ഈ വര്‍ഷം മാര്‍ച്ചിലാണ് കൊവിഡ് മൂലം റിലീസുകളും പ്രദര്‍ശനവും അവസാനിപ്പിച്ച് കേരളത്തിലെയും രാജ്യത്തൊട്ടാകെയുമുള്ള സിനിമാ തിയേറ്ററുകള്‍ അടച്ചത്. മാസങ്ങള്‍ക്ക് ശേഷം ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയപ്പോള്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിബന്ധനകളോടെ തിയേറ്ററുകള്‍ തുറന്നു. അമ്പത് ശതമാനം സീറ്റുകളില്‍ മാത്രം കാണികളെ ഉള്‍കൊള്ളിച്ച് പ്രദര്‍ശനം നടത്താനാണ് അനുമതി. എന്നാല്‍ അത്തരത്തില്‍ തിയേറ്ററുകള്‍ തുറന്നാലും നഷ്ടമല്ലാതെ ലാഭം ഉണ്ടാകില്ലയെന്നതിനാല്‍ കേരളത്തിലെ തിയേറ്ററുകള്‍ ഇപ്പോഴും പൂട്ടികിടക്കുകയാണ്.
പത്ത് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന തിയേറ്ററുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മലയാളത്തിലെ യുവതാരങ്ങളായ ഉണ്ണി മുകുന്ദന്‍, അമിത് ചക്കാലക്കല്‍ എന്നിവര്‍ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളും കുടുംബങ്ങളും ഇന്നും ജീവിതമാര്‍ഗം വഴിമുട്ടി നില്‍ക്കുകയാണെന്നും തിയേറ്ററുകള്‍ പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കില്‍ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാനും ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളുവെന്ന് താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
ബാറിലോ കെഎസ്‌ആര്‍ടിസിയിലോ മാളിലോ ഡിജെ പാര്‍ട്ടിയിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനത്തിലോ പകരില്ലാത്ത കൊവിഡ് എങ്ങനെയാണ് കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറന്നാല്‍ മാത്രം പകരുന്നതെന്നും താരങ്ങള്‍ ചോദിച്ചു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയ സ്ഥിതിക്ക് കോടിക്കണക്കിന് രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിച്ച് തിയേറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങള്‍ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.