"ഇവിടെയുണ്ടായിരുന്നു ജോണ്‍, എപ്പോഴോ ഒരു ബഹൂമിയന്‍ ഗാനം, പകുതിയില്‍ പതറി നിര്‍ത്തി അവനിറങ്ങിപ്പോയി," ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ എവിടെ ജോൺ എന്ന കവിതയിലെ വരികൾ. സിനിമക്ക് മറക്കാനാവാത്ത പ്രതിഭാസമായിരുന്നു ജോൺ എബ്രഹാം. നാല് സിനിമകള്‍ മാത്രമാണ് ജോൺ സിനിമാ ലോകത്തിന് സമ്മാനിച്ചത്. എന്നാൽ, ജനകീയ സംവിധായകനായി പ്രേക്ഷക ഹൃദയത്തിലേക്ക് കുടിയേറാൻ അദ്ദേഹത്തിന് ഇത് ധാരാളമായിരുന്നു. സിനിമയോടുള്ള അതിയായ അർപണബോധവും താൽപര്യവും ജോണിന്‍റെ സിനിമകളിലും പ്രതിഫലിച്ചപ്പോൾ ഇന്ത്യയെമ്പാടും അറിയപ്പെടുന്ന കലാകാരനായി മാറി ജോൺ എബ്രഹാം. സംവിധായകനായും തിരക്കഥാകൃത്തായും എഴുത്തുകാരനായും ശോഭിച്ച ജോൺ എബ്രഹാം 1937 ഓഗസ്റ്റ് 11ന് വി.റ്റി ഏബ്രഹാമിന്‍റെയും സാറാമ്മയുടെയും മകനായി കുന്നംകുളത്ത് ജനിച്ചു. കുട്ടനാട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രൈമറി വിദ്യാഭ്യാസം. പിന്നീട്, കോട്ടയം സിഎംഎസ് സ്‌കൂളിലും ബോസ്റ്റൺ സ്‌കൂളിലും എംഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂൾ പഠനവും പൂർത്തിയാക്കി. തിരുവല്ല മാർത്തോമ കോളജിൽ നിന്ന് ബിരുദം നേടി. 1962ല്‍ കോയമ്പത്തൂരിലെ എല്‍ഐസി ഓഫീസില്‍ ഉദ്യോഗസ്ഥനായി ജോൺ മൂന്ന് വര്‍ഷം ജോലി ചെയ്‌തിട്ടുണ്ട്. പിന്നീട്, തന്‍റെ ഇഷ്‌ടമേഖലയായ സിനിമയിലേക്കുള്ള ആദ്യ ചുവടായി ജോലി രാജിവെച്ച് 1965ല്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേര്‍ന്നു. സ്വർണമെഡലോടു കൂടി സംവിധാനത്തിൽ ഡിപ്ലോമ പൂർത്തിയാക്കി. ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്‍റെ കീഴിലും സിനിമാ പഠനത്തിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
1972ൽ നിർമിച്ച വിദ്യാർഥികളേ ഇതിലേ ഇതിലേ ആയിരുന്നു ജോൺ എബ്രഹാമിന്‍റെ ആദ്യ സിനിമ. 1977ൽ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് ചലച്ചിത്രവും 1979ൽ ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങളും അദ്ദേഹത്തിന്‍റെ സംവിധാനത്തിലൂടെ പുറത്തിറങ്ങി. അഗ്രഹാരത്തിൽ കഴുതൈയിലൂടെ സംവിധായകനുള്ള സംസ്ഥാന അവാർഡും പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും ജോൺ എബ്രഹാം സ്വന്തമാക്കി.
1986ലെ അമ്മ അറിയാൻ എന്ന മലയാളചിത്രമാണ് ജോണിന്‍റെ അവസാനത്തെ ചിത്രം. ഇതിലൂടെ ജനകീയ സിനിമ എന്ന ആശയം കൊണ്ടുവരുന്നതിൽ അദ്ദേഹം പൂർണമായും വിജയിച്ചിരുന്നു. കോഴിക്കോട് കേന്ദ്രമാക്കി ജോൺ എബ്രഹാം നേതൃത്വം നൽകിയ ഒസേഡേ എന്ന സമാന്തര സിനിമാ കൂട്ടായ്മയിലൂടെയാണ് ജനങ്ങളിൽ നിന്നും പണം സമാഹരിച്ച് അമ്മ അറിയാൻ ചിത്രം നിർമിച്ചത്. ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്ത് നിർമിച്ച ചിത്രം പിന്നീട് കേരളത്തിന്‍റെ പല ഭാഗങ്ങളിലും സൗജന്യമായി പ്രദർശിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ എക്കാലത്തെയും മികച്ച 10 ഇന്ത്യൻ സിനിമകളിൽ ഇടം പിടിച്ച ഏക ദക്ഷിണേന്ത്യൻ സിനിമ കൂടിയാണ് അമ്മ അറിയാൻ. സ്വന്തമായ കാഴ്ചപ്പാടുകളും വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹിക പ്രതിബന്ധതയും വിമർശനങ്ങളും ഫ്രെയിമുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ജോൺ പ്രാഗൽഭ്യം തെളിയിച്ചു. പരീക്ഷണാത്മകതയിലൂടെയും വ്യത്യസ്‌തമായ ചിത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. സ്വന്തം നിലപാടുകളെ സമൂഹത്തോട് വിളിച്ചു പറയുന്നതിൽ സിനിമയെ മാധ്യമമാക്കിയ ജോണിനെ ഒറ്റയാൻ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
കോട്ടയത്ത് എത്ര മത്തായിമാർ, നേർച്ചക്കോഴികൾ തുടങ്ങിയ സാഹിത്യരചനകളും മലയാളികൾ പേരെടുത്തു വിളിക്കുന്ന ജോണിന്‍റെ തൂലികയിൽ പിറന്നവയാണ്. നാലു സിനിമകളും മൂന്ന് ഡോക്യുമെന്‍ററികളും സംഭാവന ചെയ്‌ത സംവിധായകൻ 1987 മെയ് 31ന് കോഴിക്കോട് മിഠായി തെരുവിലെ ഒരു ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണാണ് മരിച്ചത്. ഇന്ന് ജോണിന്‍റെ വേർപാടിൽ 33 വർഷങ്ങൾ പിന്നിടുമ്പോൾ, പറഞ്ഞു തീർക്കാതെ ബാക്കി വച്ച കുറേ ചിത്രങ്ങളും അവശേഷിക്കുകയാണ്.