കണ്ണൂർ: സിനിമയിൽ രാഷ്ട്രീയം കലർത്തരുതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിംകുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകുമെന്നും കമൽ പറഞ്ഞു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയത്. ചലച്ചിത്ര അക്കാദമിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു കമലിന്‍റെ വിശദീകരണം.
സംവിധായകൻ ടി. ദീപേഷ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപേഷിന്‍റെ സിനിമ തെരഞ്ഞെടുക്കപ്പെട്ടില്ല. അതാണ് ആരോപണത്തിന്‍റെ കാരണം. സ്വന്തം സിനിമകൾ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. സിബി മലയിലിനെ തിരഞ്ഞെടുത്തത് സർക്കാരാണ്. അദ്ദേഹം സർക്കാരിന് എതിരെ സംസാരിച്ചാൽ അക്കാദമിക്ക് ഇടപെടാനാകില്ലെന്നും സംവിധായകൻ സലിം അഹമ്മദിനെ തലശേരിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും കമൽ വ്യക്തമാക്കി.