തൃശൂർ : കൊവിഡ് മഹാമാരിയുടെ നിബന്ധനകളാല്‍ ആളും ആരവവുമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി മുഹമ്മദ് സ്‌മാരക തിയേറ്റര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കാണികളെ വരവേറ്റു. സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിന്‍റെ ഉദ്‌ഘാടനം അക്കാദമി വൈസ് ചെയര്‍മാൻ സേവ്യർ പുൽപ്പാട്ട് നിര്‍വഹിച്ചു.
അവസാനമായി 2018ലാണ് അക്കാദമിയിൽ നാടകങ്ങള്‍ അരങ്ങേറിയത്. 2019 ൽ നടക്കേണ്ട മത്സരമാണ് ഇപ്പോൾ ആരംഭിച്ചിട്ടുളളത്. നീണ്ട കാലയളവിന് ശേഷം തിയേറ്ററിൽ നാടകങ്ങൾ അരങ്ങിലെത്തുമ്പോൾ വലിയ ആഹ്ളാദത്തിലാണ് ആസ്വാദകര്‍.
പ്രൊഫഷണല്‍ നാടകമത്സരത്തിന്‍റെ ഭാഗമായി രാവിലെ കൊച്ചിന്‍ ചന്ദ്രകാന്തത്തിന്‍റെ അന്നം എന്ന നാടകം അരങ്ങേറി. 25 മുതല്‍ 29 വരെ നടക്കുന്ന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമായി രണ്ട് വീതം നാടകങ്ങളാണ് അരങ്ങേറുന്നത്.
Also Read: ദത്ത് കേസ്; തുടര്‍നടപടികള്‍ സ്റ്റേ ചെയ്‌ത് ജില്ല കുടുംബകോടതി
ഉദ്ഘാടനച്ചടങ്ങിൽ നിർവാഹക സമിതി അംഗം ഫ്രാൻസിസ് ടി മാവേലിക്കര അദ്ധ്യക്ഷത വഹിച്ചു. പുസ്തകക്കാലം-നൂറ് ദിനം: നൂറ് പുസ്തകം പദ്ധതിയുടെ ഭാഗമായി അക്കാദമി പുറത്തിറക്കിയ എട്ട് പുസ്‌തകങ്ങള്‍ സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ നാടകകൃത്ത് പി.വി.കെ പനയാലിന് നല്‍കി പ്രകാശനം ചെയ്തു.
പൂര്‍ണമായും സാനിറ്റൈസ് ചെയ്‌ത് അണുവിമുക്തമാക്കിയാണ് തിയേറ്റര്‍ നാടകമത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ 250 പേര്‍ക്ക് മാത്രമാണ് അക്കാദമി പാസ് അനുവദിച്ചിട്ടുള്ളത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി.