2016ലാണ് കിടിലൻ ത്രില്ലറുകളും റൊമാൻസും ട്വിസ്റ്റുകളും നിറച്ച് വെബ് സീരീസുകളും സിനിമകളുമായി ഇന്ത്യൻ വിപണിയിലേക്ക് നെറ്റ്‌ഫ്ലിക്‌സ് കടന്നുവരുന്നത്. മഹാമാരി പടർന്നുകയറിയപ്പോൾ തിയേറ്ററുകൾ നിശ്ചലമായതോടെ ലോക്ക് ഡൗണിൽ സിനിമയും വിനോദങ്ങളുമായി നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യ കൂടുതൽ സജീവമാവുകയും ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="">
ഇപ്പോഴിതാ ദക്ഷിണേന്ത്യൻ സിനിമാ- സീരീസ് ആസ്വാദകരിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയാണ് നെറ്റ്‌ഫ്ലിക്‌സ്. തെന്നിന്ത്യയിൽ നിർമിക്കുന്ന കൂടുതൽ സിനിമകളും സീരീസുകളും, ഒപ്പം വിദേശ ചിത്രങ്ങളുടെയും സീരീസുകളുടെയും ഡബ്ബ് ചെയ്‌ത പതിപ്പുകളും ഇനി നെറ്റ്‌ഫ്ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് സുഗമമായി എത്തിക്കാനാണ് നെറ്റ്‌ഫ്ലിക്‌സ് സൗത്ത് എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ട് രൂപീകരിച്ചിരിക്കുന്നത്.
നെറ്റ്‌ഫ്ലിക്‌സ് സൗത്ത് റാപ് സോങ്ങുമായി നീരജും കൂട്ടരും
ബുധനാഴ്‌ചയാണ് നെറ്റ്‌ഫ്ലിക്‌സ് സൗത്ത് എന്ന സോഷ്യൽ മീഡിയ പേജിന്‍റെ പ്രഖ്യാപനം. ഇതിന് പുറമെ, തെന്നിന്ത്യൻ സിനിമാപ്രേമികളെ കൂടുതൽ വിനോദത്തിലാക്കാൻ ഒരു റാപ് സോങ്ങുമായി എത്തിയിരിക്കുകയാണ് നെറ്റ്‌ഫ്ലിക്‌സ്. ഇനി നെറ്റ്‌ഫ്ലിക്‌സിൽ ദക്ഷിണേന്ത്യൻ തരംഗമാണെന്ന് ഇന്ന് പുറത്തുവിട്ട നമ്മ സ്റ്റോറീസ് എന്ന റാപ് ഗാനത്തിൽ വ്യക്തമാക്കുന്നുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാല് റാപ് ഗായകരാണ് നമ്മ സ്റ്റോറീസ് പാടിയിരിക്കുന്നത്. റാപ് ഗാനത്തിലെ മലയാള ഭാഗം ആലപിച്ചിരിക്കുന്നത് നീരജ് മാധവ് ആണ്. തമിഴ് റാപ്പർ അറിവ്, മലയാളിയും കന്നഡ റാപ് ഗായകനുമായ ഹനുമാൻകൈൻഡ്, റാപ് ഗായിക സിരി നാരായൺ എന്നിവരാണ് മറ്റ് ഭാഷകൾക്കായി നമ്മ സ്റ്റോറീസിൽ പങ്കാളിയായിട്ടുള്ളത്.
അക്ഷയ് സുന്ദറാണ് റാപ് ഗാനത്തിന്‍റെ സംവിധായകൻ. രാഘവ് ആദിത്യയാണ് കാമറ. റാപ് ഗാനം നിർമിച്ചിരിക്കുന്നത് സുപരി സ്റ്റുഡിയോസാണ്.
More Read: എതിരിയും ഇൻമയും പായസവും ചേർന്ന 'നവരസ'; ഒമ്പത് രസങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്ത്
'എന്നാ കഥ എന്നാ കഥ' അറിവിലൂടെയാണ് റാപ് ഗാനം തുടങ്ങുന്നത്. ഓരോ ഭാഷകളിലെയും സൂപ്പർസ്റ്റാറുകളെയും അവിടുത്തെ സംസ്‌കാരവും അന്താരാഷ്‌ട്ര അംഗീകാരങ്ങളും ഉൾപ്പെടുത്തിയാണ് റാപ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'മലയാളി വന്നെടാ ആർപ്പു വിളിക്കെടാ' എന്ന് തുടങ്ങുന്ന മലയാളത്തിന്‍റെ റാപ് ഭാഗത്തിൽ മമ്മൂട്ടി, ശശി തരൂർ മുതൽ റസൂൽ പൂക്കുട്ടിയെ വരെ പരാമർശിക്കുന്നുണ്ട്.
ഗാനം പുറത്തുവിട്ട് മിനിറ്റുകൾക്കകം ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ലോകപ്രശസ്‌തമായ മണി ഹീസ്റ്റിനെ നെറ്റ്‌ഫ്ലിക്‌സ് തമിഴിൽ മൊഴിമാറ്റി അവതരിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും ഇനി റിലീസ് പ്രഖ്യാപിച്ചിട്ടുള്ള മണി ഹീസ്റ്റിന്‍റെ പുതിയ സീസൺ ആസ്വദിക്കാമെന്നാണ് നെറ്റ്‌ഫ്ലിക്‌സ് സൗത്ത് സൂചിപ്പിക്കുന്നത്.