തമിഴ് നടൻ മന്‍സൂര്‍ അലി ഖാനും തമിഴിലെ മുതിർന്ന കോമഡി താരമായ മനോബാലക്കും ശേഷം ഫോട്ടോഷൂട്ടിലൂടെ ഞെട്ടിച്ചിരിക്കുകയാണ് നടനും സംവിധായകനും നിർമാതാവുമായ എം. നാസർ. സ്റ്റൈലിഷ് ലുക്കിലുള്ള തെന്നിന്ത്യൻ നടന്‍റെ ചിത്രങ്ങൾ പുറത്തിറങ്ങി നിമിഷങ്ങൾക്കകം ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.
സോൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ തലമുടിയും താടിയും അൽപം നീട്ടിവളർത്തി, വെള്ള ടീഷർട്ടും പാന്‍റും നീല ജാക്കറ്റും ധരിച്ചാണ് നാസറിന്‍റെ മേക്കോവർ.
ചീകിയൊതുക്കാത്ത തലമുടിയും സൂപ്പർ സ്റ്റൈലിഷ് ഡ്രസ്സിങ്ങും ഒപ്പം ഗൗരവത്തോടെയും രസം കലർന്ന മുഖഭാവത്തോടെയുമാണ് താരം ഫോട്ടോക്ക് പോസ് ചെയ്‌തിരിക്കുന്നത്.
തമിഴിനെ പോലെ മലയാളത്തിനും പ്രിയങ്കരനായ നാസർ തിരശ്ശീലയിൽ വില്ലനായും ഹാസ്യതാരമായും സ്വഭാവനടനായും പല തവണ പ്രേക്ഷകരെ വിസ്‌മയിപ്പിച്ചിട്ടുണ്ട്. ഇരുവരിലെ അണ്ണാ ദുരൈയായും ദൈവത്തിരുമകളിലെ അഭിഭാഷകനായും കൂടാതെ, ബാഹുബലി, റോജ, ചന്ദ്രമുഖി, തുടങ്ങി ഒട്ടനവധി തമിഴ് ചിത്രങ്ങളിലും തെലുങ്കിൽ കേന്ദ്രകഥാപാത്രങ്ങളായും നാസർ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒളിമ്പ്യൻ അന്തോണി ആദം, ധനം, മുഖം തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലും അദ്ദേഹം മുഖ്യവേഷങ്ങൾ ചെയ്‌തു.
നാസറിനെയും മനോബാലയെയും മന്‍സൂര്‍ അലി ഖാനെയും പോലെ ഹാസ്യതാരങ്ങളായും സഹതാരങ്ങളായും തിളങ്ങിയ മലയാളത്തിലെ മുതിർന്ന നടന്മാരുടെയും ഫോട്ടോഷൂട്ടുകൾ ഈയിടെ വൈറലായിരുന്നു. മലയാളത്തിന്‍റെ തഗ് കിംഗ് മാമൂക്കോയയും ചിരിയാശാൻ ഇന്ദ്രൻസും ടിവി- സിനിമാ താരം മോളി കണ്ണമാലിയും സ്റ്റൈലിഷ് ലുക്കിലെത്തിയപ്പോഴും ആരാധകർ മികച്ച പ്രതികരണത്തോടെയാണ് ചിത്രങ്ങളെ സ്വീകരിച്ചത്.