ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍). കഴിഞ്ഞ ദിവസം പുറത്തുവിട്ട ആര്‍ആര്‍ആര്‍ ടീസര്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഒരു ദിവസം പിന്നിടുമ്പോള്‍ ടീസര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്.
45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ഒരു ദിവസം കൊണ്ട് കണ്ടിരിക്കുന്നത് 81,59,899 പേരാണ്. എന്നാല്‍ ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകളാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. 6,300 ലൈക്കുകള്‍ ലഭിച്ചപ്പോള്‍ 8,500 ഡിസ്‌ലൈക്കുകളാണ് പ്രേക്ഷകര്‍ ടീസറിന് നല്‍കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ടീസറിന് എന്തുകൊണ്ട് ഇത്രയും ഡിസ്‌ലൈക്കുകള്‍ ലഭിച്ചെന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം ടീസറിനെ പിന്തുണച്ചെത്തിയ നിരവധി പേര്‍ രാജമൗലിയുടെ അടുത്ത ബ്ലോക്ക്‌ബസ്‌റ്ററിനായുള്ള കാത്തിരിപ്പിലാണ്. 2,000 കോടി രൂപയുമായി രാജമൗലി മടങ്ങിയെത്തുമെന്നത് ഉറപ്പാണെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.
2002 ജനുവരി ഏഴിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബാഹുബലി സീരീസിന്‍റെ വന്‍ വിജയത്തിന് ശേഷം 2018 നവംബര്‍ 19നാണ് ആര്‍ആര്‍ആര്‍ ചിത്രീകരണം രാജമൗലി ആരംഭിച്ചത്. പ്രഖ്യാപനം മുതല്‍ തന്നെ ആര്‍ആര്‍ആര്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു.
300 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെയുള്ള ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മുതല്‍മുടക്കുള്ള ആക്ഷന്‍ ഡ്രാമ എന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന ചിത്രം ബാഹുബലിക്കും മുകളില്‍ നില്‍ക്കുന്ന ഗ്രാഫിക്‌സ് ലൊക്കേഷന്‍ സെറ്റുകളുമായാണ് പുറത്തിറങ്ങുന്നത്.
രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അജയ് ദേവ്‌ഗണ്‍, ആലിയ ഭട്ട്, തമിഴ് താരങ്ങളായ സമുദ്രക്കനി, ശ്രിയ ശരണ്‍, ബ്രിട്ടീഷ് താരം ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ്, അലിസണ്‍ ഡൂസി, റേ സ്‌റ്റീവെന്‍സണ്‍, ഒലിവിയ മോറിസ് തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം. അല്ലൂരി സീതാരാമ രാജുവായി രാം ചരണും, കോമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറും വേഷമിടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് അല്ലൂരി സീതാരാമയും രാം ചരണും.
ഡിവിവി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ ഡിവിവി ധന്യയുടെ നിര്‍മാണത്തില്‍ രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
കെ.കെ.സെന്തില്‍കുമാര്‍ ഛായാഗ്രഹണവും, ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും, കീരവാണി സംഗീതവും നിര്‍വഹിക്കുന്നു. വി.വിജയേന്ദ്ര പ്രസാദിന്‍റേതാണ് കഥ. വി.ശ്രീനിവാസ് മോഹന്‍ വിഎഫ്‌എക്‌സും, രമ രാജമൗലി കോസ്‌റ്റ്യൂം ഡിസൈനിങ്ങും നിര്‍വഹിക്കുന്നു.