എറണാകുളം: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു സെപ്റ്റംബർ 19നാണ് ബി.പി മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും കാലാതീതമായ പ്രണയകഥ 'എന്ന് നിന്‍റെ മൊയ്‌തീൻ' എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്. പൃഥ്വിരാജും പാർവതിയുമായിരുന്നു മൊയ്തീനും കാഞ്ചനമാലക്കും ജീവന്‍ പകര്‍ന്നത്.
മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും യഥാർഥ ജീവിതകഥയെ ഒരു ജീവചരിത്ര സിനിമയിൽ നിന്ന് മാറി ഒരു പ്രണയ കാവ്യം പോലെ പ്രേക്ഷക മനസുകളിൽ നിറയ്ക്കുകയായിരുന്നു സംവിധായകന്‍ ആര്‍.എസ് വിമല്‍. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ, ഫിലിം ഫെയർ സൗത്ത് അവാർഡുകൾ എന്നിങ്ങനെ മൊയ്തീന് കേരളത്തിന് പുറത്ത് നിന്നടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ ലഭിച്ചു.
മൊയ്തീനേയും കാഞ്ചനമാലയേയും പോലെ അവരുടെ പ്രണയം പറയാന്‍ പിന്നണിയില്‍ വന്ന ഗാനങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എം.ജയചന്ദ്രൻ, രമേശ് നാരായണൻ, ഗോപി സുന്ദർ എന്നിവരായിരുന്നു എന്ന് നിന്‍റെ മൊയ്തീനിലെ മനോഹര ഗാനങ്ങള്‍ക്ക് പിന്നില്‍. ജയചന്ദ്രൻ ഒരുക്കി ശ്രേയ ഘോഷാൽ പാടിയ 'കാത്തിരുന്നു..കാത്തിരിന്നു' എന്ന ഗാനം അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള ആദ്യ ദേശീയ അവാർഡ് നേടി കൊടുത്തു. എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നായി എന്ന് നിന്‍റെ മൊയ്തീന്‍ എക്കാലവും മലയാളി ഓര്‍മിക്കും.