തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിൽ കൂപ്പുകുത്തിയ സിനിമ വ്യവസായം കൂടുതൽ പ്രതിസന്ധിയിലേക്ക്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നിർമാതാക്കളെ പണം നൽകാതെ പറ്റിക്കുന്നുവെന്ന പരാതി വ്യാപകമായതോടെ തൽക്കാലം സിനിമ നിർമിക്കാനില്ലെന്നാണ് മിക്ക നിർമാതാക്കളുടെയും തീരുമാനം.
സിനിമ പുറത്തിറക്കാനാവാതെ പ്രതിസന്ധിയിലായ നിർമാതാക്കളുടെ ദുരവസ്ഥ ചൂഷണം ചെയ്യാൻ പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ശ്രമിക്കുന്നുവെന്നാണ് നിർമാതാക്കളുടെ സംഘടന വിലയിരുത്തുന്നത്. അതേസമയം ഒടിടി റിലീസിന് തയ്യാറെടുക്കുന്നവരെ തടയേണ്ടതില്ലെന്നാണ് അനൗദ്യോഗിക നിലപാട്.
മാര്‍ക്കറ്റ് മിനിമം ഗ്യാരന്‍റി ചിത്രങ്ങള്‍ക്ക്
കൊവിഡിനെ തുടർന്ന് തിയറ്ററുകൾ പ്രവർത്തിക്കാത്തതിനാൽ സിനിമയുമായി ഒ.ടി.ടികളുടെ വാതിലിൽ മുട്ടേണ്ട ഗതികേടാണ് നിർമാതാക്കളെ വലയ്ക്കുന്നത്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ എന്നിവയാണ് രാജ്യത്തെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ. ഇവയിലേതെങ്കിലും സിനിമ സ്വീകരിച്ചാൽ മാത്രമേ നിർമാതാവിന് ഗുണമുള്ളൂ.
അതേസമയം, മിനിമം ഗാരൻ്റിയുള്ള അഭിനേതാക്കളുടെ ചിത്രങ്ങൾ മാത്രമാണ് പ്രമുഖ ഒടിടികൾ സ്വീകരിക്കുന്നത്. പുതുമുഖ ചിത്രങ്ങൾക്ക് കാര്യമായ പ്രതീക്ഷ വേണ്ട. രണ്ടാം നിരയിലെ പ്രമുഖ നടന്മാരുടെ ചിത്രങ്ങൾ പലതും ഒടിടിയിൽ റിലീസ് ചെയ്തെങ്കിലും നിർമാതാവിന് എത്ര പണം ലഭിച്ചുവെന്നത് അജ്ഞാതം. കണക്കുകൾ നിർമാതാക്കളോ ഒ.ടി.ടികളോ പുറത്തുവിടാറില്ലെന്ന് നിർമാതാവും നടനുമായ മണിയൻപിള്ള രാജു ഇടിവി ഭാരതിനോട് പറഞ്ഞു.
കണക്കിലെ കളികൾ
ഏത് പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്താലും ചിത്രത്തിൻ്റെ യഥാർഥ വരുമാനം സംബന്ധിച്ച കണക്കുകൾ ഒ.ടി.ടി കമ്പനിയുടെ പക്കൽ മാത്രമാണ് ഉണ്ടാവുക. പ്രമുഖ കമ്പനികൾ ചിത്രം പണം കൊടുത്ത് വാങ്ങുന്നതിനാൽ നിർമാതാവിന് നഷ്ടം വരാതെ രക്ഷപ്പെടാം. അതേസമയം, പുതിയ ഒ.ടി.ടികൾ ലാഭവിഹിത രീതിയിലാണ് ചിത്രം വാങ്ങുന്നതെങ്കിൽ പ്രേക്ഷകൻ എത്ര സെക്കൻഡുകൾ ചിത്രം കണ്ടു എന്നതിനെ ആശ്രയിച്ചാണ് വരുമാനം നിർണയിക്കുന്നത്.
Also Read: ജിജി തോംസൺ കൃത്രിമ രേഖ ചമച്ച കേസ് പരിഗണിക്കുന്നത് അഗസ്റ്റിലേയ്ക്ക് മാറ്റി
ഒരു വർഷത്തേക്ക് പണമടച്ച് സബ്‌സ്‌ക്രിപ്ഷൻ സ്വീകരിക്കുന്ന പ്രേക്ഷകൻ ഒരു ചിത്രം പത്ത് മിനിട്ട് കണ്ട ശേഷം ഉപേക്ഷിച്ചാൽ നഷ്‌ടം നിർമാതാവിന് തന്നെ. എത്ര സമയം കണ്ടു എന്നതിൻ്റെ കണക്ക് കമ്പനിക്ക് മാത്രമേ അറിയാനാവൂ. അവർ നൽകുന്ന കണക്കുകൾ വിശ്വസിക്കുക മാത്രമേ നിവൃത്തിയുള്ളൂ എന്നാണ് നിർമാതാവ് എം.രഞ്ജിത് ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും തുച്ഛമായ തുകയാണ് നിർമാതാവിന് ലഭിക്കുക.
വ്യാജന്മാർ ഒ.ടി.ടിയിലും
ഒ.ടി.ടി റിലീസ് ചിത്രങ്ങൾ ടെലഗ്രാം പോലുള്ള ആപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് തടയാനുള്ള ഫലപ്രദമായ സംവിധാനം പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് പോലുമില്ല. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജോജി, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങൾ മണിക്കൂറുകൾക്കകം ചോർന്നു.
Also Read: ഇന്ധനവില വർധന നിർമാണമേഖലയെ ബാധിച്ചതായി മന്ത്രി വി.ശിവൻകുട്ടി
ഇവ ഡൗൺലോഡ് ചെയ്ത് ചില വിരുതന്മാർ ടെലഗ്രാം വഴി പ്രചരിപ്പിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള പൈറസി തടയാനുള്ള സംവിധാനം നിലവിൽ അപര്യാപ്തമാണ്. ഇവിടെയും നഷ്‌ടം നിർമാതാവിന് തന്നെ.
എങ്കിലും ഒ.ടി.ടി വേണം
ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരുക്കുന്ന ചാത്തൻ കമ്പനികൾ ഏറെയുണ്ടെങ്കിലും ഈ മേഖല പൂര്‍ണമായി ഉപേക്ഷിക്കാനില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്. ഒടിടി വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായമാണ്. അതിനെ മാറ്റി നിർത്താനാവില്ലെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു. പണം മുടക്കിയവർ കൂടുതൽ നഷ്‌ടം സഹിക്കേണ്ട നില ഉണ്ടാകാതിരിക്കാനാണ് ഒ.ടി.ടിയിൽ ചിത്രം റിലീസ് ചെയ്യുന്ന നിർമാതാക്കൾക്കെതിരെ നടപടിക്ക് സംഘടന മുതിരാത്തത്.
കൊവിഡ് മൂന്നാം തരംഗത്തെപ്പറ്റി ഗുരുതരമായ ആശങ്ക ഉയരുന്ന പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തിൽ ഒ.ടി.ടിയുടെ പ്രസക്തി തള്ളിക്കളയാനാകില്ലെന്നും ജി.സുരേഷ് കുമാർ പറഞ്ഞു.