72-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഈ വര്‍ഷത്തെ പദ്‌മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സംഗീതത്തെ ഏറെ സ്നേഹിക്കുന്ന, അല്ലെങ്കില്‍ 'സംഗീതത്തിന്' ഏറെ പ്രിയപ്പെട്ട മൂന്നുപേര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. മലയാളികളുടെ പ്രിയ ഗായിക കെ.എസ് ചിത്രയ്‌ക്ക് പദ്‌മഭൂഷണാണ് ലഭിച്ചത്. തനിക്ക് ലഭിച്ച പത്മഭൂഷൺ ബഹുമതിയിൽ സന്തോഷമെന്നാണ് മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്ര വാർത്തയറിഞ്ഞ ശേഷം പ്രതികരിച്ചത്. ആറ് ദേശീയ പുരസ്‌കാരങ്ങൾ ചിത്ര ഇതിനോടകം നേടിയിട്ടുണ്ട്. കൂടാതെ 2005ൽ രാജ്യം പത്മശ്രീ നൽകിയും ഈ അനുഗ്രഹീത ഗായികയെ ആദരിച്ചിരുന്നു. 1997ൽ ബ്രട്ടീഷ് പാർലമെന്‍റിന്‍റെ ഹൗസ് ഓഫ് കോമൺസും ചിത്രയെ ആദരിച്ചിരുന്നു. ഇവിടെ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു ചിത്ര.
ദേശാടനം തുടങ്ങി ധാരാളം സിനിമകൾക്ക് ഗാനരചനയും സംഗീതവും നിര്‍വഹിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പദ്‌മശ്രീ ലഭിച്ചു. 1993ൽ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൈതപ്രത്തിന് ലഭിച്ചിട്ടുണ്ട്. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയിട്ടുണ്ട്. 1996ൽ ദേശാടനം എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി. 1997ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീത സംവിധാനം നടത്തി. ഇതിനകം നാനൂറിൽപ്പരം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ കർണാടക സംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
നിത്യഹരിതഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്, ആരാധക മനസില്‍ ഇന്നും കുടികൊള്ളുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച പ്രിയപ്പെട്ട എസ്‌പിബിക്ക് മരണാനന്തര ബഹുമതിയായി പദ്‌മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. സെപ്റ്റംബർ 25നായിരുന്നു സംഗീത ലോകത്തെയും പ്രിയ ആരാധകരെയും കണ്ണീരിലാഴ്ത്തി എസ്‌പിബി വിടവാങ്ങിയത്. യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്‌പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നന്തി അവാര്‍ഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്‍റെ പുരസ്‌കാരം മൂന്ന് വട്ടം ലഭിച്ചു. ഒപ്പം 2001ല്‍ പത്മശ്രീയും 2011ല്‍ പദ്‌മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.