ദളപതി ചിത്രം മാസ്റ്ററിന്‍റെ ടീസർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കൈതി സംവിധായകൻ ലോകേഷ് കനകരാജ് വിജയ്‌യെ നായകനാക്കി ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിന്‍റെ പോസ്റ്ററുകൾക്ക് നേരത്തെ തന്നെ ഗംഭീരപ്രതികരണവും ലഭിച്ചിരുന്നു. തമിഴകത്തിന്‍റെ സ്വന്തം വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നുവെന്നത് മാസ്റ്ററിലേക്ക് സിനിമാസ്വാദകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. എന്നാൽ, കൊവിഡിൽ ചിത്രത്തിന്‍റെ റിലീസ് നീളുന്നത് പ്രേക്ഷകരെ നിരാശരാക്കുന്നുമുണ്ട്. എങ്കിലും ചിത്രത്തിലെ പോസ്റ്ററുകളും ടീസറും പരിശോധിച്ച് വിജയ്‌യുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങൾ എങ്ങനെയായിരിക്കുമെന്നാണ് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.
ചിത്രത്തിലെ നായകന്‍റെയും നെഗറ്റീവ് റോളിലെത്തുന്ന മക്കൾ സെൽവന്‍റെയും കഥാപാത്രങ്ങൾ തമ്മിൽ സാമ്യതകൾ ഉണ്ടെന്ന സൂചന ഓഡിയോ ലോഞ്ചിനിടെ പുറത്തിറങ്ങിയ പോസ്റ്ററിലും അടുത്തിടെ റിലീസ് ചെയ്‌ത ടീസറിലും കാണാമെന്നാണ് അവയിൽ ചില അഭിപ്രായങ്ങൾ.
മാസ്റ്റർ, ആൾട്ടർ ഈഗോയിലൂടെ സഞ്ചരിക്കുമെന്ന തിയറിയാണ് സമൂഹമാധ്യമങ്ങളിൽ ചിലർ പങ്കുവെക്കുന്നത്. ഒരാളുടെ ഉള്ളിൽ അയാൾക്കിഷ്‌ടമില്ലാത്ത ഒരു വ്യക്തിത്വം രൂപപ്പെടുകയും അത് വികസിച്ച് മറ്റൊരു വ്യക്തിയെ പോലെ മാറുന്നതുമാണ് ആൾട്ടർ ഈഗോ തിയറി. മണിച്ചിത്രത്താഴ്, അന്യൻ ചിത്രങ്ങൾ സമാനമായ വിഷയം അവതരിപ്പിച്ചിട്ടുള്ളതാണ്. മാസ്റ്ററിലെ വിജയ്‌യുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങൾ ഇത്തരത്തിൽ സൃഷ്‌ടിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നു.
വിജയ് കുറെ പുസ്തകങ്ങൾക്ക് മുകളിൽ വിശ്രമിക്കുന്ന മാസ്റ്ററിലെ പോസ്റ്ററും ടീസറിൽ നായകന്‍റെയും പ്രതിനായകന്‍റെയും ലുക്കുമൊക്കെ നിരത്തിയാണ് ചിത്രം ആൾട്ടർ ഈഗോയാണ് പ്രമേയമാക്കുന്നതെന്ന വാദത്തിൽ ഒരു വിഭാഗം എത്തിച്ചേരുന്നത്.
പുസ്‌തകങ്ങൾക്ക് മീതേ കിടക്കുന്ന വിജയ്... ഇതിൽ കാണിച്ചിരിക്കുന്ന പുസ്തകങ്ങളുടെ പേര് 'ആൾട്ടർ ഈഗോ', '16 പേഴ്‌സൺ ടൈപ്‌സ്' എന്നിങ്ങനെയാണ്.
മാസ്റ്ററിന്‍റെ ടീസറിലെ സംഘട്ടനരംഗങ്ങളിൽ നായകനെയും പ്രതിനായകനെയും ഒരേ ശൈലിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. അതായത്, ഇരുവർക്കും ഒരേ മാനറിസമാണുള്ളത്. ഡ്യുവൽ പേഴ്സണാലിറ്റി, ദ്വന്ദ വ്യക്തിത്വം അഥവാ അപര വ്യക്തിത്വമുള്ള നായകന്‍റെ സൃഷ്‌ടിയാണ് വില്ലൻ വേഷത്തിലെത്തുന്ന വിജയ് സേതുപതിയുടെ കഥാപാത്രമെന്ന് അഭിപ്രായപ്പെടുന്നവർ ടീസറിലെ വിജയ്‌യുടെ മുഖത്തുള്ള സ്റ്റിച്ചും ചൂണ്ടിക്കാണിക്കുന്നുണ്ട്. റൗഡിയായെത്തുന്ന വിജയ് സേതുപതിയുടെ മുഖത്ത് സമാനമായ രീതിയിൽ മുറിവ് ഉണങ്ങിയ പാടുണ്ട് എന്നതും ആൾട്ടർ ഈഗോ തിയറിയെ സാധൂകരിക്കുന്നതാണ്.
എന്തായാലും മാസ്റ്റർ പ്രമേയമാക്കുന്ന വിഷയമെന്തായിരിക്കുമെന്ന് അണിയറപ്രവർത്തകർ യാതൊരു സൂചനയും നൽകിയിട്ടില്ല. ജെഡി എന്ന അധ്യാപകനെയാണ് വിജയ് അവതരിപ്പിക്കുന്നതെന്നും റൗഡിയുടെ വേഷമാണ് മക്കൾ സെൽവന്‍റേതുമെന്നുമാണ് ടീസറിൽ പറയുന്നത്. ഒരു മിനിറ്റും മുപ്പത് സെക്കന്‍റും ദൈര്‍ഘ്യവുമുള്ള ടീസറിൽ വിജയ്‌ക്ക് ഡയലോഗുകളൊന്നുമില്ലതും കാഴ്‌ചക്കാരിൽ സസ്‌പെൻസ് ഉണ്ടാക്കുന്നു. ഇതിനോടകം 33 മില്യണിലധികം വ്യൂസും ടീസർ സ്വന്തമാക്കി.