ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും ഓൺലൈൻ മാധ്യമങ്ങളിലെയും നിയന്ത്രണങ്ങളെ കുറിച്ച് ചർച്ച ചെയ്‌ത് ഐഎഫ്എഫ്കെ സംവാദ വേദി. 'ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സർക്കാർ ഇടപെടലിന്‍റെ രാഷ്ട്രീയം' എന്ന വിഷയത്തിലാണ് ഇന്ന് കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള ചർച്ച ചെയ്‌തത്. ഒപ്പം, താണ്ഡവ് വെബ് സീരീസിനെതിരെ എഫ്ഐആർ ഉൾപ്പെടെയുള്ള സർക്കാർ നടപടികൾക്കെതിരെയും പ്രതികരണമുയർന്നു. ദേശീയ അവാർഡ് ജേതാവും നിരൂപകയുമായ അമൃത ജോഷി,സിനിമാ നിരൂപകരായ റിത ദത്ത, ലളിത് റാവു, മാധ്യമപ്രവർത്തക സുപർണ ശർമ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സൺ ബീന പോൾ എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്.
സർക്കാരല്ല സിനിമകളുടെയും കലാപരമായ സൃഷ്‌ടികളുടെയും സെൻസർഷിപ്പ് ചെയ്യേണ്ടത്. ഹിന്ദി വെബ് സീരീസ് താണ്ഡവിനെതിരെയുള്ള സർക്കാർ നടപടി അനാവശ്യമായിരുന്നെന്നും അമൃത ജോഷി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.
എല്ലാ കാലത്തും സർക്കാരുകൾ നിയന്ത്രണം കൊണ്ടുവന്നിരുന്നുവെന്നും ഇപ്പോഴത്തെ സർക്കാർ പത്രങ്ങളും ഒടിടിയുമുൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഇടപെടൽ നടത്തുന്നുവെന്നും സുപർണ ശർമ അഭിപ്രായപ്പെട്ടു. താരനിരയിലോ അണിയറപ്രവർത്തകരിലോ മുസ്‌ലിം പേരുകൾ വന്നാൽ അവ സെൻസർഷിപ്പിന് വിധേയമാകുന്ന പ്രവണത വർധിക്കുന്നതായി അവർ വ്യക്തമാക്കി. സർക്കാരിനെതിരെയോ ഹിന്ദു മതത്തേയോ അവഹേളിക്കുന്ന തരത്തിൽ സിനിമയോ സീരീസുകളോ നിർമിക്കുകയാണെങ്കിൽ അവക്കെതിരെ മുൻകൂട്ടി തീരുമാനിച്ചിരിക്കുന്ന അജണ്ഡകളാണ് സെൻസർഷിപ്പ് എന്ന് സുപർണ ശർമ കൂട്ടിച്ചേർത്തു.
കോളനിഭരണകാലം മുതൽ സിനിമയുടെയും മാധ്യമങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിലക്കേർപ്പെടുത്തിയിരുന്നു. വോട്ടേഴ്‌സിനെ വിശ്വാസമുള്ള സർക്കാർ എന്തുകൊണ്ടാണ് സിനിമ കാണുന്ന പ്രേക്ഷകരെ സംശയിക്കുന്നതെന്നും താൻ എന്ത് കാണണമെന്ന് തീരുമാനിക്കേണ്ടതും തെരഞ്ഞെടുക്കേണ്ടതും പ്രേക്ഷകരാണെന്നും ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സർക്കാർ ഇടപെടലിനെ സംബന്ധിച്ച വിഷയത്തിൽ പ്രതികരണമുയർന്നു.