മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾ ദിലീഷ് പോത്തന്‍റെ വെറുമൊരു ഡോസ് മാത്രമായിരുന്നുവെന്നാണ് ജോജി കണ്ടവർ പറയുന്നത്. ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ട് മലയാളത്തിന്‍റെ കെട്ടുറപ്പുള്ള കോമ്പോയായി അംഗീകരിച്ചിരിക്കുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒപ്പം, ചിത്രത്തിന്‍റെ തിരക്കഥയ്ക്കും സംഗീതത്തിനും മറ്റ് അഭിനേതാക്കളുടെ പ്രകടനത്തിനും എന്തിനേറെ ജോജിയുടെ ലൊക്കേഷന് വരെ വലിയ പ്രശംസയാണ് ലഭിക്കുന്നതും.
ഉണ്ണിമായ, ബാബുരാജ്, ഷമ്മി തിലകൻ, ബേസിൽ ജോസഫ്, ജോജി മുണ്ടക്കയം എന്നിവരുടെയെല്ലാം തന്മയത്വത്തോടെയുള്ള അഭിനയം അഭിനന്ദനാർഹമാണ്. എന്നാൽ, ജോജിയിലെ പനച്ചേൽ കുട്ടപ്പനെ അവതരിപ്പിച്ച പിഎൻ സണ്ണി ആരെന്നും പ്രേക്ഷകർ തിരഞ്ഞുപോയിട്ടുണ്ട്. സിനിമയിൽ പുതിയ മുഖമല്ല അദ്ദേഹത്തിന്‍റേത്. എന്നാൽ, എവിടെയോ കണ്ട് മറന്ന പോലെ. മലയാളി മറക്കാത്ത തൊരപ്പൻ ബാസ്റ്റിനായിരുന്നു അത്. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികത്തിൽ ആടുതോമയെ പിന്നിൽ നിന്നും കുത്തിവീഴ്ത്തിയ തൊരപ്പൻ ബാസ്റ്റിൻ. ശാരീരിക ശക്തിയിലും കർക്കശക്കാരനായ അച്ഛന്‍റെ പെരുമാറ്റത്തിലും ഒക്കെ മികവ് പുലർത്തിയിട്ടുണ്ട് ജോജിയിലെ പനച്ചേൽ കുട്ടപ്പൻ. കോട്ടയം സ്വദേശിയാണ് പിഎൻ സണ്ണി.
സ്ഫടികം കൂടാതെ, ഹൈവേ, സ്വസ്ഥം ഗൃഹഭരണം, അശ്വാരൂഢൻ, ഇയ്യോബിന്‍റെ പുസ്തകം, ഡബിൾ ബാരൽ, അൻവർ എന്നിങ്ങനെ ഇരുപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്രമേളയിൽ ഇടംപിടിച്ച ഏദൻ എന്ന ചിത്രത്തിലെ മാടൻ തമ്പി വേഷവും ശ്രദ്ധ നേടിയിരുന്നു. മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു. കോട്ടയം തോട്ടക്കാട് ഒരു ജിം നടത്തുന്നുണ്ട്. കൂടാതെ, അദ്ദേഹം കളരിയും അഭ്യസിച്ചിട്ടുണ്ട്.