംഗത്തുണ്ടായിരുന്നത്. സമീറിലെ അഭിനയമികവിന് ആനന്ദ് റോഷൻ ജൂറിയുടെ പ്രത്യേക പരാമർശനത്തിനാണ് നിർദേശിക്കപ്പെട്ടിരുന്നത്.