പുതുവത്സര ദിനത്തിൽ ആരാധകരെ ഞെട്ടിക്കുന്ന സമ്മാനവുമായി മോഹൻലാൽ. ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ബറോസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പുറത്തുവിട്ടു. ഇതുവരെ കണ്ടിട്ടില്ലാത്ത തരം വ്യത്യസ്‌ത ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ അവതരിക്കുന്നത്. തല മൊട്ടയടിച്ച് താടി വളർത്തി സിംഹാസനത്തിൽ ഇരിക്കുന്ന മോഹൻലാലിനെ ഫസ്റ്റ് ലുക്കിൽ കാണാം.
ഡി ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്‍റെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുക. ദിവസങ്ങൾക്ക് മുൻപ് ബറോസിന്‍റെ പ്രൊമോ ടീസർ മോഹൻലാൽ പുറത്തുവിട്ടിരുന്നു. അതിൽ ആക്ഷൻ പറയുകയും സ്ക്രീനിൽ എത്തുകയും ചെയ്യുന്ന മോഹൻലാലിനെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.
Also Read: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത്
ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അഭിനേതാക്കളും സാങ്കേതികവിദഗ്‌ധരും ഭാഗമാകുന്നുണ്ട്. സ്പാനിഷ് താരങ്ങളായ പാസ് വേഗ, റാഫേൽ അമർഗോ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വർഷം മാർച്ചിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രെഡക്ഷൻ ഡിസൈനും നിർവഹിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിജോ ആണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം.