Mammootty Nissam Basheer movie: 'ഭീഷ്‌മ പര്‍വ്വ'ത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. 'കെട്ട്യോളാണ് എന്‍റെ മാലാഖ' എന്ന സിനിമയ്‌ക്ക് ശേഷം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ നിര്‍മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മാണം.
പൂര്‍ണമായും ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ചാലക്കുടിയില്‍ നടന്നു. ഏപ്രില്‍ മൂന്നിന് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. കൊച്ചിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളിലൊന്ന്.
ഷറഫുദ്ദീന്‍, ജഗദീഷ്, കോട്ടയം നസീര്‍, സഞ്‌ജു ശിവറാം, ട്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. കിരണ്‍ ദാസ് എഡിറ്റിങും നിര്‍വഹിക്കും.
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീര്‍ അബ്‌ദുല്‍ ആണ് തിരക്കഥ. 'ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം. എന്‍.എം.ബാദുഷയാണ് സഹനിര്‍മാതാവ്. ഷാജി നടുവില്‍ ആണ് കലാസംവിധാനം. പ്രശാന്ത് നാരായണന്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഔസേപ്പച്ചന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും നിര്‍വ്വഹിക്കും.
ഒരു ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നതെന്നും മമ്മൂക്കയുടെ വ്യത്യസ്‌തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നും നിസാം പറഞ്ഞു. കഥാപാത്രങ്ങളെയും സിനിമയുടെ കഥയെയും കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സ്‌ക്രീന്‍ പ്ലേയെ കുറിച്ച് ഞങ്ങള്‍ക്ക് ആശയം വന്നതിന് ശേഷം, മമ്മൂട്ടി ഈ വേഷത്തിന് അനുയോജ്യനാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. തങ്ങള്‍ക്ക് കഥ മമ്മൂട്ടിയോട് അനായാസം അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹത്തിനത് ഇഷ്‌ടപ്പെട്ടുവെന്നും നിസാം പറഞ്ഞു.
Also Read: 'ട്വല്‍ത്ത് മാന്‍' പുതിയ വിശേഷം പങ്കുവച്ച് ജീത്തു ജോസഫ്