Nanpakal Nerathu Mayakkam teaser: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിറ്റ് ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ടീസര്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പറഞ്ഞതിലും നേരത്തെ തന്നെ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്. 'ഉറക്കത്തിന്‍റെ കഥ!! മമ്മൂട്ടി കമ്പനി നിർമ്മിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻപകൾ നേരത്ത് മയക്കത്തിന്‍റെ കിടിലൻ ടീസർ ഇതാ നിങ്ങൾക്കായി അവതരിപ്പിക്കുന്നു.' -ഇപ്രകാരമാണ് ടീസര്‍ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്.
ലോക ഉറക്ക ദിനത്തില്‍ പുറത്തിറങ്ങിയ 'നന്‍പകല്‍ നേരത്ത് മയക്കത്തി'ന്‍റെ ടീസറില്‍ ടൈറ്റില്‍ പോലെ തന്നെ എല്ലാവരും ഉച്ചമയത്തില്‍ വിശ്രമിക്കുന്നതാണ് കാണാനാവുക. ടീസറിനൊടുവില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാവരെയും പോലെ ഉച്ചമയങ്ങുന്ന മമ്മൂട്ടിയെയാണ് ടീസറില്‍ ദൃശ്യമാകുന്നത്.
Nanpakal Nerathu Mayakkam completed in 28 days: 28 ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നവംബര്‍ ഏഴിന് വേളാങ്കണ്ണിയിലാണ് ചിത്രീകരണം ആരംഭിച്ചത്. പഴനിയായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. തമിഴ്‌നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തമിഴ്‌നാട്ടിലെ മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് ലിജോയും കൂട്ടരും ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.
Ramya Pandian in Mammootty movie: തമിഴ് നടി രമ്യ പാണ്ഡ്യനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. രമ്യയുടെ ലൊക്കേഷന്‍ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. പാക്കപ്പ് പറഞ്ഞ സാഹചര്യത്തില്‍ മമ്മൂട്ടിക്കും ലിജോ ജോസിനുമൊപ്പമുള്ള ചിത്രങ്ങളും രമ്യ പങ്കുവെച്ചിരുന്നു.
Bigg Boss Contestant Ramya Pandian: മുന്‍ ബിഗ് ബോസ് തമിഴ് മത്സരാര്‍ഥി കൂടിയാണ് രമ്യ പാണ്ഡ്യൻ. ബിഗ് ബോസ് തമിഴ് സീസണ്‍ 4 മത്സരാര്‍ഥിയായിരുന്നു രമ്യ. 2015ല്‍ പുറത്തിറങ്ങിയ 'ഡമ്മി തപസ്' എന്ന ചിത്രത്തിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറിയത്.
Ashokan with Mammootty movie: ചിത്രത്തില്‍ അശോകനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'അമര'ത്തിന് ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം വേഷമിടുന്ന ചിത്രം കൂടിയാണിത്. 30 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അശോകന്‍ മമ്മൂട്ടിക്കൊപ്പം വേഷമിടുന്നത്. ഇതേകുറിച്ച് അശോകന്‍ പ്രതികരിച്ചിരുന്നു. '30 വര്‍ഷത്തിന് ശേഷം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്ന സിനിമയാവുമ്പോള്‍ അതിലൊരു പ്രത്യേകത എന്നെ സംബന്ധിച്ച് സ്വാഭാവികമായിട്ടുമുണ്ട്. സന്തോഷവും ത്രില്ലുമുണ്ട്. ചെയ്‌ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്‌തമായിട്ടുള്ള സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്. മമ്മൂക്കയുടേതും വളരെ വ്യത്യസ്‌തമായ ഒരു വേഷമാണ്. മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് എന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്.' -അശോകന്‍ പറഞ്ഞു.
Mammootty's first production for Nanpakal Nerathu Mayakkam: മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്. നര്‍മ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനി എന്നാണ് താരത്തിന്‍റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ പേര്. ആമേന്‍ മൂവി മൊണാസ്‌ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയുമുണ്ട്.
Nanpakal Nerathu Mayakkam cast and crew: മമ്മൂട്ടിക്കൊപ്പം പുതുമുഖ താരങ്ങളാണ് മലയാളത്തിലും തമിഴിലുമായി അണിനിരക്കുക. 'പേരന്‍പ്', 'പുഴു' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ഈശ്വറാണ് ചിത്രത്തിന് വേണ്ടിയും ക്യാമറ ചലിപ്പിക്കുക. എസ്.ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്. 'ജല്ലിക്കെട്ട്', 'ചുരുളി', എന്നിവയ്ക്ക് പിന്നാലെ എസ് ഹരീഷ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നു. തിയേറ്റര്‍ റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.
Mammootty latest movies: അമല്‍ നീരദിന്‍റെ 'ഭീഷ്‌മ പര്‍വ്വം' ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. മാര്‍ച്ച് മൂന്നിമാണ് 'ഭീഷ്‌മ പര്‍വ്വം' റിലീസിനെത്തിയത്. എസ് എന്‍ സ്വാമി-കെ.മധു-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ 5 ല്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. പുഴു ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. അഖില്‍ അക്കിനേനി നായകനാകുന്ന 'ഏജന്‍റ്' ആണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രം.
Mammootty Lijo Jose movies: മമ്മൂട്ടി-ലിജോ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. ലിജോ ജോസിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'ചുരുളി'.
Also Read: 'മലയാളി സ്‌ത്രീ ചരിത്രത്തിൽ വലിയ നാഴികകല്ല്'; ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്‌ത് WCC