അതിജീവനമാണ് മുഖ്യം. 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട്, ലോകമെമ്പാടും വ്യാപിച്ച വൈറസിന്‍റെ പ്രഹരമേൽക്കാത്ത മേഖലകൾ വിരളമെന്ന് പറയട്ടെ. ആഘോഷങ്ങളും ആർഭാടങ്ങളും മാത്രമല്ല, ഉപജീവനത്തിന് മനുഷ്യൻ തേടിയിരുന്ന എല്ലാ മേഖലകളിലും കൊവിഡ് പിടിമുറുക്കിയതോടെ ലോകം നിശ്ചലമായി. വേനലവധിക്ക് ഇന്ത്യൻ സ്റ്റേഡിയങ്ങളിൽ നിറഞ്ഞ ക്രിക്കറ്റ് ആരവങ്ങളും, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമാശാലകളിലെയും ആഘോഷരാവുകളിലെയും ഒത്തുചേരലുകളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിന്‍റെ തുടക്കത്തിൽ തന്നെ നഷ്‌ടമായി.
ടെനെറ്റും നോ ടൈം റ്റു ഡൈയും വണ്ടർ വുമണും ബ്ലാക്ക് വിഡോയുമുൾപ്പടെ ഹോളിവുഡിന്‍റെ ഒട്ടനവധി ചലച്ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയില്ല. അവതരണത്തിലും പ്രമേയത്തിലും മികച്ച് നിൽക്കുന്ന മലയാള സിനിമയിലും പുതിയ റിലീസുകൾ നീട്ടിവയ്‌ക്കേണ്ടി വന്നു. വമ്പൻ ബജറ്റിലൊരുക്കിയ മരക്കാർ- അറബിക്കടലിന്‍റെ സിംഹം മുതൽ ഇരുപതിലധികം ചലച്ചിത്രങ്ങളുടെ പ്രദർശനം കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടി.
മരക്കാർ- അറബിക്കടലിന്‍റെ സിംഹം
100 കോടി രൂപാ ബജറ്റിലാണ് പ്രിയദർശൻ- മോഹൻലാല്‍ കൂട്ടുകെട്ടില്‍ 'മരക്കാർ- അറബിക്കടലിന്‍റെ സിംഹം' ഒരുക്കിയത്. കിലുക്കം, ചിത്രം, മിന്നാരം, വന്ദനം തുടങ്ങി മലയാളിയുടെ പ്രിയപ്പെട്ട ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും നടനും ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനായി ഒരുമിക്കുന്നതും അഞ്ചു ഭാഷകളിലായി മരക്കാർ റിലീസിനെത്തുന്നുവെന്നതും പ്രേക്ഷകരെ വലിയ പ്രതീക്ഷയിലാക്കി. ഒപ്പം ലൂസിഫറിനെപ്പോലെ മരക്കാറും നൂറു കോടി ക്ലബ്ലിലെത്തുമെന്നും ആരാധകർ കണക്കുകൂട്ടി. 2020 മാര്‍ച്ച് 26ന് പ്രദർശനത്തിനെത്തുമെന്ന് പ്രതീക്ഷിച്ച മരക്കാർ- അറബിക്കടലിന്‍റെ സിംഹം കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് പിൻവലിച്ചു.
കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്
നടൻ ടൊവിനോ തോമസും സംഗീത സംവിധായകൻ ഗോപി സുന്ദറും നിർമിച്ച കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ഈ വർഷം മാർച്ച് 12ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. മാർച്ച് 24ന് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ റിലീസ് മാറ്റുകയാണെന്ന് അറിയിച്ചു. ടൊവിനോയും വിദേശി വനിതയായ ഇന്ത്യ ജാർവിസും ഒപ്പം ജോജു ജോർജ്ജ്, ബേസിൽ ജോസഫ് താരങ്ങളും അണിനിരക്കുന്ന കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ചിത്രം സംവിധാനം ചെയ്‌തത് ജിയോ ബേബിയാണ്.
മാലിക്
ടേക്ക് ഓഫിന് ശേഷം ഫഹദും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുകയാണ്. 29 കോടി രൂപാ ചെലവഴിച്ച് സൂപ്പർ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്ന കഥയും അവതരണവുമായി. കിടിലൻ മേക്കോവറിലാണ് മാലിക് ചിത്രത്തിൽ ഫഹദ് ഫാസില്‍ എത്തുന്നത്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം താരം കുറച്ചുവെന്നതും പ്രേക്ഷകനെ കാത്തിരിക്കുന്നതിൽ അക്ഷമരാക്കിയിരുന്നു. എന്നാൽ, ഏപ്രിലിൽ തിയേറ്ററിലെത്തി വിജയചരിത്രം കുറിക്കേണ്ട മലയാള ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ റിലീസിനെത്തിയില്ല.
വൺ
മെഗാസ്റ്റാറിന്‍റെ കടക്കല്‍ ചന്ദ്രൻ ലുക്ക് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടക്കൽ ചന്ദ്രൻ എന്നാണയാളുടെ പേര്; ചിത്രത്തിന്‍റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന വൺ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ്‍ കൂട്ടുകെട്ടിലാണ് തിരക്കഥ. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സ്‌പൂഫിന് ശേഷം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന വൺ ഈ വേനലവധിക്കാലത്ത് തിയേറ്ററുകൾ ആഘോഷമാക്കുമെന്ന് കണക്കുകൂട്ടിയിരുന്നു ആരാധകർ. എന്നാൽ, കൊവിഡിൽ തിയേറ്ററുകൾ അടച്ചുപൂട്ടേണ്ടി വന്ന സാഹചര്യത്തിലും കടക്കല്‍ ചന്ദ്രനെ ഓണ്‍ലൈനില്‍ എത്തിക്കുന്നില്ലയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.
ഹലാൽ ലവ് സ്റ്റോറി
സുഡാനി ഫ്രെം നൈജീരിയയുടെ സംവിധായകൻ സക്കരിയ മുഹമ്മദിന്‍റെ പുതിയ ചിത്രം 2020ന്‍റെ ഹിറ്റ് ചലച്ചിത്രമാകുമെന്ന് സിനിമാസ്വാദകർ പ്രതീക്ഷിച്ചിരുന്നതാണ്. ഇന്ദ്രജിത്തും പാർവതി തിരുവോത്തും സൗബിൻ ഷാഹിറും ഗ്രേസ് ആന്‍റണിയും ജോജു ജോർജ്ജും ഷറഫുദീനും തുടങ്ങി വമ്പൻ താരനിരയാണ് ഹലാൽ ലവ് സ്റ്റോറിയിൽ അണിനിരക്കുന്നത്. വിഷുവിന് ചിത്രം പ്രദർശിപ്പിക്കുമെന്ന് നിശ്ചയിച്ചിരുന്നുവെങ്കിലും കൊവിഡിൽ ഹലാൽ ലവ് സ്റ്റോറിയും നഷ്‌ടമായി.
കെജിഎഫ് ചാപ്‌റ്റർ 2
ബ്ലോക്ക്ബസ്റ്റർ ചിത്രം കെജിഎഫിന്‍റെ രണ്ടാം ഭാഗത്തിനായി കുറച്ചൊന്നുമല്ല കേരളത്തിലടക്കമുള്ള ആരാധകർ കാത്തിരിക്കുന്നത്. റോക്ക്സ്റ്റാര്‍ യഷും ബോളിവുഡിന്‍റെ സഞ്ജയ് ദത്തും യഥാക്രമം നായകനും പ്രതിനായകനുമായെത്തുന്ന കെജിഎഫ് ചാപ്‌റ്റർ 2 ഈ വർഷം ഏപ്രിലിൽ തിയേറ്ററുകളിലെത്തിക്കുമെന്ന് അറിയിച്ചിരുന്നു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കെജിഎഫിന്‍റെ രണ്ടാം പതിപ്പിന്‍റെ പുതുക്കിയ റിലീസ് തിയതി ഒക്‌ടോബർ 23 ആണ്.
കേശു ഈ വീടിന്‍റെ നാഥൻ
പുതിയ പുതിയ ഗെറ്റപ്പുകൾ പരീക്ഷിച്ച് ആരാധകരെ എപ്പോഴും ഞെട്ടിക്കാറുണ്ട് നടൻ ദിലീപ്. കഷണ്ടിയും കുടവയറുമായി താരമെത്തിയപ്പോൾ, കേശു ഈ വീടിന്‍റെ നാഥൻ ചിത്രത്തിലെ ഫസ്റ്റ് ലുക്കും സെക്കന്‍റ് പോസ്റ്ററുമൊക്കെ അത്രയേറെ ജനശ്രദ്ധ നേടുകയും ചെയ്‌തു. ഒരു മധ്യവയസ്‌കന്‍റെ ലുക്കിൽ ദിലീപ് കേന്ദ്രവേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, മലയാളത്തിന്‍റെ സ്വന്തം ഉർവശിയാണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്‍റെ നാഥൻ കഴിഞ്ഞ മാര്‍ച്ച് 27ന് പ്രദർശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും മഹാമാരിയെ ചെറുക്കുന്ന പ്രയത്‌നത്തിൽ ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും റിലീസ് മാറ്റിക്കൊണ്ട് ഒപ്പം നിന്നു.
ആഹാ
2020ലേക്ക് റിലീസ് കരുതിവെച്ചിരുന്ന ഇന്ദ്രജിത്ത്- മനോജ് കെ. ജയൻ ചിത്രം ആഹാക്കും നിരാശപ്പെടേണ്ടി വന്നു. കേരളത്തിന്‍റെ ജനകീയ കായികവിനോദം വടംവലിയെ ആസ്‌പദമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന സിനിമയിൽ ശക്തമായ കഥാപാത്രവുമായാണ് ഇന്ദ്രജിത്ത് സുകുമാരൻ എത്തുന്ന്. വലിയ സ്വീകാര്യതയായിരുന്നു ആഹായുടെ ടീസറനും പോസ്റ്ററിനും പ്രേക്ഷകർ സമ്മാനിച്ചതും.
അനുഗ്രഹീതൻ ആന്‍റണി
സണ്ണി വെയ്‌നിനെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം അനുഗ്രഹീതൻ ആന്‍റണിയിലെ "കാമിനി.." ഗാനം നവമാധ്യമങ്ങളിൽ വൈറലായതിനാൽ തന്നെ ചിത്രവും ക്ലിക്കാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. 96ഫെയിം ഗൗരി കിഷൻ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം ഈസ്റ്ററിനോട് പ്രമാണിച്ച് റിലീസിനെത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
കിംഗ് ഫിഷ്
അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ്. അയ്യപ്പനും കോശിയിലും ഗംഭീരപ്രകടനം കാഴ്‌ചവെച്ച സംവിധായകൻ രഞ്ജിത്ത് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നതിന് കാരണമായി. മെയ് മാസത്തേക്കായിരുന്നു കിംഗ് ഫിഷിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
കുഞ്ഞെൽദോ
യുവനടൻ ആസിഫ് അലിയുടെ വേറിട്ട ഗെറ്റപ്പ് സിനിമയിലേക്ക് ആരാധകരെ നന്നായി ആകർഷിച്ചിരുന്നു. അവതാരകനായി സുപരിചിതനായ ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോയുടെ ക്രീയേറ്റീവ് ഡയറക്ടര്‍ വിനീത് ശ്രീനിവാസനാണ്. ഈ വർഷം ഏപ്രില്‍ റിലീസ് ആയി എത്തേണ്ടിയിരുന്നതാണ് കുഞ്ഞെൽദോ.
സുമേഷ് ആന്‍റ് രമേഷ്
യൂത്തന്മാരില്‍ പ്രമുഖരായ ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും സുമേഷും രമേഷുമെന്ന സഹോദരന്മാരായെത്തുന്ന ചിത്രമാണ് സുമേഷ് ആന്‍റ് രമേഷ്. പൊരിച്ച മീനിനായി തല്ലുകൂടുന്ന സഹോദരന്മാരെ ടീസറിലൂടെ അവതരിപ്പിച്ച് ചിത്രം മികച്ച ശ്രദ്ധ നേടുകയും ചെയ്‌തു. ഈ വർഷം ആദ്യം റിലീസ് തിയതി പ്രഖ്യാപിച്ച സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രവും പുറത്തിറങ്ങിയില്ല.
വെള്ളം
സെപ്‌തംബറിൽ പ്രദർശനത്തിന് എത്തിക്കുവാനായിരുന്നു വെള്ളം സിനിമയുടെ അണിയറപ്രവർത്തകരും തീരുമാനിച്ചിരുന്നത്. ജയസൂര്യ നായകനായും തീവണ്ടി ഫെയിം സംയുക്ത മേനോൻ നായികയായുമെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും പ്രജേഷ് സെന്നാണ് നിർവഹിക്കുന്നത്.
മോഹന്‍ കുമാര്‍ ഫാന്‍സ്
ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചാക്കോച്ചൻ ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ഏപ്രിലില്‍ തിയേറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മോഹന്‍ കുമാര്‍ ഫാന്‍സിനും റിലീസിൽ നിന്ന് പിന്മാറേണ്ടി വന്നു.
വാങ്ക്
സംവിധായകന്‍ വി.കെ പ്രകാശിന്‍റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്നതിനാൽ വാങ്കിനെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്നു. ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി നിർമിക്കുന്ന വാങ്കിൽ അനശ്വര രാജനൊപ്പം നന്ദന വർമ, ഗോപികാ രമേശ്, മീനാക്ഷി, വിനീത്, ജോയ് മാത്യു, ഷബ്‌ന മുഹമ്മദ്, തെസ്‌നി ഖാന്‍, മേജര്‍ രവി, പ്രകാശ് ബാരെ എന്നിവരും കേന്ദ്രവേഷങ്ങളെ അവതരിപ്പിക്കുന്നു. മാർച്ച് രണ്ടാം വാരം ചിത്രം റിലീസിനെത്തേണ്ടിയിരുന്നു. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ വാങ്ക് തിയേറ്ററിലെത്തിയില്ല.
റാം
ദൃശ്യം എന്ന ബോക്‌സ് ഓഫീസ് ഹിറ്റ് സമ്മാനിച്ച കൂട്ടുകെട്ട് റാം എന്ന പുതിയ ചിത്രത്തിനായി ഒരിക്കൽ കൂടി ഒരുമിക്കുന്നുവെന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിൽ മോഹൻലാൽ നായകനാവുമ്പോൾ തൃഷയാണ് നായികാവേഷത്തിലെത്തുന്നത്. ഇത്തവണ ഓണത്തിന് തിയേറ്ററുകളിൽ ആഘോഷമാകുമെന്ന് പ്രതീക്ഷിച്ച ചിത്രമാകട്ടെ തിയേറ്ററുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ റിലീസ് മുടങ്ങുകയും ചെയ്‌തു.
പടവെട്ട്
ഈ വർഷമവസാനം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന നിവിൻ പോളി ചിത്രം പടവെട്ടിന്‍റെ ചിത്രീകരണം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുടങ്ങിയിരുന്നു. ഗംഭീര മേക്കോവറിൽ നിവിൻ പോളിയെത്തുമ്പോൾ അരുവി ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി ബാലനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ടിന്‍റെ മറ്റൊരു പ്രത്യേകത നടൻ സണ്ണി വെയ്‌ൻ നിർമാതാവാകുന്ന ആദ്യ ചിത്രമെന്നത് കൂടിയാണ്.
ബാക്ക് പാക്കേഴ്‌സ്
യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക് പാക്കേഴ്‌സിൽ മുഖ്യവേഷത്തിലെത്തുന്നത് കാളിദാസ് ജയറാമാണ്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കഴിഞ്ഞ വർഷം തന്നെ പൂർത്തിയായിരുന്നു. ഈ വർഷം ഡിസംബറിൽ പുറത്തിറങ്ങാനാണ് അണിയറപ്രവർത്തകർ നിശ്ചയിച്ചിരുന്നതെങ്കിലും തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാത്തതിനാൽ ബാക്ക് പാക്കേഴ്‌സിന്‍റെ റിലീസ് തിയതിയും സംശയത്തിലാണ്.
ചതുർമുഖം
2020 കാത്തിരിക്കുന്ന മലയാള ചിത്രമാണ് ചതുർമുഖം. മഞ്ജുവാര്യരും സണ്ണി വെയ്‌നും കേന്ദ്ര വേഷങ്ങളിലെത്തുന്ന ചതുർമുഖത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ വരെ വൈറലായിരുന്നു. രഞ്ജിത് കമല ശങ്കറും സലീൽ വി.യുമാണ് ചിത്രത്തിന്‍റെ സംവിധായകർ. തിയേറ്ററുകൾ വീണ്ടും തുറന്നുപ്രവർത്തിക്കുന്നതിൽ തീരുമാനമാകാത്തതിനാൽ ചതുർമുഖവും പ്രേക്ഷകന് മുന്നിലെത്താൻ വൈകും.
ജയറാം കുചേലനായെത്തുന്ന നമോയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും 2020ൽ തന്നെ സംസ്‌കൃത ചിത്രം തിയേറ്ററിലെത്തുമെന്നായിരുന്നു സൂചനകൾ. ശരീര ഭാരം 20 കിലോ കുറച്ച്, തല മുണ്ഡനം ചെയ്‌ത വ്യത്യസ്‌ത ഗെറ്റപ്പാണ് നമോയിലെ ജയറാമിന്‍റേത്. വിജീഷ് മണിയാണ് സംസ്‌കൃത ചിത്രത്തിന്‍റെ സംവിധായകൻ.
തീരുന്നില്ല, സുകുമാരക്കുറുപ്പിന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ദുൽഖർ ചിത്രം കുറുപ്പ്, മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ്, ബെന്യാമിന്‍റെ നോവലിനെ ആസ്‌പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതം, മലയാള സിനിമയിൽ തന്നെ ആദ്യമായി ഒരച്ഛനും മകനും (ലാലും ജീൻ പോൾ ലാലും) ഒരുമിച്ച് സംവിധാനം ചെയ്യുന്ന സുനാമി, ഷെയിനുമായി ബന്ധപ്പെട്ട് വിവാദത്തിലായ വെയിൽ, സൗബിന്‍ ഷാഹിറും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായി ഒന്നിക്കുന്ന സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് തുടങ്ങി എത്രയെത്ര സിനിമകൾ; റിലീസ് പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും 2020ലും 2021ന്‍റെ തുടക്കത്തിലുമായി പ്രദർശനത്തിനെത്തി മലയാളസിനിമയുടെ വളർച്ചയ്‌ക്ക് മുതൽക്കൂട്ടാകേണ്ടിയിരുന്ന ഒരുപിടി ചലച്ചിത്രങ്ങളായിരുന്നു ഇവ.
കൊവിഡ് പ്രതിസന്ധി അവസാനിക്കാത്തതിനാൽ, സിനിമാ പ്രദർശനശാലകൾ വീണ്ടും പ്രവർത്തിച്ചുതുടങ്ങുമ്പോൾ, കാഴ്‌ചക്കാരുടെ അനുഭവം ഒരുപക്ഷേ ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗങ്ങൾ പോലെ തോന്നിയേക്കാം. സിനിമാ ടിക്കറ്റിന് പകരം ഫോണിലെ ക്യുആർ കോഡും ദേഹപരിശോധനക്കായി ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്‌ടറുകളും തിയേറ്ററുകളിൽ സ്ഥാപിക്കപ്പെടും. ഓഡിറ്റോറിയത്തിനകത്തെ ഇരിപ്പിടങ്ങളിലും തിയേറ്ററിന്‍റെ ഭക്ഷണശാലകളിലും സാമൂഹിക അകലം; പുതിയ അനുഭവമായിരിക്കും സിനിമകളും പ്രദർശനശാലകളും അങ്ങനെ പ്രേക്ഷകന് സമ്മാനിക്കുന്നതെന്ന് ഇന്ത്യാ ടുഡെയുടെ എഡിറ്ററായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കാവേരി ബംസായി വിശദീകരിച്ചിട്ടുണ്ട്.
സിനിമകൾ പ്രദർശനത്തിനെത്തും, പരിവർത്തനങ്ങളോടെ
സമീഹകാലത്തൊന്നും മനുഷ്യന് പരിചിതമല്ലാത്ത പുതിയ ജീവിതരീതി. പരസ്‌പരം ഇഴുകിച്ചേർന്ന് ജീവിതത്തെ ആഘോഷമാക്കിയവന് മാസ്‌കും സാനിറ്റൈസറും രണ്ടു മീറ്റർ സാമൂഹിക അകലവും ജീവിതചര്യയുടെ ഭാഗമാകുകയാണ്. ഒറ്റക്കെട്ടോടെ പൊരുതുകയാണ് അതിജീവനത്തിന്‍റെ കാലത്ത് ലോകമൊട്ടാകെയുള്ള മനുഷ്യൻ. കാണികളെ സന്തോഷിപ്പിക്കുകയും വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ എന്ന അനുഭവവും അതിജീവനത്തിനുള്ള പുതിയ ഉപായങ്ങൾ തേടി. വിജയ് ബാബുവിന്‍റെ നിർമാണത്തിൽ ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്‌ത സൂഫിയും സുജാതയും ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്‌ത് പുതിയ ചരിത്രത്തിന്‍റെ അഗ്രഗാമിയായി. തിയേറ്ററിലെത്തുന്നതിന് മുമ്പ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്‌തുകൊണ്ട് നടനും നിർമാതാവുമായ വിജയ് ബാബു വിപ്ലവം സൃഷ്‌ടിക്കുകയായിരുന്നു. നിർമാതാവിന്‍റെ തീരുമാനത്തിനെതിരെ തിയേറ്റർ ഉടമകളും രംഗത്ത് വന്നതോടെ സംഭവം വിവാദമായെങ്കിലും കൊവിഡ് കാലത്തിനനുസരിച്ച് പരിവർത്തനത്തിന് വിധേയമാകാൻ ഇനിയും ചലച്ചിത്രകാരന്മാരെ പ്രചോദിപ്പിക്കുന്നതായിരുന്നു സൂഫിയും സുജാതയും അതിന്‍റെ നിർമാതാവിന്‍റെ തീരുമാനവും.
നവാഗതരുടെ സിനിമയായ നാലാം നദി ആമസോണ്‍ പ്രൈം വഴി പുറത്തിറങ്ങി. തിയേറ്ററിൽ ആസ്വദിച്ച കപ്പേള ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നിർത്തിവെച്ചിരുന്ന പ്രദർശനം പൂർത്തിയാക്കി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയാകട്ടെ വെർച്വൽ റിയാലിറ്റി ഉപകരണങ്ങളിലൂടെ പ്രദർശിപ്പിക്കാനുള്ള ആലോചനകളും നടത്തുന്നു. കൊവിഡ്, ജീവിതരീതിയെ മാറ്റുകയാണ്, ചലിക്കുന്ന ദൃശ്യങ്ങളെ അനുഭവമാക്കുന്ന സിനിമയും അതിനൊപ്പം മാറുന്നു.