എറണാകുളം: കൊച്ചിയിൽ ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ മങ്കട, കടന്നമണ്ണ സ്വദേശികളാണ് ഇവർ. 24, 25 വയസുള്ള പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് കൊച്ചിയിൽ നിന്ന് മലപ്പുറത്തേക്ക് തിരിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്‌തേക്കും.
ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിൽ എത്തിയതെന്നും തിരിച്ചു പോകാനുള്ള ട്രെയിൻ വരാൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലുമാളിൽ കയറിയതെന്നും യുവാക്കൾ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടുവെന്നും അടുത്തുപോയി സംസാരിച്ചതായും ഇവർ വ്യക്തമാക്കി. എന്നാൽ, നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. ഒരു ദുരുദ്ദേശത്തോടെയുമല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ പറഞ്ഞു.
അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും ഇരുവരും വിശദമാക്കി. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞത്. തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കണ്ടു. അഭിഭാഷകന്‍റെ നിര്‍ദേശ പ്രകാരമാണ് ഇവർ ഒളിവിൽ പോയത്.
വ്യാഴാഴ്ച വൈകിട്ടാണ് കൊച്ചിയിലെ ഷോപ്പിങ് മാളിൽ നടിയെ രണ്ട് പേർ അപമാനിച്ചത്. തനിക്ക് നേരിട്ട ദുരനുഭവം യുവനടി ഇൻസ്റ്റാഗ്രാമിലൂടെ അറിയച്ചതിനിടെ തുടർന്നാണ് സംഭവം വിവാദമായത്. എന്നാൽ, പരാതി നൽകാനില്ലെന്ന് യുവനടിയുടെ കുടുംബം അറിയിച്ചു. പിന്നീട്, ഐജി വിജയ് സാഖറെയുടെ നിര്‍ദേശ പ്രകാരം കളമശ്ശേരി സിഐ സ്വമേധയ അന്വേഷണം ആരംഭിക്കുകയായിരുന്നു.
പേരുവിവരങ്ങൾ നൽകാതെയാണ് ഇരുവരും ഷോപ്പിങ് മാളിൽ പ്രവേശിച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെട്രോ സ്റ്റേഷനിലും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പ്രതികൾ എത്തിയ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതേ തുടർന്നാണ് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.