12 വർഷങ്ങൾ മുൻപ് അരങ്ങൊഴിഞ്ഞ ഇതിഹാസം... പോപ് സംഗീതരാജാവ് മൈക്കിൾ ജാക്‌സണിന്‍റെ 63-ാം ജന്മവാർഷികമാണിന്ന്. മരിക്കാൻ ഇഷ്‌ടമല്ലാത്ത മൈക്കിൾ തന്‍റെ അമ്പതാം വയസ്സിൽ വളരെ അപ്രതീക്ഷിതമായി വിടവാങ്ങിയെങ്കിലും, താളം ചവിട്ടി പോപ് പാടി അയാൾ കോടാനുകോടി ജനമനസ്സുകളിൽ ഇന്നും നിലയുറപ്പിച്ചിരിക്കുന്നു.
ആഗോളതലത്തിലേക്ക് വ്യാപിക്കാൻ സമൂഹമാധ്യമങ്ങൾ പരന്നുകിടന്നിട്ടും, ലോകത്തിൽ ഇന്നുവരെ ഒരു സംഗീതജ്ഞനും ഇത്രയധികം ആരാധകരെ സൃഷ്‌ടിച്ച് മൈക്കിൾ ജാക്‌സണിന്‍റെ ചരിത്രത്തെ മാറ്റിയെഴുതാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് നൂറ്റാണ്ടിന്‍റെ കലാകാരനായി മൈക്കിൾ ജാക്‌സണിന്‍റെ ജന്മദിനവും ഓർമദിവസവുമെല്ലാം ലോകത്തിലെ ഓരോ പരമാണുവിലും അനുസ്‌മരിക്കപ്പെടുന്നത്.
1958 ഓഗസ്റ്റ് 29ന് അമേരിക്കയിലെ ഇന്‍ഡ്യാനയിൽ ഗാരി എന്ന പട്ടണത്തില്‍ ജോ- കാതറീൻ ജാക്‌സൺ ദമ്പതികളുടെ എട്ടാമത്തെ കുട്ടിയായി ജനിച്ചു. തന്‍റെ അഞ്ചാം വയസുമുതൽ കർക്കശക്കാരനായ അച്ഛന്‍റെ കൈപ്പിടിയിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങിയതോടെ കുഞ്ഞു ജാക്‌സണിന് ഇഷ്‌ടത്തോടെ ഓർത്തെടുക്കാൻ ഒരു ബാല്യമില്ലാതായി.
താൻ കണ്ട സ്വപ്‌നങ്ങളെല്ലാം അഞ്ച് മക്കളിലൂടെ നേടാനാഗ്രഹിച്ച അച്ഛനിൽ നിന്നും ശകാരവും ബെൽറ്റിനുള്ള അടിയും സഹിച്ചാണ് ജാക്‌സൺ സഹോദരങ്ങൾ സംഗീതം പരിശീലിച്ചത്.
ജാക്കി, ടിറ്റോ, ജെര്‍മെയിന്‍, മാര്‍ലോണ്‍ എന്നീ സഹോദരങ്ങൾക്കൊപ്പം 1960കളുടെ പകുതിയിൽ അച്ഛന്‍റെ ശിക്ഷണത്തിൽ 'ദി ജാക്‌സൺ 5' എന്ന ബാൻഡ് തുടങ്ങി. വേദികളെ പ്രകമ്പനം കൊള്ളിച്ച് മ്യൂസിക് ബാൻഡ് പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയപ്പോൾ ട്രൂപ്പിലെ ഏറ്റവും ഇളയവനായ മൈക്കിളിന്‍റെ പാട്ടും ദ്രുതചലനങ്ങളും പ്രേക്ഷകരെ സമ്പാദിച്ചു.
എഴുപതുകളുടെ തുടക്കത്തോടെ മൈക്കല്‍ ജാക്‌സണിന്‍റെ സോളോ പ്രകടനങ്ങൾക്കും തുടക്കമായി. ഈ ദശകത്തിന്‍റെ അവസാനമെത്തിയപ്പോൾ മൈക്കിൾ ജാക്‌സൺ ലോകമെമ്പാടുമുള്ള ആസ്വാദകഹൃദയത്തിലേക്ക് കുടിയേറിക്കഴിഞ്ഞിരുന്നു.
ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി, ലോകത്ത് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സംഗീതജ്ഞൻ, പോപ്പിന്‍റെയും റോക്ക് ആൻഡ് റോളിന്‍റെയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വ്യക്തിയും ഏകപ്രതിഭയും.. ഗിന്നസ് റെക്കോഡുകൾ ഉൾപ്പെടെ ഒരു മനുഷ്യജീവിതത്തിന്‍റെ വെറും അര നൂറ്റാണ്ടിൽ ജാക്‌സൺ നേടാത്ത ടൈറ്റിലുകളില്ല.
More Read: മനസ്സില്‍ മായാതെ മൂണ്‍വാക്ക് ; നൃത്ത മാന്ത്രികനില്ലാത്ത 12 വർഷങ്ങൾ
മഹാപ്രതിഭയുടെ ത്രില്ലർ എന്ന ആൽബം ആഗോളതലത്തിൽ വിറ്റഴിച്ചത് 10 കോടി കോപ്പികളാണ്. 1979ൽ ഓഫ് ദ വാൾ, 1987ൽ ബാഡ്, 1991ൽ ഡെയ്ഞ്ചൊറസ്, 1995ൽ ഹിസ്റ്ററി തുടങ്ങിയ സോളോ സ്റ്റുഡിയോ ആൽബങ്ങളും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടു.
കാൽ വിരൽത്തുമ്പിൽ നിന്നുള്ള ചടുല നൃത്തങ്ങൾ... 45 ഡിഗ്രി ചരിഞ്ഞ് മുന്നോട്ട് നീങ്ങുന്ന അസാമാന്യ പ്രകടനം, മൂൺ വാക്ക്.... സംഗീതത്തിനും നൃത്തത്തിനുപരി ഇനിയും ആർക്കും കണ്ടെത്താനാവാത്ത പരീക്ഷണങ്ങൾ പകർത്തിയാണ് മൈക്കിൾ ജാക്‌സൺ അരങ്ങുകളെ സമൃദ്ധമാക്കിയിരുന്നത്. കാണികളിൽ പ്രകമ്പനം കൊള്ളിക്കുന്ന അദ്ദേഹത്തിന്‍റെ ചടുല ചലനങ്ങൾ വർഷങ്ങൾക്കിപ്പുറവും ഭൂഗോളത്തിന്‍റെ പല കോണുകളിലും അനുകരിക്കപ്പെടുന്നുണ്ട്.
13 ഗ്രാമി പുരസ്‌കാരങ്ങളും 26 അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങളും 13 നമ്പർ വൺ സിംഗിൾസ് ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്‌കാരങ്ങളും ജാക്‌സൺ കരസ്ഥമാക്കിയിട്ടുണ്ട്.
ബാല പീഡനത്തിന്‍റെ ആരോപണങ്ങൾ ശരിക്കും തന്നെ ഞെട്ടിച്ചുവെന്നാണ് ജാക്‌സൺ ആദ്യം വാർത്തയോട് പ്രതികരിച്ചത്. പോപ് സംഗീതചക്രവർത്തിക്ക് നേരെ കടുത്ത ആരോപണങ്ങൾ ഉയർന്നപ്പോഴും, 'വീ ആർ വിത്ത് യൂ ജാകസൺ' പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ആരാധകർ അദ്ദേഹത്തിനൊപ്പം ചേർന്നുനിന്നു.
എന്നാൽ, മയക്കുമരുന്ന് ആരോപണങ്ങളും സ്വവർഗാനുരാഗി, പെരുമാറ്റങ്ങൾ, വ്യക്തിഗത ബന്ധങ്ങൾ, ബാലപീഡകൻ തുടങ്ങിയ വിവാദങ്ങളും പല തവണ ഉയർന്നുകേട്ടിട്ടും മൈക്കിളിന്‍റെ പ്രശസ്‌തിയുടെ കൊടുമുടിയെ പിടിച്ചുകുലുക്കാനായിട്ടില്ല.
കുട്ടിക്കാലത്ത് കുടുംബത്തിൽ അച്ഛനിൽ നിന്ന് കേട്ടുതുടങ്ങിയ കറുപ്പൻ എന്ന പരിഹാസം പലപ്പോഴും അദ്ദേഹത്തിന്‍റെ ചിന്തകളെ കീഴടക്കിയിരുന്നു. ഇതുതന്നെയാണ് ശസ്‌ത്രക്രിയയിലൂടെ രൂപമാറ്റത്തിന് വരെ മൈക്കിളിനെ പ്രേരിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്.
എങ്കിലും വർണത്തിനും വംശത്തിനും ഇടയിൽ ഞെരുക്കപ്പെടുന്ന കലാകാരന്, ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാണ് മരണശേഷവും മൈക്കിൾ ജാക്‌സണിലുള്ള കീർത്തി.
സംഗീതത്തിലെ അഭിനിവേശത്തിൽ മാത്രമായിരുന്നില്ല എംജെ സൃഷ്‌ടിച്ച റെക്കോഡുകൾ. ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരമെന്ന പേരിൽ ഗിന്നസ് ബുക്കിലിടം നേടി. മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളുടെ നെടുംതൂണായിരുന്ന മൈക്കിൾ ജാക്‌സൺ, ലയണൽ റിച്ചിക്കൊപ്പം 1985ൽ വീ ആർ ദി വേൾഡ് എന്ന ഗാനം സൃഷ്‌ടിച്ചുകൊണ്ട് ധനം സമാഹരിച്ച് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്നു.
More Read: ഓർമകൾക്ക് വീര്യം കൂടും, പോപ് ഇതിഹാസം വിടവാങ്ങിയിട്ടും...
150 വർഷങ്ങൾ വരെ ജീവിച്ചിരിക്കണമെന്നായിരുന്നു മൈക്കിൾ ജാക്‌സണിന്‍റെ ആഗ്രഹം... 50-ാം വയസിൽ ജീവിതയാത്ര അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഓഗസ്റ്റ് 29 ഓരോ എംജെ ആരാധകരും ആഘോഷിക്കുകയാണ്...
പ്രൊപ്പഫോൾ, ലോറാസെപാം തുടങ്ങിയ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതമാണ് 2009 ജൂണ്‍ 25ന് ഒരു ഞായറാഴ്‌ച ദിവസം അദ്ദേഹത്തിന്‍റെ ചലനങ്ങളെ എന്നെന്നേക്കുമായി നിശ്ചലമാക്കിയത്.
ലോകത്തിലെ പരമാണുകോടി ജനതക്ക് അവിശ്വസനീയമായിരുന്നു ആ വാർത്തയും ദിവസവും. എന്നാൽ, മൈക്കിളിന്‍റെ കലാസൃഷ്‌ടികളെ പുനരവതരിപ്പിച്ചും പുനർനിർമിച്ചും ലോകം വീണ്ടും ആസ്വദിക്കുകയാണ്... മരിച്ചാലും നിലയ്‌ക്കാത്ത വീര്യമേറിയ എംജെ സംഗീതത്തെ...