2020ലെ മുറിവുകൾ ലോകത്തിന് ഇനിയും ഭേദമായിട്ടില്ല. ലോകത്തെ നിശ്ചലമാക്കിയ മഹാമാരിയുടെ വർഷത്തിൽ, പ്രിയപ്പെട്ടവരുടെ മരണവും മുറിപ്പാടായി ഇന്നും അവശേഷിക്കുന്നു.
ഭാഷയും ദേശവും വംശവും കടന്ന് ആഗോളസിനിമാപ്രേമികൾക്കുള്ളിൽ കുടിയേറിയ, ബ്ലാക്ക് പാന്തറായ ചാഡ്‌വിക് ബോസ്‌മാനും വിടപറഞ്ഞത് 2020ലായിരുന്നു. കാൻസറിനോട് പൊരുതി വിജയങ്ങളെ കൈവരിച്ച മാർവൽ ഹീറോ, ഇതുപോലൊരു ഓഗസ്റ്റ് 28നാണ് യാത്രയായത്.
വർണ- വംശ വിവേചനങ്ങളെയും, കാർന്നുതിന്നുന്ന കാൻസർ കോശങ്ങളിലെ വേദനയെയും മറികടന്ന് സൂപ്പർഹീറോയായ ചാഡ്‌വിക് ബോസ്‌മാൻ സിനിമയിലും ജീവിതത്തിലും സൂപ്പർഹീറോ ആയിരുന്നു. വാണിജ്യ വിജയമായ ചിത്രമെന്നതിനുപരി, ഇതുവരെ സൃഷ്‌ടിക്കപ്പെട്ട സൂപ്പർ ഹീറോ കഥാപാത്രങ്ങൾക്ക് മുകളിലാണ് ബ്ലാക്ക് പാന്തറിന് പ്രേക്ഷകർ നൽകുന്ന സ്ഥാനം.
വെള്ളക്കാരന്‍റെ കുത്തകയായി സിനിമയിൽ സ്വന്തമായി സ്ഥാനം കണ്ടെത്തിയ ഡെൻസൽ വാഷിംഗ്‌ടൺ എന്ന നടനെ ആരാധിച്ച്, അഭിനയമോഹത്തിന്‍റെ പാത വെട്ടിത്തെളിച്ച മഹാപ്രതിഭ.
മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട മയക്കുമരുന്നിന് അടിമയായ കഥാപാത്രത്തെ ടിവി ഷോയിൽ അവതരിപ്പിച്ച് പ്രശംസ നേടിയപ്പോഴും ആ ചെറുപ്പക്കാരൻ ചിന്തിച്ചത്, എന്തുകൊണ്ടാണ് കറുത്തവർഗക്കാർ മാത്രം തിരശീലക്ക് മുന്നിലെത്തുമ്പോൾ ഇങ്ങനെ ചിത്രീകരിക്കപ്പെടുന്നു എന്നാണ്... അത് നിർമാതാക്കളോട് ചോദിച്ചപ്പോൾ ന്യായമായ സംശയത്തിന് അവർക്കും മറുപടിയുമില്ലായിരുന്നു.
More Read: ഇന്ത്യക്കാർ ഏറ്റവുമധികം പ്രതികരിച്ച അന്താരാഷ്‌ട്ര ചലച്ചിത്ര വാർത്ത
സാമ്പത്തിക ബുദ്ധിമുട്ടുകൾ പോലും അതിജീവിച്ച് പഠനം പൂർത്തിയാക്കി തന്‍റെ അഭിനിവേശം പിന്തുടർന്ന് ബോസ്‌മാൻ മുന്നേറി. ടെലിവിഷനിലെ മികച്ച പ്രകടനങ്ങളിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് കടന്നു.
അടിച്ചമർത്തപ്പെട്ടവരുടെ ഗാനം ഉറക്കെപ്പാടിയ ജെയിംസ് ബ്രൗണായി വേഷമിട്ട് ഗെറ്റ് ഓണ്‍ അപ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി. 42ല്‍ ജാക്കി റോബിന്‍സൺ എന്ന ചരിത്ര പുരുഷന്‍റെ വേഷവും അനായാസം അവതരിപ്പിക്കുകയായിരുന്നു ചാഡ്‌വിക് ബോസ്‌മാൻ.
പിന്നീട്, കാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെമിം, 21 ബ്രിഡ്‌ജസ്, ഡാ5 ബ്ലഡ്‌സ്, ദി എക്‌സ്‌പ്രസ് എന്നിവയിലും അഭിനയിച്ചു.
ഓസ്‌കർ പുരസ്‌കാര വേദിയിൽ വരെ തിളങ്ങിയ വകാൻഡ എന്ന ആഫ്രിക്കൻ രാജ്യത്തിന്‍റെ കിരീടധാരിയായ ബ്ലാക്ക് പാന്തറാണ് ഇന്നും ലോകമാദരിക്കുന്ന ബോസ്‌മാന്‍റെ ഏറ്റവും വലിയ കഥാപാത്രം.
ഒരു സൂപ്പർഹീറോ ചിത്രം മാത്രമായിരുന്നില്ല ബ്ലാക്ക് പാന്തർ. ആൺകോയ്‌മ, കറുത്തവരുടെ രാഷ്‌ട്രീയ- സാമൂഹിക ജീവിതം, വംശീയ പ്രശ്‌നങ്ങൾ എല്ലാം ചർച്ച ചെയ്‌ത സൂപ്പർഹീറോ ചിത്രമാകട്ടെ, ആഫ്രിക്കയിലെ വരുന്ന തലമുറയുടെ സ്വപ്‌നങ്ങൾക്ക് നിറം പകരുക കൂടിയായിരുന്നു.
'ഞാൻ വളർന്ന സംസ്‌കാരത്തിൽ മരണം ഒരു അവസാനമല്ല...' വംശവെറിക്കെതിരെയുള്ള പോരാട്ടവും ഊർജവും മരണത്തിന് ശേഷവും മുഴങ്ങിക്കേൾക്കും... ചാഡ്‌വിക് ബോസ്‌മാനെ പ്രചോദനമാക്കി പുതിയ നാളെകൾ ജനിക്കുമ്പോൾ, മരണത്തിനപ്പുറവും മഹാനടൻ അതിനുള്ള പ്രതീകമാകുകയാണ്.