തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ വേദി മാറ്റത്തെ ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദമെന്ന് സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മേള സാധാരണ നിലയിൽ നടത്താനാകില്ലെന്നും കൊവിഡ് വ്യാപനം ക്ഷണിച്ച് വരുത്താൻ മേള കാരണമായെന്ന് പറയാതിരിക്കാനാണ് ഈ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു. ഐഎഫ്എഫ്കെ സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റില്ലെന്നും തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടതില്ലെന്നും തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ സ്നേഹിക്കുന്ന ആരും സർക്കാർ തീരുമാനത്തിന് എതിര് നിൽക്കില്ലെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്‍റെ നാല് ഇടങ്ങളില്‍ വിവിധ ദിവസങ്ങളിലായി ഐഎഫ്എഫ്കെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ ശബരീനാഥന്‍ എംഎല്‍എ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.