ആലപ്പുഴ : മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിന്‍റെ ജീവിതകഥ പറഞ്ഞ നാൻ പെറ്റ മകൻ. സജി പാലമേൽ സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശനം ആരംഭിച്ചു. ഒരു രാഷ്ട്രീയ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം എന്നതിലുപരി അഭിമന്യു എന്ന 19 കാരന്‍റെ നന്മയെ കാണിക്കുന്ന ചിത്രം കൂടിയാണ് നാന്‍ പെറ്റ മകന്‍. ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമത്തിൽ ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ച അഭിമന്യു ഉപരിപഠനത്തിനായി മലയോര ഗ്രാമത്തിൽ നിന്ന് എറണാകുളം മഹാരാജാസ് കോളേജിൽ എത്തുന്നതും തുടർന്ന് ഇടത് വിദ്യാർഥി പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ നേരിടേണ്ടിവരുന്ന അനുഭവങ്ങളും തുടർന്നുണ്ടാകുന്ന ദാരുണ കൊലപാതകവുമാണ് സംവിധായകൻ നാന്‍ പെറ്റ മകനിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അഭിമന്യുവിന്‍റെ ജീവിതത്തോട് നീതി പുലർത്താന്‍ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടുണ്ടെന്നത് ചിത്രത്തില്‍ നിന്നും വ്യക്തമാണ്.
മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോൺ ജോണാണ് ചിത്രത്തിൽ അഭിമന്യുവായി വേഷമിട്ടത്. തന്മയത്വത്തോടെ തന്നെ അഭിമന്യുവിനെ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കാന്‍ മിനോണിന് കഴിഞ്ഞിട്ടുണ്ട്. ആരെയും പ്രത്യക്ഷത്തിൽ വിമർശിക്കാതെ ചിത്രീകരിച്ചിരിക്കുന്ന സിനിമ കലാലയ രാഷ്ട്രീയത്തിലെ അപകടങ്ങളെക്കുറിച്ചും അതോടൊപ്പംതന്നെ അതിന്‍റെ അനിവാര്യതയും ചർച്ചചെയ്യുന്നുണ്ട്. ശ്രീനിവാസൻ അഭിമന്യുവിന്റെ അച്ഛനായും സീമ ജി നായർ അമ്മയായും ചിത്രത്തിൽ എത്തുന്നുണ്ട്. സിപിഎം നേതാവായിരുന്ന അന്തരിച്ച മുൻ എംഎൽഎ സൈമൺ ബ്രിട്ടോയെ ചിത്രത്തില്‍ അവതരിപ്പിച്ചത് നടന്‍ ജോയ് മാത്യുവാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കാഴ്ചക്കാരുടെ കണ്ണ് നിറയ്ക്കുന്ന അനുഭവങ്ങള്‍ ചിത്രം നല്‍കുന്നുണ്ട്. ഒരുപാട് സ്വപ്‌നങ്ങളുള്ള നന്മ നിറഞ്ഞ ഒരു പത്തൊമ്പതുകാരന്‍റെ കഥകൂടിയാണ് നാൻ പെറ്റ മകൻ.