2020ലെ നഷ്ടങ്ങളുടെ പട്ടിക നോക്കിയാല്‍ എല്ലാവരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടേത്. ഇനിയും നിരവധി സിനിമകള്‍ ആസ്വാദകര്‍ക്ക് സമ്മാനിക്കാന്‍ കഴിവുള്ള വലിയൊരു പ്രതിഭയെയാണ് 2020 കൊണ്ടുപോയത്. ഡിസംബര്‍ 25 സച്ചിയുടെ പിറന്നാള്‍ ദിനം കൂടിയാണ്. സ്വന്തമായി സിനിമ നിര്‍മിക്കണമെന്ന സച്ചിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നടന്‍ പൃഥ്വിരാജ്. സച്ചി ക്രിയേഷന്‍സ് എന്ന പുതിയ ബാനര്‍ സുഹൃത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ് പുറത്തിറക്കി.
- " class="align-text-top noRightClick twitterSection" data="">
'നമസ്ക്കാരം എല്ലാവർക്കും എന്‍റെ ക്രിസ്‌മസ് ആശംസകൾ.... ഡിസംബര്‍ 25 എന്നെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്‍റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്‍റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.... അദ്ദേഹത്തിന്‍റെ ഓർമ നിലനിർത്തുന്നതിനും... ആഗ്രഹ പൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാന്‍ ഒരു ബാനർ അനൗൺസ്‌മെന്‍റ് നടത്തുകയാണ് 'സച്ചി ക്രിയേൻഷന്‍സ്'. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു....' ഫേസ്ബുക്കില്‍ പൃഥ്വിരാജ് കുറിച്ചു.
സംവിധായകന്‍, അഭിനേതാവ് എന്നതിലുപരി പൃഥ്വിയും സച്ചിയും നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു. അനാര്‍ക്കലി, അയ്യപ്പനും കോശിയും, ചോക്ലേറ്റ് തുടങ്ങിയ സിനിമകള്‍ ഹിറ്റായതിന് കാരണവും ഇരുവരുടെയും കൂട്ടുകെട്ട് തന്നെയാണ്. രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകള്‍ സച്ചി എഴുതിയിട്ടുണ്ട്. 2007 ല്‍ ഷാഫി സംവിധാനം ചെയ്‌ത ചോക്ലേറ്റിലൂടെ തിരക്കഥാകൃത്തായായിരുന്നു സച്ചിയുടെ അരങ്ങേറ്റം. സച്ചിയുടെതായി അവസാനമിറങ്ങിയ സിനിമകള്‍ ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയുമാണ്.