തൃശൂര്‍ : 2020ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്‌ത എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനുമാണ് വിശിഷ്ടാംഗത്വം. 50,000 രൂപയും രണ്ട് പവന്‍റെ സ്വർണപതക്കവും പ്രശസ്‌തി പത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് കെ.കെ കൊച്ച്, മാമ്പുഴ കുമാരൻ, സിദ്ധാർഥൻ പരുത്തിക്കാട്, കെ.ആർ മല്ലിക, എം.എ റഹ്മാൻ, ചവറ കെ.എസ് പിള്ള എന്നിവർ പുരസ്‌കാരാര്‍ഹരായി.
മലയാള സാഹിത്യത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയ 60 വയസ്സ് പിന്നിട്ടുള്ളവർക്കുള്ളതാണ് ഈ പുരസ്‌കാരം. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയുമാണ് സമര്‍പ്പിക്കുക.
കവിതയില്‍ ഒ.പി സുരേഷ് ( താജ്‌മഹൽ ) നോവലില്‍ പി.എഫ് മാത്യൂസ് (അടിയാളപ്രേതം) ചെറുകഥയില്‍ ഉണ്ണി ആര്‍ (വാങ്ക്) എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി.
ഹാസ സാഹിത്യ വിഭാഗത്തിൽ ഇന്നസെന്‍റിന്‍റെ ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും തെരഞ്ഞെടുക്കപ്പെട്ടു. യാത്രാവിവരണ വിഭാഗത്തിൽ ചലച്ചിത്ര സംവിധായിക കൂടിയായ വിധു വിൻസെന്‍റിന്‍റെ 'ദൈവം ഒളിവിൽ പോയ ദിനങ്ങൾ' പുരസ്‌കാരം നേടി.
More Read: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു
നാടക വിഭാഗത്തിൽ ശ്രീജിത്ത് പൊയിൽക്കാവ് പുരസ്‌കാരാർഹനായി. ദ്വയം എന്ന രചനക്കാണ് അംഗീകാരം. അനിത തമ്പി, സംഗീത ശ്രീനിവാസൻ എന്നിവർ വിവർത്തനത്തിന് അവാര്‍ഡ് പങ്കിട്ടു.
സാഹിത്യവിമർശനം- ഡോ പി സോമൻ, വൈജ്ഞാനിക സാഹിത്യം- ഡോ. ടി.കെ ആനന്ദി, ജീവചരിത്രം- കെ. രഘുനാഥൻ, ബാലസാഹിത്യം- പ്രിയ എ.എസ് എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങൾ. എട്ട് പേർ അക്കാദമിയുടെ എൻഡോവ്‌മെന്‍റ് പുരസ്‌കാരത്തിനും അർഹരായി.
കൊവിഡിനെ തുടർന്ന് 2019ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ഫെബ്രുവരിയിലായിരുന്നു പ്രഖ്യാപിച്ചത്.