ന്യൂഡല്‍ഹി : അന്‍പത്തി ഒന്നാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി രജനികാന്ത്. ഡല്‍ഹിയില്‍ നടന്ന 67ാമത് ദേശീയ പുരസ്കാര വിതരണ ചടങ്ങില്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് അദ്ദേഹം നല്‍കിയ ആജീവനാന്ത സംഭാവനകള്‍ മാനിച്ചാണ് അംഗീകാരം.
പുരസ്കാരം ഏറ്റുവാങ്ങാനായി അദ്ദേഹം കുടുംബസമേതമാണ് ഡല്‍ഹിയിലെത്തിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഭാര്യ ലത, മകള്‍ ഐശ്വര്യ, മരുമകന്‍ ധനുഷ് എന്നിവരുണ്ടായിരുന്നു. അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു.
ഇന്ത്യന്‍ ചലച്ചിത്രത്തിന്‍റെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ 100ാം ജന്മവാര്‍ഷികമായ 1969 മുതലാണ് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്.
1933ല്‍ കര്‍മ്മ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിത എന്നറിയപ്പെടുന്ന ദേവിക റാണിയാണ് ആദ്യ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവ്. ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചനായിരുന്നു 2018ല്‍ ഈ അംഗീകാരത്തിന് അര്‍ഹനായത്.