തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്‍കിയതിനെതിരെ നടി പാര്‍വതി തിരുവോത്ത്. മീ ടൂ ലൈംഗിക ആരോപണത്തിൽപെട്ട വൈരമുത്തുവിന് പുരസ്‌കാരം നൽകിയതിലാണ് പ്രതികരണം. ഇദ്ദേഹത്തിനെതിരെ 17 സ്ത്രീകൾ ലൈംഗികാരോപണം ഉയർത്തിയിട്ടുണ്ട്. എന്നിട്ടും ബഹുമാന്യനായ ഒഎൻവിയുടെ പേരിലുള്ള അവാർഡ് വൈരമുത്തുവിന് നൽകിയതെന്തിനെന്ന് നടി ചോദിച്ചു. മാനവികതയ്ക്കാണ് പ്രാധാന്യം. അതിനാൽ 'കല വേഴ്സസ് കലാകാരൻ' ചര്‍ച്ചയുമായി തന്നെ സമീപിക്കുകയാണെങ്കിൽ, താൻ കലയെ സൃഷ്‍ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമായിരിക്കും തെരഞ്ഞെടുക്കുകയെന്നും പാർവതി ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ
'പതിനേഴ് സ്‍ത്രീകൾ അവരുടെ അനുഭവം വെളിപ്പെടുത്തിയിരുന്നു. എത്രപേർക്ക് അന്യായം സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. അന്യായം ചെയ്യപ്പെടുന്നവരോട് തെറ്റ് ചെയ്യുന്നത് തുടരുകയാണ്. ഇത് അധികാരത്തിലിരിക്കുന്നവരുടെ പ്രശസ്‍തി ഉയർത്തിപ്പിടിക്കാൻ വേണ്ടി മാത്രമാണ്. മാനവികതയേക്കാൾ പ്രാധാന്യമൊന്നുമില്ല. ആര്‍ട്ട് വേഴ്‌സസ് ആർട്ടിസ്റ്റ് എന്ന രീതിയിൽ ചര്‍ച്ചയുമായി എന്നെ സമീപിക്കുകയാണെങ്കിൽ, കലയെ സൃഷ്‍ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമായിരിക്കും ഞാൻ തെരഞ്ഞെടുക്കുക. ശിക്ഷിക്കപ്പെടുകയില്ലെന്ന് ധൈര്യമുള്ള, പൊള്ളയായവരുടെ 'കല' ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയും. അടൂർ ഗോപാലകൃഷ്ണനും ജൂറിയും വൈരമുത്തുവിന് അംഗീകാരം നൽകിയതിനെ എങ്ങനെ ന്യായീകരിക്കുമെന്നും പാർവതി ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചോദിച്ചു.
More Read: അധ്യാപകനെതിരായ നടപടി : വൈരമുത്തുവിനെതിരെയും വേണമെന്ന് കനിമൊഴിയോട് ചിന്മയി
ഒപ്പം, ഒരു മാസം മുമ്പ് എം.കെ സ്റ്റാലിനുള്ള ഡിഎംകെയുടെ പരിപാടിയിൽ വൈരമുത്തുവിനെ ഉള്‍പ്പെടുത്തിയതില്‍ വലിയ വിമർശനം ഉയര്‍ന്നെന്ന വാർത്തയും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ് പിന്നണി ഗായിക ചിന്മയി ശ്രീപാദ ഉൾപ്പെടെയുള്ളവരാണ് വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ചത്.