മലപ്പുറം: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പൈതൃകോത്സവത്തിന്‍റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം നടത്തി.അനുഷ്ഠാന കലകളെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുന്നക്കാട് ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടി അഭിനേത്രിയും ഗായികയുമായ നഞ്ചിയമ്മ ഉദ്ഘാടനം ചെയ്‌തു. സ്വതസിദ്ധമായ ശൈലിയിലൂടെയും, നിഷ്‌കളങ്കമായ ചിരിയിലൂടെയും കരുവാരക്കുണ്ടിലെ ആസ്വാദകരെ നഞ്ചിയമ്മ കയ്യിലെടുത്തു. ഉദ്ഘാടനത്തിന് ശേഷം നഞ്ചിയന്ന ഗാനങ്ങൾ ആലപിച്ചു. കരുവാരക്കുണ്ട് നൽകിയ സ്നേഹത്തിന് മറുപടിയായി എപ്പോൾ വിളിച്ചാലും ഇവിടേക്കെത്തുമെന്നും നഞ്ചിയമ്മ പറഞ്ഞു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സർക്കാരിന്‍റെ ഫോക്‌ലോർ അക്കാദമി ഗുരുപൂജ നൽകി ആദരിച്ച മനയിൽ അപ്പുക്കുട്ടൻ, മാപ്പിള കലാ അക്കാദമി ഫോക്‌ലോർ ഫെലോഷിപ് ജേതാവ് അബ്ദുള്ള കരുവാരക്കുണ്ട്, അവാർഡ് ജേതാവ് ഒ.എം കരുവാരക്കുണ്ട്, മണിനാദം നാടൻപാട്ട് മൽസരത്തിൽ സംസ്ഥാന തല ജേതാക്കളായ കതിർ നാടൻപാട്ട് സംഘത്തിലെ കലാകാരൻമാർ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. വി.വിജയകുമാർ അധ്യക്ഷനായ ചടങ്ങിൽ കെ.കെ ജയിംസ്, വി.ചന്തു, ലാലി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.