തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് പകുതിയോടെ അടച്ചിട്ട കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ ഈ മാസം അഞ്ചിന് തുറക്കും. കർശന നിയന്ത്രണങ്ങളോടെയാണ് പ്രവർത്തനാനുമതി. ആകെ സീറ്റുകളുടെ എണ്ണത്തിന്‍റെ പകുതി സീറ്റുകളില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. തിയേറ്ററുകള്‍ തുറക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണം. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. അവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതുവർഷത്തിൽ നിരവധി മേഖലകൾക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് കലാപരിപാടികൾ നടത്താനും സർക്കാർ അനുമതി നൽകി. ജനുവരി അഞ്ച് മുതൽ ഇളവ് നിലവിൽ വരും. ഹാളുകൾക്ക് അകത്തും മറ്റും നടത്തുന്ന പരിപാടികൾക്ക് പരമാവധി 100 പേരെയും പുറത്ത് വെച്ച് നടത്തുന്ന പരിപാടികൾക്ക് പരമാവധി 200 പേരെയും മാത്രമെ അനുവദിക്കൂ. ഉത്സവങ്ങളുടെ ഭാഗമല്ലാത്ത കല സാംസ്കാരിക പരിപാടികളും നടത്താം. കായിക പരിശീലനവും നീന്തൽ പരിശീലനവും നടത്താം. പ്രദർശന ഹാളുകൾ നിശ്ചിത എണ്ണം ആളുകളെ മാത്രം പ്രവേശിപ്പിച്ച് തുറക്കാം. പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ഹോസ്റ്റലുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കും.