അതെ, സിനിമകൾ ഒരു ദൃശ്യ അനുഭവമാണ്. എന്നാൽ, അതും കടന്നു സഞ്ചരിക്കാൻ ലോകം മുഴുവൻ ജനപ്രീതിയുള്ള സിനിമ എന്ന മാധ്യമത്തിന് സാധിക്കുന്നു. ചരിത്രകഥകൾ പുസ്‌തകങ്ങളിലൂടെ മാത്രമല്ല, സിനിമകളിലൂടെയും നമ്മൾ കണ്ടറിഞ്ഞിട്ടുണ്ട്. കൊലപാതകങ്ങളും ക്രൂരകൃത്യങ്ങളും വാർത്തകളിലൂടെ വലിയ ചർച്ചകളാകുമ്പോൾ സിനിമയും തങ്ങളുടെ കഥാപ്രമേയമാക്കി അവയൊക്കെ കടമെടുക്കാറുണ്ട്. കൂടാതെ, വലിയ ശ്രദ്ധ പിടിച്ചുപറ്റാത്ത ചില യഥാർഥ- ജീവിതങ്ങളെയും തിരശ്ശീലയിലൂടെ നാം പരിചയപ്പെട്ടിട്ടുണ്ട്. ബയോപിക്കുകളെ മാറ്റി നിർത്തിയാൽ ശേഷിക്കുന്നവയിൽ, മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളും നിസാരമായി നാം പറഞ്ഞുകളഞ്ഞ ജീവിതങ്ങളും സിനിമയാക്കി വിജയം നേടി. പുതിയ മാനങ്ങൾ നൽകി, സംഭവങ്ങളെ കണ്ടറിയാൻ സിനിമ എന്ന മാധ്യമം സഹായിക്കുന്നതിനാൽ തന്നെ പ്രേക്ഷകരും ഈ ചിത്രങ്ങളിൽ തൽപരരാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മുതൽ ഈയടുത്തിടെ മെട്രോയിൽ ഉറങ്ങിയ ഒരു സാധാരണക്കാരനെ പാമ്പാക്കി മാറ്റിയ കഥ വരെ സിനിമയിലൂടെ നമ്മൾ അനുഭവിച്ചറിയുകയും ചെയ്‌തു.
1. പലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ (2009)
2009ൽ റിലീസ് ചെയ്‌ത പലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ, കേരളത്തിൽ റിപ്പോർട്ട് ചെയ്‌ത ആദ്യ ലൈംഗിക പീഡന കേസാണ് വിവരിച്ചത്. കഥയുടെ ആത്മാവിനോട് വളരെയധികം കൂറുപുലർത്തി സംവിധായകൻ രഞ്ജിത്ത് പാലേരി ഗ്രാമത്തിലെ മാണിക്യം എന്ന പെൺകുട്ടിയുടെ കൊലപാതകം ചിത്രീകരിച്ചു. മികച്ച അഭിനയമുഹൂർത്തങ്ങളിലൂടെ സിനിമ പ്രേക്ഷകന് നന്നേ ബോധിച്ചു. കൂടാതെ, കഥാപാത്രങ്ങളുടെ സംഭാഷണം, കളര്‍ ടോൺ, വസ്ത്രാലങ്കാരം എല്ലാം അറുപതു വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തെ വ്യക്തമായി അടയാളപ്പെടുത്തി.
2. ഗദ്ദാമ (2011)
ഗദ്ദാമ പറഞ്ഞുവച്ചത് ഒരു വിപ്ലവമായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. കഷ്‌ടപ്പാടുകളിൽ നിന്ന് കുടുംബത്തിനെ കരകയറ്റാൻ വിദേശ രാജ്യത്ത് എത്തിപ്പെടുന്ന ഒരു സ്‌ത്രീ നേരിടുന്ന അതികഠിനമായ യാതനകൾ. തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ജീവിക്കാനുള്ള ഒരു സാധാരണ മനുഷ്യന്‍റെ വിപ്ലവം. സുബൈദ എന്ന സ്‌ത്രീയുടെ ജീവിതമാണ് കാവ്യമാധവനിലൂടെ പ്രേക്ഷകൻ നൊമ്പരത്തോടെ അറിഞ്ഞത്. സൗദി അറേബ്യയിൽ വീട്ടുജോലിക്കാരിയാകേണ്ടി വന്ന ഒരു സ്ത്രീയുടെ കഥയിലൂടെ ഒറ്റപ്പെടലിലും അപമാനത്തിലും പീഡനത്തിലും വേദനിക്കുന്ന നിസ്സഹായമായ അവസ്ഥകളെയും കമൽ വിവരിച്ചു.
3. എന്നു നിന്‍റെ മൊയ്‌തീൻ (2015)
പ്രണയവും വിരഹവുമൊക്കെ തീവ്രമായി വിവരിക്കുന്നതിൽ സിനിമകൾ വിജയം കണ്ടെത്താറുണ്ട്. എന്നാൽ, കഥയുടെയും കഥാപാത്രങ്ങളുടെയും മാത്രമല്ല, കാലം പോലും പരാജയം സമ്മതിച്ച മുക്കത്തെ ബി.പി മൊയ്തീന്‍റെയും കാഞ്ചന മാലയുടെയും പ്രണയം ഹൃദയഭേദകമായിരുന്നു. അറുപതുകളിലെ ഒരു മുസ്‌ലിം യുവാവും ഹിന്ദു പെൺകുട്ടിയും തമ്മിലുള്ള അഗാധമായ പ്രണയമായിരുന്നു ആർ.എസ് വിമൽ പ്രമേയമാക്കിയത്. പൃഥ്വിരാജിലൂടെയും പാർവതിയിലൂടെയും ആഴത്തിൽ ഒരു പ്രണയകഥ പറഞ്ഞ് ഒതുക്കാനല്ലായിരുന്നു സംവിധായകൻ ശ്രദ്ധിച്ചത്. അതിനുമപ്പുറം, അക്കാലത്തെ രാഷ്‌ട്രീയവും ചുറ്റുപാടുമെല്ലാം എന്നു നിന്‍റെ മൊയ്‌തീനിലൂടെ വിവരിക്കുന്നു. ഒപ്പം ശക്തമായ, നിലപാടുകളുള്ള ഒരു സ്‌ത്രീയെ പൂർണതയിൽ സൃഷ്‌ടിക്കാനും നവാഗത സംവിധായകൻ വിമലിന് സാധിച്ചു.
3. ടേക്ക് ഓഫ് (2017)
ഇറാഖ് കത്തുകയായിരുന്നു, യുദ്ധഭൂമിയിൽ കുടുങ്ങി കുറേ മലയാളി നഴ്‌സുമാരും. വാർത്തകളിൽ ഇടം പിടിച്ച ഈ സംഭവം എങ്ങനെ മറക്കാനാണ് മലയാളികൾ. എന്നാൽ, തീവ്രവാദികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സമീറ മറീന ജോസ് എന്ന നഴ്‌സ് കാണിച്ചുതന്ന ദൃഢനിശ്ചയവും ആത്മധൈര്യവും മഹേഷ് നാരായണൻ സിനിമയിലൂടെ വീണ്ടും ഓർമിപ്പിച്ചു. 2014ൽ തിക്രിത്തിൽ 49 നഴ്‌സുമാരെ പിടികൂടി ബന്ദികളാക്കിയപ്പോൾ, ഇന്ത്യയിലെ അധികൃതരെയും മറ്റും സമയോചിതമായി ബന്ധപ്പെട്ട് സമീറ സ്വന്തം ജീവനും സഹപ്രവർത്തകരുടെ ജീവിതവും നാട്ടിലെത്തിച്ചു. പാർവതി തിരുവോത്തിന്‍റെ കരിയർ ബസ്റ്റ് പ്രകടനമെന്ന് കൂടി വിശേഷിപ്പിക്കുന്ന ടേക്ക് ഓഫ് നിരൂപകപ്രശംസയും പ്രേക്ഷക പ്രശംസയും സമ്പാദിച്ചു.
4. വൈറസ് (2019)
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ ഏറ്റവും തെക്കുപടിഞ്ഞാറെ അറ്റത്ത് 38,863 ച.കി.മീ വിസ്‌തീർണത്തിലുള്ള ഒരു കൊച്ചുസംസ്ഥാനം ലോകമെമ്പാടും അറിയപ്പെട്ടു. നിപ്പയെ അതിജീവിച്ച കേരളം. 2019ൽ ആഷിക് അബു സംവിധാനം ചെയ്‌ത വൈറസ് കേരളത്തിൽ നിപ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ കേന്ദ്രീകരിച്ച് നിർമിച്ച സിനിമയാണ്. വിഷയത്തിന്‍റെ സ്വഭാവമനുസരിച്ച് വേണമെങ്കിൽ ഇതിനൊരു ഡോക്യുമെന്‍ററി രൂപം സ്വീകരിക്കാമായിരുന്നു. എന്നാൽ, കേരളത്തെ നിപ്പ പിടികൂടുന്നതും രണ്ടാം പകുതിയിൽ ത്രില്ലിങ്ങായി കഥ പറഞ്ഞും തിയേറ്ററുകളിലും പ്രേക്ഷകനിലും വിജയം കണ്ടെത്താൻ വൈറസിന് കഴിഞ്ഞു. കേരളത്തിൽ രണ്ടാമതും നിപ്പ വന്നപ്പോഴായിരുന്നു ചിത്രത്തിന്‍റെ റിലീസ് എന്നതും എടുത്തുപറയേണ്ടതാണ്. അത്തരമൊരു സാഹചര്യത്തിൽ സിനിമ ഭീതി വിതക്കുമെന്ന തരത്തിൽ പലർക്കും ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും വൈറസ് കണ്ടിറങ്ങുന്നവന് അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് അതിലൂടെ ലഭിച്ചത്. യുവതാരനിരയിലും സമകാലീന മലയാള സിനിമയിലും സജീവമായ അഭിനേതാക്കൾ ഉൾപ്പെട്ടതായുരുന്നു ചിത്രത്തിന്‍റെ കാസ്റ്റിങ്.
5. ജേക്കബിന്‍റെ സ്വർഗരാജ്യം 2016)
കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ച് പറഞ്ഞ കഥ. പക്ഷേ, സംവിധായകൻ വിനീത് ശ്രീനിവാസനെ ജേക്കബിന്‍റെ സ്വർഗരാജ്യത്തിലേക്ക് എത്തിച്ചത് സ്വന്തം സുഹൃത്ത് ഗ്രിഗറിയുടെയും കുടുംബത്തിന്‍റെയും ജീവിതമായിരുന്നു. നിവിൻ പോളിയും, രഞ്ജി പണിക്കരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ഒരു പ്രവാസി കുടുംബത്തിന് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സാമ്പത്തിക തകർച്ചയും തുടർന്ന് മകന്‍റെ അശ്രാന്ത പരിശ്രമത്തിലൂടെ അതിനെ അതിജീവിക്കുന്നതുമായ യഥാര്‍ഥ കഥയാണ് വിവരിക്കുന്നത്. സുഹൃത്തിന്‍റെ ചതിയിലും തൊട്ടുപിന്നാലെ വന്ന സാമ്പത്തിക മാന്ദ്യത്തിലും തകർന്ന ദുബായിലെ ബിസിനസുകാരനായ ജേക്കബിന്‍റെയും കുടുംബത്തിന്‍റെയും ഐക്യത്തോടെയുള്ള പോരാട്ടവും കാണികൾക്ക് ഒരു പ്രചോദനം നൽകി.
6. വികൃതി (2019)
കണ്ണിൽ കാണുന്നതിനെ ആൻഡ്രോയിഡ് ഫോണുകളിലും ആപ്പിൾ ഫോണിലുമൊക്കെ പകർത്തി, അതിന്‍റെ സത്യാവസ്ഥ മനസിലാക്കാതെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ് ഇന്നത്തെ കാലത്തെ ട്രെന്‍റ്. ഇതൊക്കെ പലപ്പോഴും പലരുടെയും ജീവിതത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാറുണ്ട് എന്നതാണ് വസ്‌തുത. 2019ലിറങ്ങിയ വികൃതി എന്ന ചിത്രം സംവിധായകന്‍റെയോ എഴുത്തുകാരന്‍റെയോ ഭാവനയിൽ വിരിഞ്ഞ കഥയല്ല. കൊച്ചി മെട്രോയില്‍ യാത്രാമധ്യേ ക്ഷീണിച്ച് മയങ്ങിപ്പോയ ഭിന്നശേഷിക്കാരനായ എല്‍ദോയെ മദ്യപാനിയായി ചിത്രീകരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങൾ അയാൾക്ക് മെട്രോയിലെ പാമ്പ് എന്ന വിശേഷണം ചാർത്തിക്കൊടുത്തു. അത് നിരപരാധിയായ ഒരു കുടുംബത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നും നവാഗത സംവിധായകനായ എം.സി.ജോസഫ് വികൃതിയിലൂടെ ചിത്രീകരിച്ചു. മറ്റുള്ളവരുടെ ജീവിതത്തിൽ കേറി അഭിപ്രായം പറഞ്ഞിരുന്ന നാട്ടുവർത്തമാനങ്ങളേക്കാൾ വലിപ്പത്തിൽ, സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകൾക്ക് ആഘാതം സൃഷ്‌ടിക്കാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുന്നതാണ് അങ്കമാലി കിടങ്ങൂര്‍ സ്വദേശി എല്‍ദോയുടെ അനുഭവം. പൊതുജനത്തിന്‍റെ മിഥ്യാധാരണയിൽ നിന്നും സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ഒരു പാവത്തിന്‍റെ സത്യാവസ്ഥ സിനിമയെ മാധ്യമമാക്കി സുരാജിലൂടെ സംവിധായകൻ അവതരിപ്പിച്ചു. എങ്കിലും, യഥാർത്ഥ ജീവിതത്തിൽ ഇന്നും എല്‍ദോയെ അപമാനിച്ച ആളെ പിടികൂടാൻ സാധിച്ചിട്ടില്ല.
7. ട്രാഫിക് (2011)
ട്രാഫിക്, ന്യൂജനറേഷൻ എന്ന് പേരെടുത്തുവിളിക്കുന്ന സിനിമകളിലെ തുടക്കക്കാരൻ. 2011ൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിലെ മികച്ച അഭിനയനിര പതിവിലും വ്യത്യസ്‌തമായ വേഷങ്ങളിലൂടെ പ്രേക്ഷകനെ ഞെട്ടിച്ചു. ഒപ്പം, ത്രില്ലിങ്ങും ട്വിസ്റ്റും സസ്‌പെൻസുമൊക്കെ പാകത്തിന് ചേർത്ത് ഭംഗിയായ തിരക്കഥയും സംവിധാനവും ട്രാഫിക്കിന്‍റെ വിജയത്തിന് ഹേതുവായി. സംവിധായകൻ രാജേഷ് പിള്ളയും തിരക്കഥാകൃത്ത് ബോബി പ്രകാശും കൂടി മലയാളത്തിന് സമ്മാനിച്ച മികച്ച ഒരു റോഡ് മൂവി. അതെ, പ്രേക്ഷകനെ നെഞ്ചിടിപ്പോടെ പിടിച്ചിരുത്തിയ ട്രാഫിക്ക്, റിലീസ് ചെയ്യുന്നതിനും രണ്ടു വർഷം മുമ്പ് നടന്ന സംഭവത്തെ തിരശ്ശീലയിലേക്ക് പകർത്തിയതാണ്. ചെന്നൈ നഗരത്തിൽ 11 മിനിറ്റ് കൊണ്ടു വിജയത്തിലെത്തിച്ച സംഭവത്തെ അൽപം നാടകീയരംഗങ്ങളിലൂടെ കടത്തി വിട്ടുകൊണ്ട് ഒരു വിജയമൊരുക്കാൻ രാജേഷ് പിള്ളക്ക് കഴിഞ്ഞു. സിനിമാ താരത്തിന്‍റെ മകൾക്ക് ഹൃദയം മാറ്റി വക്കാനായി അപകടത്തിൽ മരണപ്പെട്ട ഒരു യുവ ജേണലിസ്റ്റിന്‍റെ ഹൃദയം കൊണ്ടുപോകുന്നതാണ് ട്രാഫിക്കിന്‍റെ കഥ.
8. ഒരു കുപ്രസിദ്ധ പയ്യൻ(2018)
മുഖം രക്ഷിക്കാൻ പൊലീസ് തയ്യാറാക്കുന്ന തിരക്കഥയിൽ ചിലപ്പോഴൊക്കെ നിരപരാധികൾ ഇരകളാകാറുണ്ടെന്ന് തെളിയിക്കുന്നതാണ് സുന്ദരി അമ്മ കൊലക്കേസ്. കോഴിക്കോട് ഹോട്ടലുകളിൽ ഇഡ്ഡലി വിറ്റു ജീവിച്ചിരുന്ന സുന്ദരി അമ്മയുടെ കൊലപാതകിയായി അവരുമായി അടുത്തിടപഴകിയ യുവാവിനെയാണ് പൊലീസ് തെരഞ്ഞെടുത്തത്. 2012 ജൂലൈ 21ന് നടന്ന സംഭവത്തിൽ പൊലീസ് പ്രതിയാക്കിയ യുവാവിനെ കോടതി വെറുതെ വിടുകയും തെറ്റായ നടപടികൾ കൈക്കൊണ്ടതിന് പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു. ഇത് രണ്ടു വർഷങ്ങൾക്ക് മുമ്പ് പ്രദർശനത്തിനെത്തിയ ടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യനിൽ പ്രമേയമായി. മധുപാലാണ് ചിത്രം സംവിധാനം ചെയ്‌തത്.
9. അച്ഛനുറങ്ങാത്ത വീട് (2006)
കേരളക്കരയെ ഇളക്കിമറിച്ച സൂര്യനെല്ലി പെൺവാണിഭക്കേസ് സലീം കുമാർ, സംവൃത സുനിൽ, പൃഥ്വിരാജ്, മുക്ത ജോർജ്ജ് എന്നിവരിലൂടെ തിരശ്ശീലയിൽ അവതതരിപ്പിച്ചു. 2006ൽ റിലീസ് ചെയ്‌ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്‍റെ സംവിധായകൻ ലാൽ ജോസ് ആയിരുന്നു. 20 വർഷത്തിനിടെ വി.എസ് അച്യുതാനന്ദൻ തിയേറ്ററിലെത്തി കണ്ട ഒരേയൊരു സിനിമ. അവിസ്‌മരണീയമായ അഭിനയമുഹൂർത്തങ്ങളിലൂടെ സൂര്യനെല്ലിക്കേസിനെ ഇതിവൃത്തമാക്കിയ ചിത്രം വലിയ നിരൂപകപ്രശംസയും ഏറ്റുവാങ്ങി. ഒരു ഹൈസ്ക്കൂൾ വിദ്യാർഥിനി പെൺവാണിഭ സംഘത്തിന്‍റെ വലയിൽ പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളുമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം.
10. സെല്ലുലോയ്‌ഡ് (2013)
മലയാള ചലച്ചിത്രത്തിന്‍റെ പിതാവ് ജെ.സി ഡാനിയേലിന്‍റെ ജീവിതം മാത്രം പറഞ്ഞുപോകാൻ സംവിധായകൻ കമൽ തയ്യാറായിരുന്നില്ല. അദ്ദേഹം തന്നെ തിരക്കഥ രചിച്ച സെല്ലുലോയ്‌ഡിൽ വിഗതകുമാരന്‍ എന്ന ആദ്യ സിനിമയ്ക്കായുള്ള ഡാനിയേലിന്‍റെ പരിശ്രമവും അതിനായി അദ്ദേഹം നേരിട്ട വെല്ലുവിളികളും വിവരിക്കുന്നു. സിനിമ പുരോഗമിക്കുമ്പോൾ മലയാള സിനിമയുടെ ആദ്യനായിക കൂടിയായ വിഗതകുമാരനിലെ പി. കെ റോസിയുടെ ജീവിതവും സെല്ലുലോയ്‌ഡ് നോക്കികാണുന്നുണ്ട്. അതിനാൽ തന്നെ ഒരു പ്രത്യേക വ്യക്തിയുടെ കഥ മാത്രമല്ല ഇതിൽ വിവരിക്കുന്നതും.
11. മധുരനാരങ്ങ (2015)
ഓർഡിനറി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ കോമ്പോയിൽ സംവിധായകൻ സുഗീത് ഒരുക്കിയ മധുരനാരങ്ങയും കോപ്പിയടിച്ചതാണ്. ബോളിവുഡിൽ നിന്നോ ഹോളിവുഡിൽ നിന്നോ അല്ല. മറിച്ച്, യഥാർത്ഥ ജീവിതകഥകളിൽ നിന്നും പകർത്തിയെടുത്തത്. ബേസ്‌ഡ് ഓൺ എ ട്രൂ സ്റ്റോറി (യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയത്) എന്ന ടാഗ് ലൈനിൽ പുറത്തിറക്കിയ ചിത്രത്തിന്‍റെ പ്രമേയം മൂന്ന് മലയാളി പ്രവാസി യുവാക്കളുടെ ജീവിതത്തിലേക്ക് ഒരു ശ്രീലങ്കൻ യുവതി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ്. പാർവതി രതീഷ് എന്ന പുതുമുഖം ശ്രീലങ്കൻ യുവതിയെ ഗംഭീരമായി അവതരിപ്പിച്ചു. ശരിക്കും നടന്ന കഥയെ അതേ തീവ്രതയോടും വ്യാപ്‌തിയോടും നിഷാദ് കോയയുടെ രചനയിലൂടെ ഫ്രെയിമുകളിലേക്ക് പുനഃസൃഷ്‌ടിച്ചിട്ടുണ്ട്.
12. തിരക്കഥ (2008)
രഞ്ജിത് സംവിധാനം ചെയ്‌ത തിരക്കഥ 2008ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ചിത്രമാണ്. ഒരുകാലത്ത് സമൃദ്ധിയോടെ വെള്ളിത്തിരയിലുണ്ടായിരുന്ന മാളവിക എന്ന നടിയുടെയും പിൽക്കാലത്ത് സൂപ്പർതാരമായി മാറിയ അജയചന്ദ്രന്റേയും ഫ്ലാഷ് ബാക്കും നഷ്‌ടപ്രണയവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. എന്നിരുന്നാലും, അന്തരിച്ച ചലച്ചിത്രനടി ശ്രീവിദ്യയെയും കമലഹാസനെയുമാണ് അനൂപ് മേനോനും പ്രിയാമണിയും പ്രതിനിധീകരിക്കുന്നതെന്നും അഭിപ്രായമുണ്ട്.
13. ബ്രേക്കിംഗ് ന്യൂസ് (2013)
ഷറഫുദ്ദീന്‍ ഷാ സംവിധാനം ചെയ്‌ത ബ്രേക്കിംഗ് ന്യൂസ് അത്ര നിസാരമായി കണ്ടുകളയേണ്ട ഒരു ചിത്രമല്ല. രാജ്യ തലസ്ഥാനത്തിന് സമാനമായതുപോലെ കേരളത്തിനെ വേദനിപ്പിച്ച സൗമ്യ കേസാണ് ചിത്രം വെള്ളിത്തിരയിലേക്ക് പകർത്തിയത്. മൈഥിലിയാണ് സൗമ്യയെ പ്രതിനിധീകരിച്ച് ഇതിൽ വേഷമിട്ടത്. ഒരു പെൺകുട്ടി ആക്രമിക്കപ്പെടുമ്പോൾ അത് കണ്ടുനിൽക്കാതെ പ്രതികരിക്കാൻ സാധിച്ചാൽ അവിടെ ഗോവിന്ദച്ചാമിയെ പോലുള്ള കഴുകന്മാരിൽ നിന്ന് രക്ഷയുണ്ടാകുമെന്നും പിന്നീടുള്ള പശ്ചാത്താപത്തിന് വഴി വക്കില്ലെന്നും കാവ്യമാധവന്‍റെ നയന എന്ന കഥാപാത്രം പറഞ്ഞു തരുന്നു.
14. ക്രൈം ഫയൽ (1999)
1992ലാണ് അഭയ കൊലക്കേസ് നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി സുരേഷ് ഗോപി കേന്ദ്ര വേഷത്തിലെത്തിയ ക്രൈം ഫയലിൽ അഭയകേസാണ് പരാമർശിക്കുന്നത്. കെ. മധു ഒരുക്കിയ ത്രില്ലർ ചിത്രം പുറത്തിറക്കുന്നതിൽ ആദ്യം എതിർപ്പ് വന്നത് ക്രൈസ്തവ സഭകളിൽ നിന്ന് തന്നെയായിരുന്നു. 1999ൽ തിയേറ്ററിലെത്തിയ ക്രൈം ഫയലിൽ അമല എന്ന കന്യാസ്ത്രീ കൊല്ലപ്പെടുന്നതും സിസ്റ്ററിന്‍റെ കൊലപാതകിയെ കണ്ടെത്തുന്നതുമാണ് ചിത്രീകരിച്ചത്. വിവാദ വിഷയം കൈകാര്യം ചെയ്യുന്നതിനാൽ തന്നെ ചിത്രത്തിന്‍റെ റിലീസും പലതവണയായി മാറ്റിവക്കേണ്ടി വന്നു.
15. എൻ എച്ച് 47 (1984)
ദുൽഖർ സൽമാന്‍റെ ഏറ്റവും പുതിയ ചിത്രം കുറുപ്പ് പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിനെയാണ് കേന്ദ്രീകരിക്കുന്നത് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് അണിയറയിൽ ഒരുങ്ങുന്ന കുറുപ്പിന്‍റെ സംവിധായകൻ. എന്നാൽ, സുകുമാരക്കുറുപ്പിനെ കാണാതായി മാസങ്ങൾക്കുള്ളിൽ പുറത്തുവന്ന എൻ എച്ച് 47ഉം കുറുപ്പിന്‍റെ കഥയാണ് സിനിമയാക്കിയത്. ചാക്കോ എന്ന മെഡിക്കൽ റെപ്രെസന്‍റേറ്റീവിനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോകുന്ന സുകുമാരക്കുറുപ്പിന്‍റെ വേഷം 1984ൽ റിലീസ് ചെയ്‌ത ചിത്രത്തിൽ ടി.ജി. രവി അവതരിപ്പിച്ചു. ബേബി സംവിധാനം ചെയ്‌ത എൻ എച്ച് 47ൽ കുറുപ്പിനെ പൊലീസ് പിടികൂടുന്നതായും കാണിക്കുന്നു.
സിനിമകളെ അനുകരിച്ച് ജീവിതത്തിൽ പല സംഭവവികാസങ്ങളും അരങ്ങേറുന്ന പോലെ, തിരിച്ചും ചലച്ചിത്രങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു. ഇത്തരം സിനിമകളുടെ ലിസ്റ്റ് അവസാനിക്കുന്നില്ല. കുപ്രസിദ്ധമായ തിരുവല്ല അമ്മാളു കൊലക്കേസ് ആസ്‌പദമാക്കി 1962ൽ റിലീസ് ചെയ്‌ത സത്യൻ ചിത്രം ഭാര്യ, 2001ൽ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തെ പരാമർശിക്കുന്ന രാക്ഷസ രാജാവ്, പോൾ മുത്തൂറ്റ് കൊലപാതകം അടിസ്ഥാനമാക്കി തയ്യാറാക്കിയ പൃഥ്വിരാജ് ചിത്രം ത്രില്ലർ എന്നിങ്ങനെ ക്രൈം ചിത്രങ്ങളുടെ പട്ടിക നീളുന്നു. ഇതിനെല്ലാം പുറമെ പഴശ്ശിരാജയുടെയും മറ്റും കഥകൾ തിരശ്ശീലയിലും ആവിഷ്‌കരിച്ചുകൊണ്ടുള്ള ചരിത്രസിനിമകളും മലയാളത്തിൽ നിർമിച്ചിട്ടുണ്ട്.
പ്രവാസ ജീവിതങ്ങളുടെ വിജയകഥകളല്ലാതെ, കഷ്‌ടപ്പാടുകളുമുണ്ടെന്ന് എഴുത്തുകാരൻ ബെന്യാമിൻ ആടുജീവിതം എന്ന നോവലിലൂടെ പരിചയപ്പെടുത്തി. ആലപ്പുഴ സ്വദേശിയായ നജീബ് സൗദിയിലെ മരുഭൂമിയിലുള്ള ആടുവളർത്തൽ കേന്ദ്രത്തിൽ അകപ്പെട്ടുപോകുന്നതും അവിടെ നിന്ന് അതി കഠിനമായ പരിശ്രമങ്ങളിലൂടെ രക്ഷപ്പെടുന്നതും ബെന്യാമിൻ കടലാസിലേക്ക് പകർത്തിയത് പോലെ ബ്ലെസ്സി ക്യാമറയിലേക്ക് പകർത്തുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന്‍റെയും നിർമാണം പൂർത്തിയാകുന്നതോടെ സംഭവിച്ച ഒരു കാര്യത്തെ തിരശ്ശീലയിലേക്ക് പകർത്തിയ കൂട്ടത്തിൽ ആടുജീവിതവും ഇടംപിടിക്കും.