വലിയ കാന്‍വാസില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിന്‍റെ റിലീസ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നൂറ് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ഒടിടി പ്ലാറ്റ് ഫോമില്‍ പ്രദര്‍ശനത്തിന് എത്തുമോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ സിനിമാപ്രേമികള്‍ക്കുള്ളിലുണ്ട്. ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ പ്രിയദര്‍ശന്‍.
'ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് റെക്കോഡ് തുകക്ക് നേരത്തെ വിറ്റുപോയതാണ്. ആഗോള തലത്തില്‍ തിയേറ്ററുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പ്രേക്ഷകര്‍ എത്തി തുടങ്ങിയാലേ റിലീസ് നടക്കൂ. അല്ലാത്തപക്ഷം റൈറ്റ്സ് വാങ്ങിയവര്‍ക്ക് അവരുടെ പണം പലിശ സഹിതം തിരിച്ചുകൊടുക്കേണ്ടിവരും. നിലവില്‍ ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്' പ്രിയദര്‍ശന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒടിടി റിലീസ് സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ടെങ്കിലും മരക്കാര്‍ പോലൊരു ബിഗ് ബജറ്റ് ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യുകയെന്നത് അസാധ്യമായ കാര്യമാണെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്.