ഹോളിവുഡിലെ രണ്ട് താരങ്ങള്‍ കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഫ്രോസൻ 2 താരം റേച്ചൽ മാത്യൂസിനും ഗെയിം ഓഫ് ത്രോൺസ് താരം ക്രിസ്റ്റൊഫർ ഹിവ്ജുവിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി താൻ കോറന്‍റൈനിലായിരുന്നെന്ന് റേച്ചൽ മാത്യൂസ് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. ഡിസ്നിയുടെ ആനിമേറ്റഡ് ചിത്രമായ ഫ്രോസൺ 2വിൽ ഹണി മാരന് ശബ്ദം നൽകിയത് ഇരുപത്തിയാറുകാരിയായ റേച്ചൽ മാത്യൂസ് ആയിരുന്നു.
ഹോളിവുഡ് താരങ്ങളായ ടോം ഹാങ്ക്സ്, ഭാര്യ റീത്ത വിൽസൺ, ബ്രിട്ടീഷ് നടൻ ഇഡ്രിസ് എൽബ, ജെയിംസ് ബോണ്ട് നടി ഓൾഗ കുരിലെങ്കോ എന്നിവർക്കും അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ടോം ഹാങ്ക്സും ഭാര്യ റീത്തയും രോഗവിമുക്തരായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
നിരവധിപേരുടെ ജീവനെടുത്ത കൊവിഡ് 19 നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. വൈറസ് ബാധ മൂലം 145 രാജ്യങ്ങളിലായി ഏഴായിരത്തോളം മരണങ്ങളാണ് സംഭവിച്ചത്.