മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഡിസംബര്‍ 12ന് പുറത്തിറങ്ങാനിരിക്കെ ചിത്രത്തിന് ആധാരമായ കഥ നോവല്‍ രൂപത്തില്‍ രചിച്ച് പുറത്തിറക്കി ആദ്യ സംവിധായകന്‍ സജീവ് പിള്ള. ഡി.സി ബുക്‌സാണ് മാമാങ്കം പ്രസാദകര്‍. നോവലിനെ കുറിച്ച് ആമുഖം നല്‍കികൊണ്ട് ഒരു വീഡിയോയും സജീവ് പിള്ള ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നോവല്‍ പുറത്തിറക്കിയതിന് പിന്നാലെ സജീവ് പിള്ളയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നു. സിനിമ പുറത്തിറങ്ങും മുമ്പേ നോവല്‍ പുറത്തുവിട്ടതിലൂടെ സിനിമയുടെ ആസ്വാദന സ്വഭാവം തകര്‍ക്കുകയാണ് സജീവ് പിള്ളയെന്ന് ഒരു വിഭാഗം പറഞ്ഞു. താങ്കളുടെ തിരക്കഥ വിദഗ്ദമായി കൈയ്യിലാക്കിയ നിര്‍മാതാവിനെതിരെ ഇത്തരത്തില്‍ തന്നെ പ്രതികരിക്കണമെന്ന് സജീവ് പിള്ളയെ അനുകൂലിക്കുന്നവര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
മാമാങ്കം സിനിമയില്‍ നിന്നും ചതിയിലൂടെ തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നേരത്തെ സജീവ് പിള്ള വെളിപ്പെടുത്തിയിരുന്നു. നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്ക് മാമാങ്കത്തേക്കാള്‍ വലുത് വേറെ ചില താത്പര്യങ്ങളാണെന്നായിരുന്നു സജീവ് പിള്ള പ്രതികരിച്ചിരുന്നത്. ചിത്രീകരണം തുടങ്ങി വൈകാതെ തന്നെ സജീവ് പിള്ളയെ മാറ്റി എം.പത്മകുമാറിനെ സംവിധാന ചുമതലയേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ സജീവ് പിള്ളയുടെ പരിചയക്കുറവില്‍ സിനിമക്ക് കനത്ത നഷ്ടം സംഭവിച്ചതിനാലാണ് സംവിധായക സ്ഥാനത്ത് നിന്നും സജീവിനെ മാറ്റിയതെന്ന് നിര്‍മാതാവ് അന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് സജീവ് പിള്ളയടക്കം എട്ട് പേര്‍ക്കെതിരെ നിര്‍മാതാവ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പരാതിയില്‍ തുടര്‍നടപടികളും പൊലീസ് സ്വീകരിച്ചിരുന്നു. മമ്മൂട്ടി നായകനാകുന്ന മാമാങ്കത്തില്‍ കനിഹ, സിദ്ദീഖ്, പ്രാചി തെഹ്‍ലാൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര, സുദേവ് നായർ, തരുൺ അറോറ, മാസ്റ്റർ അച്ചുതൻ തുടങ്ങി വലിയ താര നിര തന്നെ ഭാഗമാകുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റാണ് മാമാങ്കത്തിനായി മരടിലും നെട്ടൂരിലുമായി നിർമിച്ചത്. ആയിരത്തോളം തൊഴിലാളികള്‍ നാല് മാസം കൊണ്ടാണ് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമിച്ചത്. കാവ്യ ഫിലിംസിന്‍റെ ബാനറിൽ പുറത്തിറങ്ങുന്ന മാമാങ്കത്തിന്‍റെ ഛായാഗ്രഹണം മനോജ് പിള്ളയാണ്. ബിഗ് ബജറ്റിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.