ചെന്നൈ: രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ രജനികാന്ത് ചൈന്നൈയിൽ മടങ്ങിയെത്തി. ആരോഗ്യനില മെച്ചപ്പെട്ടതോടെ, കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർതാരം ഹൈദരാബാദ് അപ്പോളോ ആശുപത്രി വിട്ടത്. താരം ഹൈദരാബാദിൽ നിന്നും ചെന്നൈയിൽ തിരിച്ചെത്തിയെങ്കിലും ഒരാഴ്‌ചത്തേക്ക് പൂർണവിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

അതേ സമയം ഈ മാസം 31നുള്ള രാഷ്‌ട്രീയ പാർട്ടിയുടെ ഔദ്യോഗികപ്രഖ്യാപനത്തെ സംബന്ധിച്ച് പുതിയ സ്ഥിരീകരണമൊന്നും താരത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ പ്രഖ്യാപനത്തിൽ മാറ്റമില്ലെന്ന് പ്രതീക്ഷിക്കുന്നതായി തലൈവയുടെ അടുത്ത വിശ്വസ്‌തൻ തമിഴരുവി മണിയൻ ഒരു വാർത്താ മാധ്യമത്തിനോട് വ്യക്തമാക്കിയിട്ടുണ്ട്. രജനികാന്ത് പൊതുപരിപാടികൾ ഒഴിവാക്കണമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നുണ്ട്.